2000 രൂപയുടെ സാരി ഓർഡർ ചെയ്താൽ പകരം നിസാര വിലയുടെ ടീ-ഷർട്ട്; മീഷോയെ പറ്റിച്ച് കോടികളുണ്ടാക്കിയ സംഘം പിടിയിൽ

By Web Team  |  First Published Dec 4, 2024, 11:14 AM IST

ഉപഭോക്താക്കളെ പറ്റിച്ച് പണം തട്ടുന്ന പഴയ രീതിക്ക് പകരം കമ്പനിയെത്തന്നെ കബളിപ്പിക്കുന്നതായിരുന്നു ഈ സംഘത്തിന്റെ രീതി.


ബംഗളുരു: മീഷോയിൽ വ്യാപാരിയായി രജിസ്റ്റർ ചെയ്ത ശേഷം വൻതുകയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഏകദേശം 5.5 കോടി രൂപ തട്ടിയെടുത്ത സംഭവം മീഷോ അധികൃതർ തന്നെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ പേയ്മെന്റ് പരിശോധനാ സംവിധാനങ്ങളിലെ പഴുതുകൾ ഉപയോഗപ്പെടുത്തി വ്യാജ പരാതികൾ സമർപ്പിച്ചാണ് പണം തട്ടിയത്. അതേസമയം തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാർ ഉൾപ്പെടെ ഏതാനും പേ‍ർ ഇനിയും പിടിയിലാവാനുണ്ട്.

Read more!

25 ലക്ഷത്തോളം രൂപ പിടിയിലായവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. 250 സിം കാർഡുകളും 50 ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. ഉത്തം കുമാർ (31), പാർത്ഥ്ഭായി മൻഗുകിയ (21), മൗലിക് ഗോറി (20) എന്നിവരാണ് പിടിയിലായത്. ഈ വ‍ർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള ഏഴ് മാസം കൊണ്ടാണ് അഞ്ചര കോടി രൂപ മീശോയിൽ നിന്ന് തട്ടിയെടുത്തത്. ജൂലൈ 26ന് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട് മീഷോ അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.

Latest Videos

ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് പകരം മീശോയെ തന്നെ കബളിപ്പിച്ച് പണം തട്ടുന്നതായിരുന്നു രീതി. ഓം സായി ഫാഷൻ എന്ന പേരിൽ ഇവർ മീഷോയിൽ ഒരു വ്യാപാരിയായി രജിസ്റ്റർ ചെയ്തു. തുടർന്ന് 2000 രൂപയോളം വിലവരുന്ന സാരികൾ ഉൾപ്പെടെയുള്ള വിലകൂടിയ സാധനങ്ങൾ മീശോയിൽ വിൽപനയ്ക്ക് വെച്ചു. തുടർന്ന് ഇവർ തന്നെ വ്യാജ വിലാസങ്ങൾ കൊടുത്ത് ഓർഡറുകൾ നൽകുകയും ലഭിക്കുന്ന ഓർഡറിലേക്ക് സാധനങ്ങൾ അയക്കുകയും ചെയ്തു.

എന്നാൽ 2000 രൂപയുടെ സാരി ആവശ്യപ്പെട്ട് ഇവർ തന്നെ ചെയ്യുന്ന വ്യാജ ഓർഡറിൽ അയക്കുന്നത് നിസാര വിലയുടെ ടീഷർട്ടുകളോ മറ്റോ ആയിരിക്കും. തുടർന്ന് വിലാസം ശരിയല്ലാത്തതിനാൽ സാധനങ്ങൾ ആവശ്യക്കാരിലെത്താതെ കൊറിയർ വഴി തിരികെയെത്തും. ഈ സമയത്താണ് കള്ളത്തരം നടക്കുന്നത്. ബോക്സുകൾ തുറക്കുന്നതിന്റെ വീഡിയോ ഇവ‍ർ ചിത്രീകരിക്കും. തുടർന്ന് 2000 രൂപയുടെ സാരി ഉപഭോക്താവിന് അയച്ചെങ്കിലും തിരികെ വന്നത് വിലകുറഞ്ഞ സാധനമാണെന്നും ഉപഭോക്താവ് സാധനം മാറ്റി അയച്ച് കബളിപ്പിച്ചെന്നും കാണിച്ച് മീഷോ അധികൃതർക്ക് പരാതി നൽകും.

undefined

വിൽപനക്കാരിൽ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ പരിശോധിക്കാനും വീഡിയോ ഉൾപ്പെടെയുള്ള അതിന്റെ തെളിവുകൾ പരിശോധിക്കാനും മീഷോ ഒരു സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആ ഏജൻസി ഇവരുടെ വീഡിയോ ഉൾപ്പെടെ പരിശോധിച്ച് പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പാർട്ടികൾ നടത്തുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു ചെയ്തിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!