വ്യാജ വാഗ്ദാനങ്ങളുടെ കാര്യത്തിൽ മോദിയും കെജ്രിവാളും തുല്യരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദില്ലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും തമ്മിൽ വാക്പോര്. വ്യാജ വാഗ്ദാനങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തുല്യരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ, രാഹുലിന്റെ പോരാട്ടം കോൺഗ്രസിനെ രക്ഷിക്കാനാണെന്നും തന്റേത് രാജ്യത്തെ രക്ഷിക്കാനാണെന്നും അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു.
രാജ്യവ്യാപകമായ ജാതി സെൻസസ് വിഷയത്തെ കുറിച്ച് മോദിയിൽ നിന്നും കെജ്രിവാളിൽ നിന്നും താൻ ഒരു വാക്കുപോലും കേട്ടിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. പിന്നാക്കക്കാർക്കുള്ള സംവരണവും ജാതി സെൻസസും വേണോ എന്ന കാര്യത്തിൽ കെജ്രവാളിന് മൗനമാണ്. മോദിയും കെജ്‌രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും പരാജയപ്പെട്ടു. ഇന്ത്യയിൽ ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമാകുകയാണ്. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ആവശ്യമായ പരിഗണന നൽകാൻ മോദിയും കെജ്രിവാളും ആഗ്രഹിക്കുന്നില്ല. ജാതി സെൻസസിൽ ഇരുവരും നിശബ്ദരാണ്. ദില്ലിയിൽ സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് സംവരണ പരിധി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അദാനി വിഷയത്തിലും രാഹുൽ കെജ്രിവാളിനെതിരെ ആഞ്ഞടിച്ചു. കെജ്രിവാൾ എപ്പോഴെങ്കിലും അദാനിയെ കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഒരു വ്യവസായിയെക്കൊണ്ട് രാജ്യം ഭരിക്കാൻ കോൺഗ്രസ് അനുവദിക്കില്ല. രാജ്യ തലസ്ഥാനത്തെ പാരീസാക്കി മാറ്റുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ, അഴിമതിയും മലിനീകരണവും പണപ്പെരുപ്പവുമാണ് ദില്ലിയിലുണ്ടായതെന്നും രാഹുൽ ആരോപിച്ചു. എന്നാൽ, രാഹുൽ ഗാന്ധി ദില്ലിയിൽ വന്ന് തന്നെ വളരെയധികം അധിക്ഷേപിച്ചെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ച് താൻ പ്രതികരിക്കാനില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. കോൺഗ്രസിനെ രക്ഷിക്കാനായി രാഹുൽ നടത്തുന്ന പോരാട്ടം മാത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, 2015 മുതൽ ദില്ലിയിൽ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാർട്ടി ഹാട്രിക് വിജയമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാൽ, 27 വർഷത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. മറുവശത്ത് 1998 മുതൽ 2013 വരെ ഭരിച്ച കോൺഗ്രസ് തിരിച്ചുവരവിന് വേണ്ടിയുള്ള നീക്കങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ദില്ലിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് ഒറ്റ ഘട്ടമായി നടക്കും. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.