നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്റെ മകന്റെ ആഡംബര കാർ, കേസ്

By Web Team  |  First Published Sep 10, 2024, 12:25 PM IST

മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ഭാവൻകുലേയുടെ മകന്റെ പേരിലുള്ള ഓഡി കാറാണ് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു


നാഗ്പൂർ: പുലർച്ചെ ഒരു മണിക്ക് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് മഹാരാഷ്ട്ര ബിജെപി നേതാവിന്റെ മകന്റെ ആഡംബര കാർ. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ഭാവൻകുലേയുടെ മകന്റെ പേരിലുള്ള ഓഡി കാറാണ് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണ്. ബിജെപി നേതാവിന്റെ മകൻ സാൻകേത് ഭാവൻകുലേ അടക്കം മൂന്ന് പേരാണ് ഒളിവിൽ പോയിട്ടുള്ളത്. 

ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച് കാറിലുണ്ടായിരുന്ന അർജുൻ ഹവാരേ, രോണിത് ചിന്തൻവാർ എന്നിവർ അപകടം നടക്കുന്ന സമയത്ത് ലഹരിയുടെ സ്വാധീനത്തിലാണുണ്ടായിരുന്നത്. പുലർച്ചെ ഒരു മണിയോടെ ജിതേന്ദ്ര സോൻകാബ്ലി എന്നയാളുടെ കാറാണ് സാൻകേത് ഭാവൻകുലേയുടെ ആഡംബര വാഹനം ആദ്യം ഇടിച്ച് തെറിപ്പിച്ചത്. പിന്നാലെ ഒരു മോപെഡിലും ഓഡി കാർ ഇടിച്ചു. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. 

Latest Videos

undefined

സാൻകേത് ഭാവൻകുലേ  അടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ധരംപേത്തിലുള്ള ബാറിൽ പോയ ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമെന്നാണ് പുറത്ത് വരുന്ന വിവരം. മാൻകപുര മേഖലയിലും സാൻകേത് ഭാവൻകുലേയുടെ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടുണ്ട്. മാൻകപുരയിൽ ഇവർ ഇടിച്ച പോളോ കാറിലുള്ളവർ ഇവരെ പിന്തുടർന്നതോടെയാണ് ഓഡി കാറിലുണ്ടായിരുന്ന സാൻകേത് ഭാവൻകുലേ അടക്കമുള്ളവർ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയത്. 

അർജുൻ ഹവ്രേ എന്ന യുവാവാണ് കാർ ഓടിച്ചത്. ഇയാളെയും റോണിതിനേയും പോളോ കാറിലെത്തിയവർ തടഞ്ഞ് വച്ച് പൊലീസിന് കൈമാറി. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. തന്റെ മകന്റെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് ബിജെപി നേതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!