അടൽസേതുവിൽ കാർ നിർത്തി താഴേക്ക് ചാടിയത് ബാങ്ക് മാനേജർ; കടുത്ത ജോലി സമ്മർദം അനുഭവിച്ചിരുന്നെന്ന് ഭാര്യയുടെ മൊഴി

By Web TeamFirst Published Sep 30, 2024, 7:36 PM IST
Highlights

കാർ പരിശോധിച്ചപ്പോഴാണ് പൊലീസിന് ആളിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തു‍ടർന്ന് കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു.

മുംബൈ: മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന  അടൽസേതുവിന് മുകളിൽ കാർ നിർത്തിയ ശേഷം  താഴേക്ക് ചാടിയത് ബാങ്ക് മാനേജറെന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ചുവന്ന നിറത്തിലുള്ള മാരുതി ബ്രെസ കാറിലെത്തിയത്. കാർ നിർത്തിയ ശേഷം വാഹനത്തിൽ നിന്നിറങ്ങി ഇയാൾ താഴേക്ക് ചാടുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച വിവരം കിട്ടിയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വാഹനം പരിശോധിച്ചപ്പോഴാണ് തിരിച്ചറിയൽ രേഖകളുൾപ്പെടെ പൊലീസിന് ലഭിച്ചത്. ഒരു മേഖലാ ബാങ്കിന്റെ മാനേജറായി ജോലി ചെയ്യുന്ന സുശാന്ത് ചക്രവർത്തി (40) ആണ് കാറിലെത്തിയതെന്നും തുടർന്ന് അദ്ദേഹം പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്നും പൊലീസിന് വ്യക്തമായി. ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് ഇയാൾ മുംബൈയിൽ താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അവരുമായി ബന്ധപ്പെട്ടു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സുശാന്ത്, ജോലി സംബന്ധമായ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് ഭാര്യ മൊഴി നൽകിയത്.

Latest Videos

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സുശാന്ത് ചക്രവർത്തിയുടെ മൊബൈൽ ഫോൺ കണ്ടെത്തി പരിശോധന നടത്തിയെങ്കിലും അതിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബാങ്ക് മാനേജറായ സുശാന്ത് വാരാന്ത്യത്തിൽ ഭാര്യയും മകൾക്കുമൊപ്പം പുറത്തുപോയിരുന്നു. ശേഷം തിങ്കളാഴ്ച പതിവ് പോലെ ഓഫീസിലേക്ക് പോവുകയാണെന്ന് പറ‌ഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാൽ ബാങ്കിലേക്ക് പോകാതെ അദ്ദേഹം നേരെ അടൽ സേതുവിലേക്ക് എത്തിയതെന്നും അവിടെ വാഹനം നിർത്തി താഴേക്ക് ചാടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!