കഴിഞ്ഞ ഏതാനും വർഷങ്ങളായി കെജ്രിവാളിന്റെ വാർഷിക വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്രിവാൾ ജനവിധി തേടുന്നത്. തനിയ്ക്ക് സ്വന്തമായി ഒരു വീടോ കാറോ ഇല്ലെന്നും 1.73 കോടി രൂപയുടെ ആസ്തിയാണുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കെജ്രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ബാങ്ക് നിക്ഷേപമായി 2.96 ലക്ഷം രൂപയാണ് കെജ്രിവാളിനുള്ളത്. പണമായി 50,000 രൂപയും ഉൾപ്പെടെ 3.46 ലക്ഷം രൂപയാണ് കെജ്‌രിവാളിന്റെ ജംഗമ ആസ്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഗാസിയാബാദിലെ ഒരു ഫ്ലാറ്റ് ഉൾപ്പെടെ അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം 1.7 കോടി രൂപയാണ്. ഫിക്സഡ് ഡിപ്പോസിറ്റുകളിലോ ഷെയറുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ ഇൻഷുറൻസ് പോളിസികളിലോ കെജ്രിവാളിന് നിക്ഷേപമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എംഎൽഎ എന്ന നിലയിൽ നിന്നുള്ള ശമ്പളമാണ് കെജ്രിവാളിന്റെ പ്രാഥമിക വരുമാനം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തിന്റെ വാർഷിക വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ൽ കെജ്രിവാളിന്റെ വാർഷിക വരുമാനം 44.90 ലക്ഷം രൂപയായിരുന്നെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ 7.21 ലക്ഷമായി കുറഞ്ഞു. കെജ്രിവാളിന്റെ ഭാര്യയായ സുനിത കെജ്രിവാളിന് മൊത്തം 2.5 കോടി രൂപയുടെ ആസ്തിയുണ്ട്. തനിയ്ക്ക് എതിരെ 14 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും കെജ്രിവാളിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, ഫെബ്രുവരി 5നാണ് ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013 മുതൽ ന്യൂഡൽഹി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെജ്രിവാളിന് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമ്മ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരാണ് കെജ്രിവാളിന്റെ എതിരാളികൾ. ഫെബ്രുവരി 8നാണ് ഫലം പ്രഖ്യാപിക്കുക.