ഭാജിപുരയിൽ നിന്ന് ഗിഫ്റ്റ് സിറ്റിയിലേക്കുള്ള പ്രധാനപാതയിലായിരുന്നു റീലിനായുള്ള യുവാക്കളുടെ അഭ്യാസം. വീഡിയോ പുറത്ത് വന്നതോടെ വൈറലായ യൂത്തന്മാർ പിന്നാലെ പിടിയിലുമാവുകയായിരുന്നു
ഗാന്ധിനഗർ: മന്ത്രിമാരുടെ വാഹനവ്യൂഹം പോലെ ആഡംബര കാറുകളിൽ പ്രധാന നിരത്തുകളിലൂടെ ചീറിപ്പാഞ്ഞ യുവാക്കൾ പിടിയിൽ. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. ഗുജറാത്തിലെ ഭാജിപുരയിൽ നിന്ന് ഗിഫ്റ്റ് സിറ്റിയിലേക്കുള്ള പ്രധാനപാതയിലായിരുന്നു റീലിനായുള്ള യുവാക്കളുടെ അഭ്യാസം. സിനിമകളിലും മറ്റും നായക കഥാപാത്രം വന്നിറങ്ങുന്നതിന് സമാനമായ രീതിയിൽ അമിത വേഗത്തിൽ പോയ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഏഴ് യുവാക്കളാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ഗാന്ധിനഗർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ഫോർച്യൂണർ, സ്കോർപിയോ, ബിഎംഡബ്ല്യു അടക്കമുള്ള വാഹനങ്ങൾ പിടിച്ചെടുത്തത്.
ഇരുപതോളം യുവാക്കൾ പ്രധാനറോഡിലൂടെ പത്തോളം വാഹനങ്ങളിൽ ചീറിപ്പായുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റീൽസ് ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഈ ചീറിപ്പായൽ എന്നതാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് യുവാക്കളെ ഓരോരുത്തരെയായി തിരിച്ചറിഞ്ഞ് ഏഴ് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. കാറിലെ നമ്പറുകൾ വച്ചാണ് യുവാക്കളെ പൊലീസ് കണ്ടെത്തിയത്. പിടിയിലായ യുവാക്കളിൽ ഏറിയ പങ്കും ഫിറോസ്പൂരിൽ നിന്നുള്ളവരാണ്. കാർ ഉടമകൾ അടക്കമാണ് പിടിയിലായിട്ടുള്ളത്.
undefined
ഓഗസ്റ്റ് 20നാണ് രണ്ട് വീഡിയോകൾ വൈറലായത്. 190 കിലോമീറ്റർ വേഗതയിലായിരുന്നു കാറുകൾ ചീറി പാഞ്ഞിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനിൽ വിഷ്ണുജി ജാദവ്, ജസ്വന്ത് അശോക്ജി യാദവ്, വൻരാജ് സിംഗ് ഗോർ, സുരേഷ് താക്കൂർ, സൊഹൈൽ ഷൌക്കത്തലി സൈദ്, ദേവാൻഷ് രഞ്ജിത്കുമാഡ ചൌഹാൻ, ചന്ദൻ ശൈലേന്ദ്രബായ് താക്കൂർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സെക്ഷൻ 279 അനുസരിച്ച് അമിത വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ആറ് മാസം തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഗുജറാത്ത് പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം