'സർക്കാർ പരിപാടിയാണത്, ബിജെപിയുമായി രഹസ്യ ബന്ധത്തിന്‍റെ ആവശ്യം ഡിഎംകെയ്ക്കില്ല': സ്റ്റാലിന്‍

By Web Team  |  First Published Aug 19, 2024, 12:30 PM IST

ജയലളിതയുടെ ചിത്രം പോക്കറ്റിലിട്ട് നടന്നിട്ട് കാര്യമില്ലെന്ന് എടപ്പാടി പളനിസ്വാമിയോട് സ്റ്റാലിൻ. ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ


ചെന്നൈ: ഡിഎംകെ - ബിജെപി രഹസ്യ ബന്ധമെന്ന ആരോപണം ഉന്നയിച്ച അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുമായി രഹസ്യ ബന്ധത്തിന്‍റെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ വിശദീകരിച്ചു. 

കരുണാനിധിയുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കിയ ചടങ്ങ് സർക്കാർ പരിപാടിയാണ്. ഇതു മനസിലാക്കണമെങ്കിൽ തലയിൽ മൂള വേണമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പോക്കറ്റിലിട്ട് നടന്നിട്ട് കാര്യമില്ല. ജയലളിത അനുശോചന യോഗം നടത്താൻ എടപ്പാടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡിഎംകെയെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും സ്റ്റാലിൻ ചോദിച്ചു. 

Latest Videos

undefined

കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കിയ ചടങ്ങനെ ചൊല്ലിയാണ് വിവാദം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങിൽ പങ്കെടുത്തു. കരുണാനിധി സ്മാരകത്തിലേക്ക് രാഹുൽ ഗാന്ധിയെ എന്തുകൊണ്ടു ക്ഷണിച്ചില്ല എന്നാണ് അണ്ണാ ഡിഎംകെ ചോദിച്ചത്. ചടങ്ങ് അണ്ണാഡിഎംകെ ബഹിഷ്കരിക്കുകയും ചെയ്തു. ഗവർണർ ആർ എൻ രവിയുടെ വിരുന്നിൽ മുഖ്യമന്ത്രി സ്റ്റാലിനും 8 മന്ത്രിമാരും പങ്കെടുത്തത് ദുരൂഹമാണെന്ന് അണ്ണാ ഡിഎംകെ വക്താവ് ഡി ജയകുമാർ ആരോപിച്ചു. 

ജന്മശതാബ്‌ദി വര്‍ഷത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കിയത്. നേരത്തെ ഡിഎംകെ നേതാവ് ടി ആർ ബാലുവിന് ഡെപ്യൂട്ടി സ്പീക്കർ പദവി ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ആപത്തു കാലത്തേക്ക്‌ ഒരു നിക്ഷേപമായി ഡിഎംകെയെ കരുതിവയ്ക്കണമെന്ന വാദം ബിജെപിക്കുള്ളിൽ ഉയരുമ്പോഴാണ് കരുണാനിധി സ്മാരകത്തിലേക്ക് രാജ്നാഥ് സിംഗ് അടക്കം നേതാക്കൾ സന്ദർശനം നടത്തിയത്. 

ആർഎസ്എസിനെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് എപ്പോഴും പറയുന്ന സ്റ്റാലിൻ വളരെ പെട്ടെന്ന് ബിജെപി പാളയത്തിൽ എത്തുമെന്ന് ആരും കരുതുന്നില്ല. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും അടുത്ത നാളുകളിൽ ഡിഎംകെയ്ക്കെതിരെ മുന വച്ച് സംസാരിക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുമായി സ്റ്റാലിനു നല്ല ബന്ധമാണുള്ളത്. എന്നാൽ ലോക്സഭ എംപിമാരുടെ കണക്കു പറഞ്ഞ് സമ്മർദത്തിലാക്കുന്ന ജെഡിയു- ടിഡിപി കക്ഷികളോട്, മറ്റ് സാധ്യതകളും തങ്ങൾക്കുണ്ടെന്ന പരോക്ഷ മുന്നറിയിപ്പ് നൽകുകയാണ് ബിജെപി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

തമിഴ്നാട് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്ന് കരുണാനിധി സ്മാരകത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!