'മേൽക്കൂരകൾ പറത്തി, മലയിടിച്ചു', വിയറ്റ്നാമിനെ അടിച്ച് തകർത്ത് 'യാഗി', 59 പേർക്ക് ദാരുണാന്ത്യം

By Web TeamFirst Published Sep 9, 2024, 4:01 PM IST
Highlights

ഈ വർഷം ഏഷ്യയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് വിയറ്റ്നാമിൽ വൻ നാശം വിതയ്ക്കുന്നത്. നാല് ലക്ഷത്തിലേറെ ആളുകളാണ് ഇവിടെ മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നത്

ഹാനോയ്: ഈ വർഷത്തിൽ ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിയിൽ തകർന്നടിഞ്ഞ് വിയറ്റ്നാം. മണിക്കൂറിൽ 203 കിലോമീറ്ററിലേറെ വേഗതയിൽ ശനിയാഴ്ച രാവിലെ വടക്കൻ വിയറ്റ്നാമിൽ കരതൊട്ട യാഗി ചുഴലിക്കാറ്റിൽ 59 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ 44 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ കാർഷിക മേഖലയേയും പ്രാദേശിക വികസനത്തേയും അടിമുടി നശിപ്പിച്ചാണ് യാഗിയുടെ വരവ്. 

യാഗിക്ക് പിന്നാലെയുണ്ടായ കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ടു. പ്രളത്തിനുള്ള സാധ്യതകളും മുന്നറിയിപ്പുകളുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പടിഞ്ഞാറൻ മേഖലയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഞായറാഴ്ച വിയറ്റ്നാമിലെ ഹേ ബിൻ പ്രവിശ്യയിൽ ഒരു കുടുംബത്തിലെ നാല് പേരാണ് മലയിടിഞ്ഞ് വീണ് മരിച്ചത്. ഈ കുടുംബത്തിലെ 51കാരനാ ഗൃഹനാഥൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളുടെ ഭാര്യയും മകളും രണ്ട് പേരക്കുട്ടികളുമാണ് മലയിടിഞ്ഞ് വീണ് മരിച്ചത്. 

Latest Videos

കെട്ടിടങ്ങളുടേയും വീടുകളുടേയും മേൽക്കൂരകൾ കാറ്റിൽ പറത്തിയ യാഗി മുന്നിലെത്തിയ വാഹനങ്ങളേയും ആളുകളേയും വലുപ്പ ചെറുപ്പമില്ലാതെ ഉയർത്തുന്ന കാഴ്ചയാണ് വിയറ്റ്നാമിലുള്ളത്. വലിയ റോഡുകളിൽ മുന്നോട്ട് പോകാനാവാതെ കുടുങ്ങിയ ബൈക്ക് യാത്രികരം കാറിന്റെ വേഗത കുറച്ച് സംരക്ഷിക്കുന്ന കാർ യാത്രക്കാരുടെ വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.

പന്ത്രണ്ടിലേറെ മത്സ്യ ബന്ധന തൊഴിലാളികളേയാണ് യാഗി ചുഴലിക്കാറ്റിൽ കടലിൽ കാണാതായത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പരസ്യ ബോർഡുകൾ ശക്തമായ കാറ്റിൽ പറന്ന് നടന്നത് വലിയ  രീതിയിലുള്ള അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹൈനാൻ ദ്വീപിനെ സാരമായി ബാധിച്ച ശേഷമാണ് ചുഴലിക്കാറ്റ് വിയറ്റ്നാമിലെത്തിയിട്ടുള്ളത്. 12 ലേറെ പ്രവിശ്യകളിലെ സ്കൂളുകൾ അടച്ച നിലയിലാണുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!