15കാരിയെ തലക്കടിച്ച് കൊന്നതിന് കാരണം കേട്ട് ഞെട്ടി പൊലീസ്, സ്യൂട്ട്കേസിലെ ബാർകോഡ് തെളിവായി; ദമ്പതികൾ പിടിയിൽ

By Web Team  |  First Published Nov 1, 2024, 7:54 AM IST

5 വയസ്സുകാരനായ മകന്‍റെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ നിർത്തിയതാണ് ദമ്പതികൾ. കുഞ്ഞിന് നൽകേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിന്‍റെ ദേഷ്യത്തിൽ മരക്കഷണം കൊണ്ട് സുമൈനയുടെ തലയ്ക്ക് അമ്മ അശ്വിൻ അടിക്കുകയായിരുന്നുവെന്നാണ് മൊഴി.


സേലം:  വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ് ചെയ്തത്.  41കാരനായ അവിനേഷ് സാഹുവും 37കാരിയായ അശ്വിൻ പട്ടേലുമാണ് പിടിയിലായത്. ബെംഗളൂരുവിൽ വച്ച് നടന്ന കൊലപാതകത്തിന് ശേഷം, മൃതദേഹം സ്യൂട്ട്കേസിലാക്കി സേലത്തെ പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

സേലം കോയമ്പത്തൂർ ദേശീയപാതയോട് ചേർന്ന ശങ്കരിക്കടുത്തെ പാലത്തിനടിയിൽ സെപ്റ്റംബർ 29 രാവിലെ ഒരു പുതിയ സ്യൂട്ട് കേസ് നാട്ടുകാർ കണ്ടെത്തി. തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. 15 വയസ്സിനടുത്ത് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം എന്നതിനപ്പുറം ഒരു നിഗമനവും തുടക്കത്തിൽ സാധ്യമായില്ല. തുടർന്ന് സ്യൂട്ട്കേസിന് പിന്നാലെയായി പൊലീസിന്ർറെ അന്വേഷണം. 

Latest Videos

undefined

വീഡിയോ സ്റ്റോറി കാണാം

സ്യൂട്ട്കേസിലെ ബാർകോഡ് പരിശോധിച്ചപ്പോൾ ബെംഗളുരുവിലെ ഒരു കടയിൽ നിന്ന് സെപ്റ്റംബർ 27ന് ഒരു പുരുഷൻ വാങ്ങിയതാണെന്ന് വ്യക്തമായി. ഹൊസൂർ മുതൽ ശങ്കരി വരെയുളള ടോൾ ഗേറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് 28-ാം തീയതി ശങ്കരി കടക്കാത്ത ഏക കാറേതെന്ന് തിരിച്ചറിഞ്ഞു. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ
ജീവനക്കാരായ ഒഡീഷ സ്വദേശികളുടെ കാർ എന്ന് വ്യക്തമായെങ്കിലും ഇരുവരുടേയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 

ഒടുവിൽ ഒഡീഷയിലെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ അവിനേഷ് സാഹുവും അശ്വിൻ പട്ടേലും കുറ്റസമ്മതം നടത്തി. രാജസഥാൻ സ്വദേശിയായ 15കാരി സുമൈനയാണ്. കൊല്ലപ്പെട്ടത്. തങ്ങളുടെ 5 വയസ്സുകാരനായ മകന്‍റെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ നിർത്തിയതാണ് ദമ്പതികൾ. കുഞ്ഞിന് നൽകേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിന്‍റെ ദേഷ്യത്തിൽ മരക്കഷണം കൊണ്ട് സുമൈനയുടെ തലയ്ക്ക് അമ്മ അശ്വിൻ അടിക്കുകയായിരുന്നുവെന്നാണ് മൊഴി.

പെൺകുട്ടി മരിച്ചെന്ന് കണ്ടതോടെ പരിഭ്രാന്തയായ യുവതി, ഭർത്താവിനെ വിളിച്ചുവരുത്തി. തുടർന്ന് പുതിയ സ്യൂട്ട്കേസ് വാങ്ങി മൃതദേഹം ഉള്ളിലാക്കി മണിക്കൂറുകൾ യാത്ര ചെയ്ത് സേലത്ത് ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് മടങ്ങി. ദൃക്സാക്ഷികളോ സിസിടിവിയോ ഇല്ലെന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് സ്യൂട്ട്കേസിന്‍റെ തുമ്പ് പിടിച്ച് സേലം പൊലീസ് വീട്ടിലെത്തിയത്. ശങ്കരി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും സേലം ജയിലിൽ അടച്ചു. സുമൈനയുടെ വീട്ടുകാരെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു.

Read More : ചികിത്സക്കെത്തിയ യുവതിക്ക് ഒരു ഇഞ്ചക്‌ഷനെടുത്തു, ബോധം കെടുത്തി പീഡിപ്പിച്ച് വീഡിയോ പകർത്തി; ഡോക്ടർ അറസ്റ്റിൽ
 

tags
click me!