വിവിധ മരുന്ന് കമ്പനികളുമായി ചേർന്നാണ് കേന്ദ്ര സർക്കാർ കോക്ടെയിൽ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സർക്കാർ സ്ഥാപനങ്ങൾ, ഏതൊക്കെ മരുന്ന് കമ്പനികൾ എന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീനിൽ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കോവിഡ് വകഭേദങ്ങൾ അടിസ്ഥാനമാക്കിയുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
വിവിധ മരുന്ന് കമ്പനികളുമായി ചേർന്നാണ് കേന്ദ്ര സർക്കാർ കോക്ടെയിൽ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സർക്കാർ സ്ഥാപനങ്ങൾ, ഏതൊക്കെ മരുന്ന് കമ്പനികൾ എന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
undefined
കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾക്ക് വാക്സിനുകളെ ചെറുക്കാൻ ശേഷിയുണ്ടെന്ന് പഠനങ്ങൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഡെൽറ്റ പോലുള്ള വകേഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിലെ വാക്സീനുകൾ വികസിപ്പിച്ചത് വുഹാനിലെ രോഗബാധയുടെ അടിസ്ഥാനത്തിലാണ്.
വാക്സീൻ തയ്യാറാക്കുന്നത് പൂർത്തിയായാൽ ക്ലിനിക്കൽ പരീക്ഷണം തുടങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ മരുന്ന് കമ്പനികൾ സ്വന്തം നിലയ്ക്കും കൊവിഡിൻ്റെ വകഭേദങ്ങൾക്കുള്ള വാക്സീൻ വികസിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഡെൽറ്റ വകഭേദത്തിനെ ചെറുക്കാൻ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സീൻ്റെ പരീക്ഷണവും പുരോഗമിക്കുകയാണ്.
ഇതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് കണക്കിൽ നേരിയ കുറവുണ്ടായി. 31222 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 290 പേർ മരിച്ചു. 2.05 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. പകുതിയിലധികം കേസുകളും കേരളത്തിൽ തന്നെയാണ്.
24 മണിക്കൂറിനിടെ 1.13 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു. കഴിഞ്ഞ 11 ദിവസത്തിൽ നാലാം തവണയായാണ് പ്രതിദിന വാക്സിനേഷൻ ഒരു കോടി കടക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona