ആതിഖ് അഹമ്മദ് കൊല: 'അക്രമികളെത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന, കൊന്ന ശേഷം ജയ് ശ്രീറാം വിളി'

By Web Team  |  First Published Apr 16, 2023, 7:58 AM IST

സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 


ലഖ്‌നൗമാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ഇന്നലെ രാത്രി പത്തുമണിയോടെ വന്‍ പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ വെടിവെപ്പുണ്ടായത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവര്‍ ആതിഖിന്റെ തലയോട് തോക്ക് ചേര്‍ത്ത് പിടിച്ച് വെടിയുതിര്‍ത്തതെന്ന് വീഡിയോകളില്‍ കാണാം. പിന്നാലെ അഷ്‌റഫിന് നേരെയും വെടിയുതിര്‍ത്തു. വെടിവെപ്പിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. ബഹളത്തിനിടെ ഓടി മാറുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റത്. 

Latest Videos

കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു. 

അതേസമയം, ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പൊലീസ് സുരക്ഷയിലിരിക്കെ എങ്ങനെ ഇത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഇങ്ങനെയെങ്കില്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ലഭിക്കും. യുപിയില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.


 


അയോഗ്യതയ്ക്ക് കാരണമായ പ്രസംഗവേദിയിലേക്ക് വീണ്ടും രാഹുൽ

click me!