ബൈക്കിൽ ചീറിപ്പാഞ്ഞ യുവാവിനെ പിന്തുടർന്ന പൊലീസ് കണ്ടെത്തിയത് വലിയ രീതിയിൽ തോക്കിലെ തിരകൾ
ദില്ലി: രാത്രി പരിശോധനയിൽ ബാക്ക് പാക്കുമായി എത്തിയ ബൈക്കറെ പൊലീസിന് സംശയം. പിന്തുടരുന്നുവെന്ന് വ്യക്തമായതോടെ ബൈക്കിൽ ചീറിപ്പാഞ്ഞ് യുവാവ്. പിടിവീഴുമെന്നായപ്പോൾ റോഡ് സൈഡിലേക്ക് ബാഗ് വലിച്ചെറിഞ്ഞ് ബൈക്കർ മുങ്ങി. ബാഗ് തപ്പിയെടുത്ത പൊലീസ് കണ്ടെത്തിയത് 500 തിരകൾ. ശനിയാഴ്ച രാത്രിയാണ് യുവാവിനെ പൊലീസ് പിന്തുടർന്നത്.
ദില്ലിയിലെ മോത്തി നഗറിന് സമീപത്ത് വച്ചായിരുന്നു പൊലീസ് യുവാവ് ഉപേക്ഷിച്ച ബാഗിൽ നിന്ന് വിവിധ തോക്കുകളിൽ ഉപയോഗിക്കുന്ന 500ഓളം തിരകൾ കണ്ടെത്തിയത്. 7.62 എംഎം ലൈവ് കാട്ട്രിഡ്ജുകളാണ് കണ്ടെത്തിയതിൽ ഏറിയ പങ്കും. പത്ത് പെട്ടികളായാണ് തിരകൾ സൂക്ഷിച്ചിരുന്നത്. യുവാവിനേക്കുറിച്ചും ഇയാളെത്തിയ ബൈക്കിനേക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ ശൃംഖലയ്ക്കായി എത്തിച്ചതാണ് തോക്കിന്റെ തിരകളെന്നാണ് പൊലീസ് സംശയിക്കുന്നത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ റെയിൽ പാളത്തിൽ നിന്ന് കണ്ടെത്തിയ ചാക്കുകെട്ടിനേക്കുറിച്ച് സംശയം. പരിശോധിച്ചപ്പോൾ പുറത്ത് വന്നത് വൻ അട്ടിമറി ശ്രമത്തിലേക്കുള്ള സൂചന. കാൻപൂരിലാണി റെയിൽ പാളത്തിൽ നിന്ന് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. ഇതുവഴിയേ കടന്ന് പോകേണ്ടിയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്യാസ് കുറ്റിയെന്നാണ് എൻടി ടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രയാഗ്രാജിൽ നിന്ന് ഭിവാനിയിലേക്ക് പോകുന്ന കാളിന്ദി എക്സ്പ്രസായിരുന്നു ഈ സമയം ഇതിലൂടെ കടന്ന് പോകേണ്ടിയിരുന്നത്. അതിവേഗതയിലെത്തിയ ട്രെയിൻ ഗ്യാസ് കുറ്റിയിലിടിച്ച് തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കിൽ പൊതിഞ്ഞ് ട്രാക്കിൽ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റെയിൽവേ പൊലീസ് വിശദമാക്കുന്നത്.