ചിലപ്പോൾ ഒപ്പിലെ പൊരുത്തക്കേട് ആകാം തെറ്റായ തിയതി ഇട്ടതാകാം അല്ലെങ്കിൽ മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ മൂലവും ചെക്ക് ബൗൺസ് സംഭവിക്കാം
ഡിജിറ്റൽ പേയ്‌മെന്റുകൾ ജനപ്രിയമാണെങ്കിലും ചെക്ക് ഇടപാടുകൾ വിശ്വാസത്തിന്റെ അടയാളം കൂടിയാണ്. ഇന്നും വലിയ തുകയുടെ ഇടപാടുകൾ നടത്താൻ പലരും ആശ്രയിക്കുന്നത് ചെക്കുകളെയാണ്. ഇന്ത്യയിൽ, ഒരു ചെക്ക് ബൗൺസ് ആയാൽ അത് നിയമപരമായ നടപടികൾ നേരിടുന്ന കുറ്റം തന്നെയാണ്. അതിനാൽ വളരെ ശ്രദ്ധിച്ച് മാത്രമേ ചെക്ക് ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു. എന്നാൽ ചെക്ക് മടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
ഈ ചോദ്യത്തിന്റെ ഉത്തരം, ചെക്ക് ബൗൺസ് ആയാൽ അത് നേരിട്ട് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല എന്നുള്ളത് തന്നെയാണ്. എന്നാൽ ഇത് ആവർത്തിച്ച് സംഭവിച്ചാൽ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ പരോക്ഷമായി ബാധിച്ചേക്കും.
ചെക്ക് ബൗൺസ് എന്നാൽ എന്താണ്?
ചെക്ക് ലഭിച്ച വ്യക്തി ചെക്ക് മാറി പണമയക്കാൻ ശ്രമിക്കുമ്പോൾ, ചെക്ക് നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ ചെക്കിൽ എഴുതിയിരിക്കുന്ന തുക അടയ്ക്കാൻ ആവശ്യമായ പണമില്ലാതിരിക്കുമ്പോഴാണ് ചെക്ക് ബൗൺസ് ആകുന്നത്. അല്ലെങ്കിൽ ചിലപ്പോൾ ഒപ്പിലെ പൊരുത്തക്കേട് ആകാം തെറ്റായ തിയതി ഇട്ടതാകാം അല്ലെങ്കിൽ മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ മൂലവും ചെക്ക് ബൗൺസ് സംഭവിക്കാം. ചെക്ക് ബൗൺസ് എന്ന കുറ്റത്തിന് 7 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്, അതിനാൽ ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായി കണക്കാക്കപ്പെടുന്നു.
ചെക്ക് ബൗൺസ് ആയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
സാധാരണയായി ഇത് ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കുകയോ സ്കോർ കുറയ്ക്കുകയോ ചെയ്യില്ല. എന്നാൽ ചെക്ക് നൽകിയ ആവശ്യം ഒരു ഇഎംഐ അടവോ അല്ലെങ്കിൽ സമയബന്ധിതമായി നൽകേണ്ട ഒരു ഇടപാടോ ആണെങ്കിൽ അത് മുടങ്ങിയാൽ അത് ആ വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിച്ചേക്കും.