5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി; കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ സിബിഐ കേസ്

By Web Team  |  First Published Jan 22, 2021, 12:37 PM IST

ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെര‍ഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്. ഗ്ലോബല്‍ സയന്‍സ് റിസേര്‍ച്ച് കമ്പനിക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്.


ദില്ലി: യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെര‍ഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്.

ഗ്ലോബല്‍ സയന്‍സ് റിസേര്‍ച്ച് കമ്പനിക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. ലോകത്തെ അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കമ്പനി അനധികൃതമായി ശേഖരിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Videos

undefined

ഫേസ്ബുക്കിലൂടെ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളിയിരുന്നു. നേരത്തെ, ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാര്‍ നേട്ടീസ് അയച്ചിരുന്നു. എത്ര പേരുടെ വിവരം ചോർന്നു എന്ന് മാത്രമല്ല അറിയേണ്ടതെന്നും എന്തൊക്കെ വിവരങ്ങൾ ചോർത്തി, അവ എങ്ങനെ ഉപയോഗിച്ചു എന്നു കൂടി അറിയണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.

click me!