സ്ത്രീ ശാക്തീകരണവും സ്ത്രീ പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികൾക്കു മേൽ രക്ഷകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നും അടക്കമുള്ള പരാമർശങ്ങളാണ് വിവാദമായത്.
ദില്ലി: സിബിഎസ്ഇ (Cbse) പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ (Cbse Question Paper) വിവാദ പരാമർശം ഉൾപ്പെട്ട ഭാഗം പിൻവലിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട വിവാദമായ ഭാഗമാണ് പാർലമെന്റിലടക്കം എതിർപ്പ് ഉയർന്നതോടെ പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സി ബി എസ് ഇ അറിയിച്ചു.
സ്ത്രീ ശാക്തീകരണവും, സ്ത്രീ -പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികൾക്കു മേൽ രക്ഷകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമർശങ്ങളാണ് വിവാദമായത്. 'ഭാര്യമാരുടെ വിമോചനം' കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കിയെന്നതടക്കമുള്ള ചോദ്യപ്പേപ്പറിലെ ഭാഗങ്ങൾ ഉന്നയിച്ച് സോണിയ ഗാന്ധി ഇന്ന് ലോക്സഭയിൽ പ്രതിഷേധിച്ചു. ഇത്തരം പരാമർശങ്ങൾ കുട്ടികളുടെ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി എടുക്കണമെന്നും സിബിഎസ്ഇ മാപ്പു പറയണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വിഷയത്തിൽ സിബിഎസ്ഇക്ക് എതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിവാദ പരാമർശം സിബിഎസ്ഇ പിൻവലിച്ചത്.
“I wish to draw the attention of Gov to the nationwide outrage regarding the shockingly regressive passage in grade X of CBSE exam…”
“I Quote: Wives stopped obeying their husbands & that is the main reason children & servants are indisciplined: Unquote”
Smt. Sonia Gandhi in LS pic.twitter.com/5D6Kx7J2x3
അതിനിടെ, രാജ്യസഭയിൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രസർക്കാർ. മാപ്പു പറയാതെ എംപിമാർ സഭയേയും അദ്ധ്യക്ഷനേയും അവഹേളിക്കുകയാണെന്ന് പിയൂഷ് ഗോയൽ ആരോപിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നും സ്തംഭിച്ചു. എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ സസ്പെൻഷനിലായ എംപിമാർ പുറത്ത് പ്രതിഷേധം തുടരുകയാണ്.