ചോദ്യംചെയ്യുന്നതിനിടെ ബ്ലൂടൂത്ത് ഓട്ടോ കണക്റ്റായി; പൊലീസ് വനിതാ ഡോക്ടറുടെ കൊലപാതകിയെ കണ്ടെത്തിയതിങ്ങനെ

By Web Team  |  First Published Aug 11, 2024, 2:53 PM IST

സെമിനാർ ഹാളിന് സമീപം സഞ്ജയ് റോയി പലതവണ നടക്കുന്നത് ദൃശ്യത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഇയാൾ ആശുപത്രി വിടുകയും ചെയ്തു. 


കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ മെഡിക്കൽ കോളജിൽ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തത് നിർണായക തെളിവിന്‍റെ അടിസ്ഥാനത്തിൽ. അക്രമം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്താണ് ഒറ്റ രാത്രി കൊണ്ട് അറസ്റ്റിലേക്ക് നയിച്ചത്. സഞ്ജയ് റോയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടുതൽ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. 

Latest Videos

undefined

സംഭവം ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കി. അതേസമയം സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിന്‍റെ ഒരു ഭാഗം ലഭിച്ചു. സെമിനാർ ഹാളിന് സമീപം സഞ്ജയ് റോയി പലതവണ നടക്കുന്നത് ദൃശ്യത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഇയാൾ ആശുപത്രി വിടുകയും ചെയ്തു. 

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സംശയിക്കുന്ന എല്ലാവരേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. എല്ലാവരുടെയും മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു. ലഭിച്ച ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. വേറെയും പ്രതികളുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്തയിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് മമത ബാനർജി ഉറപ്പു നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!