വീട്ടിൽ ഒളിപ്പിച്ച 3 കോടി രൂപ, സ്വർണം, നിക്ഷേപം; ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചെടുത്തത് 6.7 കോടിയുടെ ആസ്തി

By Web Team  |  First Published Aug 10, 2024, 8:29 AM IST

അനധികൃത സ്വത്ത് സമ്പാദന കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റെയ്ഡ്. അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിന് രൂപയുടെ ആസ്തികൾ കണ്ടെത്തിയത്.


ഹൈദരാബാദ്: ഉന്നത ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് കോടി രൂപ പിടിച്ചെടുത്തു. സ്വർണവും സ്വത്തുകളുമടക്കം ആകെ പിടിച്ചെടുത്തത് ആറ് കോടിയുടെ ആസ്തിയാണ്. നിസാമാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ സൂപ്രണ്ടും റവന്യൂ ഇൻചാർജ് ഓഫീസറുമായ ദാസരി നരേന്ദറിന്‍റെ വീട്ടിലായിരുന്നു റെയ്ഡ്. അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിന് രൂപയുടെ ആസ്തികൾ കണ്ടെത്തിയത്.

നരേന്ദറിനെതിരെ ചുമത്തിയ അനധികൃത സ്വത്ത് സമ്പാദന കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റെയ്ഡ്. വീട്ടിൽ ഒളിപ്പിച്ച 2.93 കോടി രൂപ എസിബി സംഘം കണ്ടെടുത്തു. നരേന്ദർ, ഭാര്യ, അമ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലായി 1.10 കോടി രൂപയാണ് ഉണ്ടായിരുന്നത്. 36 ലക്ഷം രൂപ വിലമതിക്കുന്ന 510 ഗ്രാം സ്വർണവും 1.98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും റെയ്ഡിൽ പിടിച്ചെടുത്തു. ആകെ പിടിച്ചെടുത്തത് 6.7 കോടി രൂപ വിലമതിക്കുന്ന ആസ്തിയാണ്. വേറെയും സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ എസിബി കൂടുതൽ പരിശോധന നടത്തും. 

Latest Videos

undefined

അഴിമതി നിരോധന നിയമം, 1988 പ്രകാരമാണ് നരേന്ദറിനെതിരെ കേസെടുത്തത്. വരുമാന സ്രോതസ്സിന് ആനുപാതികമല്ലാത്ത സ്വത്ത് കൈവശം വച്ചതുമായി ബന്ധപ്പെട്ട 13(1)(ബി), 13(2) എന്നീ വകുപ്പുകൾ ചുമത്തി. റെയ്ഡിന് ശേഷം നരേന്ദറിനെ കസ്റ്റഡിയിലെടുത്തു. എസ്പിഇ, എസിബി കേസുകൾക്കായുള്ള ഹൈദരാബാദിലെ പ്രത്യേക ജഡ്ജിക്ക് മുന്നിൽ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!