ബെംഗളൂരുവിൽ വൻലഹരിവേട്ട. 3 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 7 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. രണ്ട് കേസുകളിലായി 9 മലയാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബെംഗളൂരു: ബെംഗളൂരുവിൽ വൻലഹരിവേട്ട. 3 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 7 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. രണ്ട് കേസുകളിലായി 9 മലയാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൈജീരിയൻ സ്വദേശിയായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്. 3 വ്യത്യസ്ത കേസുകളിലായിട്ടാണ് 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിരിക്കുന്നത്. ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗൺ, ബേഗൂർ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ്.
ആദ്യത്തെ കേസ് മലയാളി എഞ്ചിനീയറുടേതാണ്. ബൊമ്മസാന്ദ്രയിൽ വാടകയ്ക്ക് താമസിക്കുന്ന സിവിൽ എഞ്ചിനീയറായ ജിജോ പ്രസാദാണ് പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കഴിഞ്ഞ എട്ടാം തീയതി പിടിയിലായ സമയത്ത് ഇയാളുടെ പക്കൽ നിന്നും ഒരു കിലോ 50 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ലഹരി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു ഇയാൾ. വീട്ടിൽ 25 ലക്ഷം രൂപ പണമായി ഇയാൾ സൂക്ഷിച്ചിരുന്നു. വീട്ടിൽ മൂന്നര കിലോ കഞ്ചാവും സൂക്ഷിച്ചിരുന്നു. ഇതിന്റെ വിപണി വില മൂന്നരക്കോടി രൂപ വിലവരും. ഗ്രാമിന് 12000 രൂപ വിലക്കാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
യെലഹങ്ക ന്യൂടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരി കേസിൽ എട്ട് മലയാളി യുവാക്കളെ പിടികൂടിയെന്ന് സിസിബി അറിയിച്ചു. 110 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവരിൽ നിന്ന് 10 മൊബൈൽ ഫോണുകളും ഒരു ടാബും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇവരിൽ നിന്ന് ആകെ പിടികൂടിയത് 27 ലക്ഷം രൂപയുടെ വസ്തുക്കളെന്നും സിസിബി പറഞ്ഞു.
ബെംഗളുരുവിൽ ലഹരിവിൽപ്പനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച നൈജീരിയൻ പൗരനും അറസ്റ്റിലായി. ബേഗൂരിൽ നിന്നാണ് നൈജീരിയൻ പൗരനായ ക്രിസ്റ്റിൻ സോചുരുചുക്പ്‍വു എന്നയാൾ പിടിയിലായത്. ഇയാളിൽ നിന്ന് പിടിച്ചത് 1 കോടി രൂപ വില വരുന്ന എംഡിഎംഎയും ഫോണും മറ്റ് വസ്തുക്കളുമാണ്. ആകെ 2 കോടി രൂപയുടെ വസ്തുക്കൾ ഇയാളിൽ നിന്ന് പിടിച്ചെന്ന് സിസിബി വ്യക്തമാക്കി.