'ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ'; നരേന്ദ്ര മോദിയുമായി സംസാരിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്

By Web Team  |  First Published Aug 17, 2024, 1:08 PM IST

സാഹചര്യം തിരിച്ചറിയാൻ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരെ ബംഗ്ലാദേശിലേക്ക് അയക്കണമെന്ന് യൂനുസ് ആവശ്യപ്പെട്ടു.


ദില്ലി: ബംഗ്ലാദേശ് പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമമെന്നത് ഊതിവീർപ്പിച്ച പ്രചാരണമെന്ന് മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു. സാഹചര്യം തിരിച്ചറിയാൻ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരെ ബംഗ്ലാദേശിലേക്ക് അയക്കണമെന്ന് യൂനുസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും ബംഗ്ലാദേശ് പൂർവസ്ഥിതിയിലെത്താൻ  ഇന്ത്യയുടെ സഹകരണം വേണമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. 

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലേദശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉന്നയിച്ചിരുന്നു. ഇന്നലെയാണ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി മോദിയെ വിളിച്ചത്. സംഭാഷണത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പരാമർശ വിഷയമായില്ലെന്നാണ് സൂചന.

Latest Videos

undefined

ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ എവിടെയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഹസീന എത്രകാലം ഇന്ത്യയിൽ തുടരുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഹസീന തിരികെ രാജ്യത്തെത്തുമെന്ന് അവരുടെ മകൻ നേരത്തെ പറഞ്ഞിരുന്നു.

അതിനിടെ ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കിയത്. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഷെയ്ഖ് ഹസീന, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അറിയിച്ചു.

മകന്‍ സജീബ് വസേദിന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെയാണ് ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയത്. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിൽ ഷെയ്ഖ് ഹസീന വിശദമാക്കിയ കാര്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പ്രസ്താവനയായി വന്നിരുന്നില്ല.


click me!