ഡേറ്റിംഗ് ആപ്പിലൂടെ 65കാരിക്ക് നഷ്ടമായത് 1.3 കോടി രൂപ, ഒരു വർഷം നീണ്ട തട്ടിപ്പ്

By Web Team  |  First Published Oct 8, 2024, 9:50 AM IST

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട അമേരിക്കൻ എൻജിയറെ ബിറ്റ്കോയിനിലൂടെ സഹായിച്ചതിന് 65കാരിയായ വീട്ടമ്മയെ ബന്ധപ്പെട്ടത് രാജ്യത്തെ വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന പേരിലായിരുന്നു. ഒരു വർഷത്തോളം നീണ്ട തട്ടിപ്പിൽ 65കാരിക്ക് നഷ്ടമായത് 1.3 കോടി രൂപ


മുംബൈ: 65 കാരിക്ക് ഡേറ്റിംഗ് ആപ്പിലൂടെ നടന്ന തട്ടിപ്പിലൂടെ നഷ്ടമായത് 1.3 കോടി രൂപ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഏപ്രിൽ 2023ലാണ് 65കാരിയായ വീട്ടമ്മ ഇന്റർനാഷണൽ ക്യൂപിഡ് എന്ന ഡേറ്റിംഗ് ആപ്പിലൂടെ അമേരിക്കൻ എൻജിനീയറായ പോൾ റൂഥർഫോഡിനെ പരിചയപ്പെടുന്നത്. ഫിലിപ്പീൻസിൽ ജോലി ചെയ്യുന്ന അമേരിക്കൻ പൌരനെന്നാണ് ഇയാൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്. പരിചയത്തിലായി 65കാരിയുടെ വിശ്വാസം നേടിയതിന് ശേഷം ഒരു ദിവസം കൺസ്ട്രക്ഷൻ സൈറ്റിൽ അപകടമുണ്ടായതായും അറസ്റ്റും നാടുകടത്തലും ഒഴിവാക്കാനായി പണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടത് അനുസരിച്ച് വീട്ടമ്മ പണം നൽകി. 2023 ജൂൺ വരെയുള്ള കാലത്താണ് 65 കാരി ഇയാൾക്ക് പണം നൽകിയത്. ബിറ്റ് കോയിൻ രൂപത്തിലായിരുന്നു ഇത്.  

പണം തിരികെ നൽകാമെന്ന് ഇയാൾ ഉറപ്പ് നൽകിയിരുന്നു. പാർസൽ ആയി പണം അയയ്ക്കാമെന്നായിരുന്നു പോൾ റൂഥർഫോഡ് 65 കാരിയോട് വാഗ്ദാനം ചെയ്തിരുന്നത്. വൈകാതെ കൊറിയർ അയച്ചതായും ഇയാൾ വിശദമാക്കി. അമേരിക്കൻ എൻജീനിയറുടെ പാർസൽ പ്രതീക്ഷിച്ചിരുന്ന വീട്ടമ്മയെ ദില്ലി എയർപോർട്ടിലെ ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി പ്രിയ ശർമ്മ എന്ന സ്ത്രീയുടെ ഫോൺ വിളിയായിരുന്നു. പാർസൽ എയർപോർട്ട് കസ്റ്റംസ് പിടിച്ച് വച്ചതായും പിഴ അടച്ചാൽ മാത്രമാണ് പാർസൽ വിട്ടുതരുകയെന്നും ഇവർ വിശദമാക്കി. ഇതോടെ വീട്ടമ്മ പല തവണകളായി ഇവർ ആവശ്യപ്പെട്ട പണം നൽകി. സർക്കാർ ചാർജ്ജുകൾ എന്ന പേരിലായിരുന്നു പണം വാങ്ങിയിരുന്നത്.

Latest Videos

undefined

2024 ജനുവരി മാസത്തിൽ ബാങ്ക് ഓഫ് അമേരിക്കയിലെ ഉദ്യോഗസ്ഥനെന്ന് വിശദമാക്കി ഒരാൾ വീട്ടമ്മയെ ബന്ധപ്പെട്ടു. കൊറിയറിൽ നിന്നുള്ള 2 മില്യൺ യുഎസ് ഡോളർ  ബാങ്ക് ഓഫ് അമേരിക്കയിലേക്ക് തിരിച്ചെത്തിയതായി അറിയിച്ച ഇയാൾ വീട്ടമ്മയ്ക്ക് ഒരു എടിഎം കാർഡും അയച്ച് നൽകി. ഇതിന് പിന്നാലെ റിസർവ്വ് ബാങ്കിൽ നിന്നും ഐഎംഎഫിൽ നിന്നുമാണെന്നും വിശദമാക്കി വീട്ടമ്മയെ വനിതാ ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ വന്നു. ഡോളർ ഇന്ത്യൻ കറൻസിയായി മാറ്റുമ്പോൾ 17 കോടി രൂപ വീട്ടമ്മയ്ക്ക് ലഭിക്കുമെന്നും ഇവർ കത്തിലൂടെ വിശദാമാക്കി. 

പിന്നീട് ഫോൺ വിളി എത്തിയത് നാഷണൽ പേയ്മെന്റ് കോർപ്പറേഷനിൽ നിന്നായിരുന്നു. വീട്ടമ്മയിൽ നിന്ന് ഇതിനോടകം ഈടാക്കിയ തുക തിരിച്ച് നൽകുന്നതായും എന്നാൽ എൻപിസിഐയ്ക്ക് ഫീസ് അടയ്ക്കണമെന്നുമായിരുന്നു നിർദ്ദേശം. പിന്നാലെ സ്വകാര്യ ബാങ്കിൽ നിന്നെന്ന രീതിയിൽ ഇന്റർ സിറ്റി ചാർജ്ജുകൾ എന്ന പേരിൽ ഇവരിൽ നിന്ന് ആവശ്യപ്പെട്ടു. നാഷണൽ പേയ്മെന്റ് കോർപ്പറേഷനിൽ നിന്ന് വീട്ടമ്മയ്ക്ക് ലഭിക്കുന്ന പണത്തിന് വേണ്ടിയായിരുന്നു ഇത്. വീട്ടമ്മ ഇവർക്കും പണം നൽകി.

ഇത്തരത്തിൽ ഒരു വർഷം കൊണ്ട് 1.3 കോടി രൂപയാണ് തട്ടിപ്പ് സംഘം വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത്. പണം ലഭിക്കാതെ വീണ്ടും വീണ്ടും ഫോൺവിളികൾ എത്താൻ തുടങ്ങിയതോടെ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!