ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 20നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ദില്ലി: രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ചൗധരി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനാണ് അജിത് സിങ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 20നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മകനും മുന്‍ എംപിയുമായ ജയന്ത് ചൗധരിയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
നാലു കേന്ദ്രമന്ത്രിസഭകളില്‍ അംഗമായിരുന്നു അജിത് സിങ്. ഉത്തര്‍പ്രദേശിലെ ഭാഗ്പത്തില്‍നിന്ന് ഏഴുതവണയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വ്യോമയാനം, കൃഷി, ഭക്ഷ്യം, വ്യവസായം, വാണിജ്യം മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. 1996ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ആല്‍എല്‍ഡി രൂപീകരിച്ചത്. 2003വരെ എന്‍ഡിഎയിലായിരുന്നു. പിന്നീട് യുപിഎയുടെ ഭാഗമായി.