ടിവി ചാനൽ 'യുദ്ധം'; ആന്ധ്ര നിയമസഭയിൽ ടിഡിപി അനുകൂല മാധ്യമങ്ങളുടെ വിലക്ക് നീക്കി, ജഗന് തിരിച്ചടി നൽകി ടിഡിപി

By Web TeamFirst Published Jun 23, 2024, 6:24 PM IST
Highlights

ടിവി 9, എൻടിവി, സാക്ഷി ടിവി, 10 ടിവി എന്നീ നാല് ചാനലുകളാണ് വിവിധ കേബിൾ ടിവി ഓപ്പറേറ്റർമാർ സംപ്രേഷണം ചെയ്യുന്നത് നിർത്തിയത്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയിൽ ടിഡിപി അനുകൂല മാധ്യമങ്ങളുടെ വിലക്ക് സ്പീക്കർ നീക്കിയതിന് പിന്നാലെ, കേബിൾ ടിവി ശൃംഖലകളിൽ നിന്ന് ജഗൻ മോഹൻ റെഡ്ഡിക്ക് അനുകൂലമായ ചാനലുകൾ എടുത്ത് മാറ്റി കേബിൾ ഓപ്പറേറ്റർമാർ. 2022-ലാണ് ടിഡിപി അനുകൂല ചാനലുകളായ ഇടിവി, എബിഎൻ ആന്ധ്രാജ്യോതി, ടിവി 5 എന്നീ ചാനലുകൾക്ക് നിയമസഭ റിപ്പോർട്ട് ചെയ്യുന്നതിനും സഭാ സമുച്ചയത്തിൽ പ്രവേശിക്കുന്നതിനും ജഗൻമോഹൻ സർക്കാർ വിലക്കേർപ്പെടുത്തിയത്. ഇന്നലെ ചുമതലയേറ്റ പുതിയ ആന്ധ്രാ സ്പീക്കർ അയ്യണ്ണാ പട്രുഡു, മാധ്യമസ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിലക്ക് നീക്കിയത്. 

Read More... മേഘ വിസ്ഫോടനം, മിന്നൽ പ്രളയം; മുന്നറിയിപ്പ് പൊലുമുണ്ടായിരുന്നില്ല, അരുണാചലിൽ വൻ നാശനഷ്ടം

Latest Videos

അതേസമയം, പകരത്തിന് പകരമായി കേബിൾ ടിവി ശൃംഖലകളിൽ നിന്ന് ജഗൻ അനുകൂല ചാനലുകളെ ടിഡിപി സമ്മർദ്ദം ചെലുത്തി എടുത്ത് മാറ്റിയെന്ന ആരോപണമുയർന്നു. ടിവി 9, എൻടിവി, സാക്ഷി ടിവി, 10 ടിവി എന്നീ നാല് ചാനലുകളാണ് വിവിധ കേബിൾ ടിവി ഓപ്പറേറ്റർമാർ സംപ്രേഷണം ചെയ്യുന്നത് നിർത്തിയത്. എന്നാൽ ഡിടിഎച്ചുകളിൽ ഈ ചാനലുകൾ ലഭിക്കും. ഇതിനെതിരെ വൈഎസ്ആർ കോൺഗ്രസ് ട്രായിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഒരു നിരോധനത്തിനും ഉത്തരവ് ഇട്ടിട്ടില്ലെന്ന് ഐടി മന്ത്രി ലോകേഷ് നായിഡു  വിശദീകരിച്ചു. 

ആന്ധ്ര പ്രദേശിൽ ഭരണ മാറ്റത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യം വച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ രം​ഗത്തെത്തിയിരുന്നു. വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെ ആണ്‌ സിആർഡിഎ (കാപ്പിറ്റൽ റീജ്യൻ ഡെവലപ്മെന്‍റ് അതോറിറ്റി) സംഘം ഓഫീസിലെത്തിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളപ്പോഴാണ് നടപടി.

Read More... സഹപ്രവർത്തകയോടൊപ്പം ഹോട്ടൽ മുറിയിൽ നിന്ന് പിടിയിലായി; ഡിസിപിയെ കോൺസ്റ്റബിളായി തരംതാഴ്ത്തി

കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി ഇന്നലെ വൈഎസ്ആർസിപി വക്താവ് അവകാശപ്പെട്ടിരുന്നു. കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു. അതേസമയം  ചട്ടം ലംഘിച്ചാണ് കെട്ടിട നിർമാണമെന്നും  അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി തുടരുമെന്നും സിആർഡിഎ വ്യക്‌തമാക്കി. 

Asianet News Live

click me!