വിദേശനിക്ഷേപത്തെ കുറിച്ചുള്ള വാഗ്ദാനങ്ങൾ 100 ശതമാനം യഥാർത്ഥ്യമാക്കുമെന്നും സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തി. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപാത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും സ്റ്റാലിൻ വിശദീകരിച്ചു. വിദേശനിക്ഷേപത്തെ കുറിച്ചുള്ള വാഗ്ദാനങ്ങൾ 100 ശതമാനം യഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വിവരിച്ചു.
undefined
അതേസമയം തമിഴ് നാട് മന്ത്രിസഭയിൽ പുനഃസംഘടന ഉടൻ ഉണ്ടാകുമന്നും സ്റ്റാലിൻ അറിയിച്ചു. സ്റ്റാലിന്‍റെ അമേരിക്കൻ യാത്രക്ക് മുന്നേ തന്നെ മന്ത്രിസഭ പുനഃസംഘനടകൾ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു. മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിലാണ് സ്റ്റാലിൻ എന്നും വാർത്തകളുണ്ടായിരുന്നു. എന്തായാലും മുഖ്യമന്ത്രി തന്നെ പുനഃസംഘടന ഉടനുണ്ടാകുമെന്ന് പറഞ്ഞതോടെ തീരുമാനം അറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
അതിനിടെ അന്നപൂർണ ഹോട്ടലുടമ വിവാദത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ തമിഴ്നാട് മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജി എസ് ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ നിർമല സീതാരാമൻ നേരിട്ട രീതി ലജ്ജാകരമെന്നാണ് എം കെ സ്റ്റാലിൻ പറഞ്ഞത്. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ തീരുമാനിച്ചിട്ടുണ്ടെന്നും എം കെ സ്റ്റാലിൻ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പ്രധാനമന്ത്രിയുമായി ഉടൻ സംസാരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം