എയർപോർട്ട് ജീവനക്കാരനൊപ്പം യാത്രക്കാരനും ശുചിമുറിയിലേക്ക്, സംശയം; പിടികൂടിയത് 1.27 കിലോഗ്രാം സ്വർണപ്പൊടി

By Web TeamFirst Published Oct 18, 2024, 11:57 AM IST
Highlights

92 ലക്ഷത്തിലേറെ രൂപ വിലയുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 

മുംബൈ: വിമാനത്താവള ജീവനക്കാരനെയും യാത്രക്കാരനെയും സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തു. എയർപോർട്ട് ജീവനക്കാരനൊപ്പം യാത്രക്കാരൻ ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മുംബൈ എയർപോർട്ട് കമ്മീഷണറേറ്റാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. 

എയർ ഇന്‍റലിജൻസ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥർ, പ്രത്യേക രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒരു യാത്രക്കാരനെ പിന്തുടരുകയായിരുന്നു. ദുബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ട്രാൻസിസ്റ്റ് യാത്രക്കാരനെയാണ് പിന്തുടർന്നത്. വിമാനത്താവള ജീവനക്കാരനോടൊപ്പം യാത്രക്കാരൻ ശുചിമുറിയിലേക്ക് കയറുന്നത് കണ്ടതോടെ സംശയം ബലപ്പെട്ടു. ജീവനക്കാരനെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ മെഴുക് രൂപത്തിൽ 1.27 കിലോഗ്രാം സ്വർണ്ണപ്പൊടി കണ്ടെത്തി. 92 ലക്ഷത്തിലേറെ രൂപ വിലയുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 

Latest Videos

വിമാനത്താവള ജീവനക്കാരനെ ചോദ്യംചെയ്തപ്പോൾ യാത്രക്കാരനാണ് സ്വർണം കൈമാറിയതെന്ന് വ്യക്തമായി. തുടർന്ന് എഐയു  ഉദ്യോഗസ്ഥർ സമഗ്രമായ തെരച്ചിൽ നടത്തുകയും യാത്രക്കാരനെ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുകയും ചെയ്തു. ഇതിനുമുമ്പ് രണ്ടു തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും ഇരുവരും സമ്മതിച്ചതായി എഐയു ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തു.

മറ്റൊരു കേസിൽ 33,00,880 രൂപ വിലമതിക്കുന്ന 455 ഗ്രാം സ്വർണപ്പൊടിയും 6,11,790 രൂപ വിലയുള്ള ഫോണുകളും ദുബൈയിൽ നിന്നു വന്ന യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തു. 

10 ലക്ഷം ചോദിച്ച് വിദേശത്ത് നിന്ന് കോൾ, ഫോണ്‍ ചോർത്തി സ്വന്തം ജീവനക്കാരുടെ കൊടുംചതി; പരാതി നൽകി ദമ്പതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!