28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

By Web Team  |  First Published Sep 10, 2024, 8:37 AM IST

ദില്ലിയിൽ നിന്നെത്തിയ ട്രെയിനിലാണ്  ഭക്ഷ്യസുരക്ഷാ സംഘം പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.


ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ ആട്ടിറച്ചിയും കോഴിയിറച്ചിയും പിടികൂടി. ദില്ലിയിൽ നിന്നെത്തിയ ട്രെയിനിലാണ്  ഭക്ഷ്യസുരക്ഷാ സംഘം പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

28 ബോക്സുകളിലായി 1,556 കിലോഗ്രാം മാംസമാണ് ഉണ്ടായിരുന്നത്. അഴുകിയ മട്ടണ്‍, ചിക്കൻ, ചീസ്, കബാബ്, കൂണ്‍ എന്നിവയാണ് ബോക്സുകളിലുണ്ടായിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ശീതീകരണ സംവിധാനം ഇല്ലായിരുന്നു. പാഴ്സലുകളിൽ പുഴുക്കൾ നിറഞ്ഞിരുന്നു. അയച്ചവരുടെയോ സ്വീകർത്താക്കളുടെയോ കൃത്യമായ വിവരം ഇല്ലാതിരുന്നത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. ബന്ധപ്പെടാനുള്ള വിശദാംശങ്ങളില്ലാതെ രണ്ട് പേരുകൾ മാത്രമാണ് ലഭിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ പി സതീഷ് കുമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്. പിടികൂടിയ ഇറച്ചി പിന്നീട് കൊടുങ്ങയ്യൂർ ഡമ്പിങ് യാർഡിൽ നശിപ്പിച്ചു. വിജയവാഡയിൽ പെയ്ത മഴ ചരക്കുനീക്കം വൈകാൻ ഇടയാക്കി. ഇതും മാംസം അഴുകാൻ കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എ സദാശിവം, അലഗു പാണ്ടി, ജെബരാജ്, രാജപാണ്ടി, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്. 

Latest Videos

undefined

പലപ്പോഴും ഭക്ഷ്യവസ്തുക്കൾ പാഴ്സൽ ചെയ്യുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പാഴ്സലിൽ എന്താണെന്ന് ലേബൽ ചെയ്യണം. ആർക്ക് ആര് അയക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തണം. കേടാകുന്ന ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുമ്പോൾ കൃത്യമായ ശീതീകരണ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. എന്നാൽ പലപ്പോഴും തെർമോകോൾ പെട്ടികളിൽ ഭക്ഷണം കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സതീഷ് കുമാർ പറഞ്ഞു. മാംസം കൃത്യമായി മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം കശാപ്പ് ചെയ്ത തിയ്യതി, സമയം എന്നിവ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 20ന് എഗ്മൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും സമാനമായ രീതിയിൽ 1600 കിലോ പഴകിയ ആട്ടിറച്ചി  പിടികൂടിയിരുന്നു.

ചെന്നൈയുടെ പ്രതിദിന മാംസ ഉപഭോഗം ഏകദേശം 6,000 കിലോയാണ്. വാരാന്ത്യങ്ങളിലും ഉത്സവ ദിവസങ്ങളിലും ഇത് ഇരട്ടിയാകും. അതിനാൽ സംസ്ഥാനത്തിന്‍റെ തെക്കൻ ജില്ലകളിൽ നിന്നും ജയ്പൂർ, ദില്ലി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മാംസം എത്തിക്കുന്നു. 

ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തി, കൂട്ടുപുഴയിൽ പിടിവീണു, 22കാരനിൽ നിന്ന് പിടികൂടിയത് മെത്താംഫിറ്റമിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!