ബീഹാറിൽ സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. രാഷ്ട്രീയ വിവാദം
സീതാമർഹി: വിജയദശമി അഘോഷങ്ങൾക്കിടെ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. ബിഹാറിലെ സിതാമർഹിയിലാണ് സംഭവം. അതിക്രമം ചെയ്യാൻ തുനിയുന്നവർക്കെതിരെ വാൾ പ്രയോഗിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണ് സിതാമർഹിയിലെ ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വാൾ വിതരണം ചെയ്തത്. വാളിനൊപ്പം രാമായണവും എംഎൽഎ വിതരണം ചെയ്തിരുന്നു. അതിക്രമം ചെയ്യാൻ തുനിയുന്നവരെ വാളുപയോഗിച്ച് കൈകാര്യം ചെയ്യാനുള്ള എംഎൽഎയുടെ നിർദ്ദേശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. സഹോദരിമാർക്ക് സ്വയം സംരക്ഷണത്തിനായുള്ള ഈ മാർഗത്തെ എംഎൽഎ ന്യായീകരിക്കുക കൂടി ചെയ്തതോടെ ബീഹാറിൽ വലിയ രാഷ്ട്രീയ ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്.
കാപ്രോൾ റോഡിലെ പൂജാ പന്തലിലെത്തി വാൾ വിതരണം ചെയ്തതിന് പിന്നാലെ ആരെങ്കിലും ദുഷ്ട ലാക്കോടെ സഹോദരിമാരെ തൊട്ടാൽ ഈ വാളുകൾ ഉപയോഗിച്ച് വിരലുകൾ അരിയണമെന്നാണ് എംഎൽഎ വിശദമാക്കിയത്. അത്തരം വിരലുകൾ വെട്ടിയരിയുന്നതിന് നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം ആവശ്യമെങ്കിൽ ഞാനും നിങ്ങൾക്കുമെല്ലാം അത് ചെയ്യേണ്ടി വരും. നമ്മുടെ സഹോദരിമാർക്കെതിരായ എല്ലാ ദുഷ്ടശക്തികളും നശിപ്പിക്കണം എന്നായിരുന്നു എംഎൽഎ വിശദമാക്കിയത്. തെറ്റുകൾ ചെയ്യുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീകളെ ശക്തരാക്കാനുള്ള എല്ലാ പിന്തുണയും നൽകുമെന്നും മിഥിലേഷ് കുമാർ വിശദമാക്കി. സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികൾക്കാണ് എംഎൽഎ വാൾ വിതരണം ചെയ്തത്.
undefined
സീതാമർഹിയിലെ വിവിധ പൂജാ പന്തലുകളിലും എംഎൽഎ വാളുമായി എത്തിയിരുന്നു. വാഹനങ്ങളിൽ വാളുകളുമായി എംഎൽഎ എത്തുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പേനകൾക്ക് പകരം വാളുകൾ വിതരണം ചെയ്യുന്നത് ആർഎസ്എസ് ആശയപ്രചാരണത്തിനാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനം. ഇതാണ് ആർഎസ്എസ് പരിശീലനത്തിൽ പഠിപ്പിക്കുന്നതെന്നാണ് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി രൂക്ഷമായി വിമർശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം