35,000 മുതല്‍ 1.50 ലക്ഷം വരെയാണ് പെണ്‍കുട്ടികള്‍ക്കുള്ള വിലയായി ഇവര്‍ നല്‍കുന്നത്.
ഛണ്ഡീഗഡ്: ക്രമാതീതമായി വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യ മൂലം ഹരിയാനയില്‍ സ്ത്രീ പുരുഷ അനുപാതത്തില്‍ സാരമായ കുറവ്. പുരുഷന്‍മാരുടെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകള്‍ വളരെ കുറവായതിനാല്‍ വിവാഹം കഴിക്കാനായി പെണ്‍കുട്ടികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിലയ്ക്ക് വാങ്ങുകയാണ് ഹരിയാന. സാമൂഹിക പ്രവര്‍ത്തനത്തില്‍ അടുത്തിടെ നടന്ന ഗവേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസാ'ണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ഏകദേശം പന്ത്രണ്ടോളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങുന്നത്. 35,000 മുതല്‍ 1.50 ലക്ഷം വരെയാണ് പെണ്‍കുട്ടികള്‍ക്കുള്ള വിലയായി ഇവര്‍ നല്‍കുന്നത്. സമൂഹത്തിലെ സ്ഥാനം, സൗന്ദര്യം, വിദ്യാഭ്യാസം, മാരിറ്റല്‍ സ്റ്റാറ്റസ് എന്നിവ അനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം ഉണ്ടാകും. വധുവിനെ വിലകൊടുത്ത് വാങ്ങുന്നത് ബിസിനസ്സായി വളര്‍ന്നതോടെ ഇടനിലക്കാര്‍ വന്‍ തോതില്‍ പണം കൊയ്യുകയാണെന്ന് പഠനത്തില്‍ പറയുന്നു.
undefined
'പറോ' , 'ഖരിദി ഹുയി', 'മോല്‍ കി ബഹു' എന്നീ പേരുകളില്‍ അറിയപ്പെടുന്ന പെണ്‍കുട്ടികളെ ജംഗമസ്വത്തുവകകള്‍ പോലെയാണ് വില്‍ക്കപ്പെടുന്നത്. അസം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, നേപ്പാള്‍ എന്നീ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ വിവാഹത്തിനായി വിലയ്ക്ക് വാങ്ങുന്നതെന്ന് പഞ്ചാബ് സര്‍വ്വകലാശാലയില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഗവേഷണം നടത്തുന്ന ആദിത്യ പരിഹാര്‍ പറഞ്ഞു. ഇവിടെ നിന്നും ദില്ലി, പല്‍വാള്‍, കര്‍നാള്‍, കല്‍ക, അംബാല തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ പിന്നീട് ഇടനിലക്കാര്‍ മുഖേന ആവശ്യക്കാരുടെ കയ്യിലേക്ക് എത്തിക്കും.
വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതേപ്പറ്റി കൂടുതല്‍ അറിയില്ല. എന്നാല്‍ ഇടനിലക്കാര്‍ സാഹചര്യം മുതലെടുത്ത് ദരിദ്ര പെണ്‍കുട്ടികളെ കുടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരക്ഷരരോ അല്ലെങ്കില്‍ കുറച്ച് വിദ്യാഭ്യാസം മാത്രം ലക്ഷിച്ചിട്ടുള്ളതോ ആയ, കാര്‍ഷികവൃത്തി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് വേണ്ടിയാണ് പെണ്‍കുട്ടികളെ എത്തിക്കുന്നത്. പ്രതിമാസം 10,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ് ഇവരില്‍ കൂടുതലും.
ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയില്‍ എത്തുന്ന പെണ്‍കുട്ടികള്‍ സംസ്കാരം, ഭാഷ, പ്രായം, എന്നിങ്ങനെ നിരവധി വ്യത്യസ്തതകള്‍ കൊണ്ട് ദാമ്പത്യ ജീവിതത്തോട് പൊരുത്തപ്പെടാനാവാതെ പ്രയാസപ്പെടുകയാണെന്നും പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.