സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ അടക്കമുള്ള ക്ഷേമ പദ്ധതികള്‍ ഏക്നാഥ് ഷിൻഡെ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കി തുടങ്ങിയപ്പോഴുള്ള ഭയമാണ് ആരോപണത്തിന് കാരണമെന്ന് ബിജെപി.
മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിയാനക്കൊപ്പം മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന് പിന്നില്‍ ബിജെപിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഭരണകക്ഷിയായ ബിജെപി അടങ്ങുന്ന മഹായുതി മുന്നണിയെ സഹായിക്കാനുള്ള നീക്കമെന്നാണ് ആരോപണം. ദീപാവലിക്ക് മുൻപ് തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയില്‍ ഇരുമുന്നണികളും പ്രചരണം തുടങ്ങികഴിഞ്ഞു.
2019തില്‍ മഹാരാഷ്ട്ര - ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടന്നത്. ഇത്തവണയും അങ്ങനെയാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ പ്രഖ്യാപനം ഉണ്ടായില്ല. ചില സൗജന്യങ്ങള്‍ ജനങ്ങൾക്ക് നൽകി സ്വാധീനിക്കാന്‍ ഷിന്‍ഡെക്കും കൂട്ടര്‍ക്കും അവസരം നൽകാനാണ് ഇതുവഴി തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാക്കാൻ ഒരുങ്ങുകയാണ് മഹാവികാസ് അഗാഡി.
സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ അടക്കമുള്ള ക്ഷേമ പദ്ധതികള്‍ ഏക്നാഥ് ഷിൻഡെ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കി തുടങ്ങിയപ്പോഴുള്ള ഭയമാണ് ആരോപണത്തിന് കാരണമെന്ന് ബിജെപിയും തിരിച്ചടിക്കുന്നു. 288 അംഗ നിയമസഭയില്‍ 202 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ മഹായുതി മുന്നണിക്കുള്ളത്. ബിജെപിയും ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് പവാര്‍ വിഭാഗവും ചേർന്നതാണ് മഹായുതി മുന്നണി. പ്രതിപക്ഷമായ മഹാവികാസ് അഗാഡിക്ക് 69 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി ശരത് പവാര‍് വിഭാഗം എന്നിവരാണ് മഹാവികാസ് അഗാഡിയിലുള്ളത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി 75 ശതമാനം സീറ്റ് നേടി ചിത്രം മാറ്റി.
ദീപാവലിക്ക് മുൻപേ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് ഇരു മുന്നണികളുടെയും ഇപ്പോഴത്തെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മിക്കയിടത്തും പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടങ്ങികഴിഞ്ഞു.
ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനാണ് ജമ്മു കശ്മീരിലെ വോട്ടെണ്ണല്‍. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റ ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയാണ് ഹരിയാനയിലെയും വോട്ടെണ്ണല്‍.
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഉടനില്ല; കാരണം വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍