1988 ല്‍ പുറത്തിറങ്ങിയ ചിത്രം
പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകള്‍ തിയറ്ററുകളിലേക്ക് റീ റിലീസ് ആയി എത്തുന്നത് ഇന്ന് പുതുമയല്ല. കാലം മങ്ങലേല്‍പ്പിക്കാത്ത തങ്ങളുടെ പ്രിയ ചിത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകരും ആകാംക്ഷ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ശ്രദ്ധേയ ചിത്രത്തിന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്താതെതന്നെ യുട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രമാണ് യുട്യൂബില്‍ റിലീസ് ആയിരിക്കുന്നത്.
മണിച്ചിത്രത്താഴും ഒരു വടക്കന്‍ വീരഗാഥയുമടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് മനു അങ്കിളിന്‍റെ റീമാസ്റ്ററിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. മാറ്റിനി നൗവിന്‍റെ യുട്യൂബ് ചാനലിലൂടെ ചിത്രം കാണാം. ഡെന്നിസ് ജോസഫിന്‍റെ കഥയ്ക്ക് ഷിബു ചക്രവര്‍ത്തി തിരക്കഥയെഴുതിയ ചിത്രം 1988 ലാണ് പുറത്തെത്തിയത്. ജ്യോതിശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന മനു എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ട ഒന്നാണ്. ലിസി, എം ജി സോമന്‍, പ്രതാപചന്ദ്രന്‍, ത്യാഗരാജന്‍, കെപിഎസി അസീസ്, കെപിഎസ് ലളിത, മുരളി മേനോന്‍, ജലജ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം കുട്ടിത്താരങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഒപ്പം മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയും ഗസ്റ്റ് റോളുകളും ചിത്രത്തെ കൂടുതല്‍ കൗതുകമുള്ളതാക്കി. മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയിത്തന്നെ എത്തിയപ്പോള്‍ സുരേഷ് ഗോപി എസ് ഐ മിന്നല്‍ പ്രതാപന്‍ എന്ന രസികന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തിന് സംഗീതം പകര്‍ന്നത് ശ്യാം ആയിരുന്നു. ഛായാഗ്രഹണം ജയാനന്‍ വിന്‍സെന്‍റും എഡിറ്റിംഗ് കെ ശങ്കുണ്ണിയും നിര്‍വ്വഹിച്ചു. ജൂബിലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോയ് തോമസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
ALSO READ : ജിയോ ബേബി മുഖ്യ കഥാപാത്രം; 'കൃഷ്ണാഷ്ടമി' ആദ്യ ഷെഡ്യൂൾ പൂർത്തിയായി