ഹോട്ടലുടമയും നിർമലാ സീതാരാമനും തമ്മിലുള്ള സംഭാഷണ വീഡിയോ പ്രവർത്തകർ പ്രചരിപ്പിച്ചു, മാപ്പ് ചോദിച്ച് അണ്ണാമലൈ

By Web TeamFirst Published Sep 14, 2024, 1:09 AM IST
Highlights

ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തിൽ നടത്തിയ പരാമർശത്തിന് ശേഷം ശ്രീനിവാസൻ മന്ത്രി സീതാരാമനോട് മാപ്പ് പറയുന്നതായി ചില പോസ്റ്റുകളിൽ പറഞ്ഞിരുന്നു.

ചെന്നൈ: കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ മാപ്പ് ചോദിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ. ആ സംഭാഷണത്തിൻ്റെ വീഡിയോ പ്രവർത്തകർ അശ്രദ്ധമായി പങ്കുവെച്ചതിന് ക്ഷമ ചോദിക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. വിഷയത്തിൽ താൻ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസൻ തമിഴ്‌നാടിൻ്റെ ബിസിനസ്സ് സമൂഹത്തിൻ്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. 

ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തിൽ നടത്തിയ പരാമർശത്തിന് ശേഷം ശ്രീനിവാസൻ മന്ത്രി സീതാരാമനോട് മാപ്പ് പറയുന്നതായി ചില പോസ്റ്റുകളിൽ പറഞ്ഞിരുന്നു. കാപ്പി, മധുരവിഭവങ്ങൾ തുടങ്ങി മൂന്ന് ഭക്ഷ്യ വിഭാഗങ്ങളിൽ ജിഎസ്ടി നിരക്കുകൾ തുല്യമാക്കാൻ ശ്രീനിവാസൻ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ബണ്ണിന് ജിഎസ്ടി ഇല്ലെങ്കിലും ക്രീം നിറച്ചാൽ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി വർധിപ്പിക്കുകയാണെങ്കിൽ എല്ലാത്തിനും വർധിപ്പിക്കണമെന്നും ചില വിഭവങ്ങൾക്ക് മാത്രം വർധിപ്പിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

Latest Videos

തൊട്ടുപിന്നാലെ രണ്ടാമത്തെ വീഡിയോയിൽ  ശ്രീനിവാസൻ തൻ്റെ അഭിപ്രായത്തിന് നിർമലാ സീതാരാമനോട് ക്ഷമ ചോദിക്കുന്നതായും കാണിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും ഒന്നും പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞതായി ചിലർ പോസ്റ്റ് ചെയ്തു. 

വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബിജെപിയെ കടന്നാക്രമിച്ചു. ഒരു ചെറുകിട ബിസിനസ്സിൻ്റെ ഉടമ, ജിഎസ്ടി ലളിതമാക്കണെന്ന് ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ അഭ്യർത്ഥന അഹങ്കാരത്തോടെയും അനാദരവോടെയുമാണ് പരി​ഗണിക്കപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിർമലാ സീതാരാമൻ മാപ്പ് പറയണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാർ തമിഴരുടെ ആത്മാഭിമാനത്തെ പ്രകോപിപ്പിക്കരുതെന്ന് ഡിഎംകെ നേതാവ് കനിമൊഴിയും അഭിപ്രായപ്പെട്ടു. 

click me!