സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയതിന്റെ ത്രില്ലിൽ തിരുവനന്തപുരത്തെ 23 വിദ്യാർത്ഥികൾ

By Web Team  |  First Published Aug 15, 2024, 8:18 AM IST

ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തും.


ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനായി ദില്ലിയിൽ എത്തിയതിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്ത് നിന്നുള്ള 23 വിദ്യാർത്ഥികൾ. മൻകീ ബാത് ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തി.

"ഞങ്ങളെല്ലാവരും എക്സൈറ്റഡായിട്ടാണ് ഇവിടെ വന്നത്. ടെക്സ്റ്റ് ബുക്കുകളിൽ മാത്രം വായിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോകാൻ പറ്റി. മന്ത്രിമാരെ കാണാൻ പറ്റി"- കുട്ടികൾ പറഞ്ഞു. 

Latest Videos

undefined

രാജ്യതലസ്ഥാനത്തെ കാഴ്ചകളും അനുഭവങ്ങളും നൽകിയ ത്രില്ലിലാണ് ഓരോരുത്തരും. നെഹ്റു യുവ കേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംഘടിപ്പിച്ച മൻ കീ ബാത് ക്വിസ് മത്സരത്തിൽ വിജയിച്ച ഹൈസ്കൂൾ, പ്ലസ്ടു, കോളേജ് വിദ്യാർത്ഥികളാണ് ദില്ലിയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ നി‍ർമ്മല സീതാരാമൻ, എസ് ജയശങ്കർ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായി കൂടികാഴ്ച നടത്തി. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിദ്യാർത്ഥികളുമായി സംവദിച്ചു, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

തുടർച്ചയായി മൂന്നാം തവണയാണ് നെഹ്റു യുവ കേന്ദ്ര വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അവസരമൊരുക്കുന്നത്. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തും.

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് ചെങ്കോട്ടയിലെ പരിപാടികൾക്ക് തുടക്കമായത്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം 6000 പേർ ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു. 

വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാർ ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായുണ്ട്. സ്വാതന്ത്ര്യ ആഘോഷങ്ങൾ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി, ചെങ്കോട്ടയിൽ പതാക ഉയർത്തി

click me!