ഭാരപരിശോധനക്ക് കൊണ്ടുപോയ കരിമ്പ് ലോറി ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി അഗ്നിഗോളമായി, 2 പേർ മരിച്ചു

By Web Team  |  First Published Nov 7, 2024, 12:04 PM IST

കരിമ്പ് കയറ്റിയ ലോറി ട്രോളി ഭാര പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം


ആഗ്ര: കരിമ്പ് ലോറിയിലേക്ക് കയറ്റുന്നതിനിടെ ട്രോളി ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മുസാഫർനഗറിലെ ബുധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ധാനായാൻ മുബാരിക്പൂർ റോഡിൽ വച്ചാണ് അപകടമുണ്ടായത്. 35കാരനായ രാജു സിംഗ്, 25കാരനായ അജയ് കുമാർ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. 

ചാന്ദ്പൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവർ. ലോറിയുടെ ഡ്രൈവറായിരുന്നു അജയ് കുമാർ. മൻസൂർപൂരിലെ പഞ്ചസാര മില്ലിലേക്ക് കരിമ്പ് കൊണ്ട് പോകും മുൻപായി ഭാരപരിശോധന നടത്താനായി ലോറി കൊണ്ടുപോകും വഴിയാണ് ലോറിയിലെ ട്രോളി ഹൈ ടെൻഷൻ ലൈനിൽ തട്ടിയത്. ഇവരുടെ വാഹനത്തിന് മുന്നിൽ ട്രാക്ടറിൽ പോയിരുന്ന ഇവരുടെ സുഹൃത്ത് കൂടിയായ സൂരജിന് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. 

Latest Videos

സംഭവത്തിന് പിന്നാലെ ഗ്രാമവാസികൾ ഇവരുടെ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു. റൂറൽ എനർജി കോർപ്പറേഷനും പഞ്ചസാര മിൽ ഉടമകൾക്കും എതിരെയായിരുന്നു പ്രതിഷേധം. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന ധാരണയ്ക്ക് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. 

ഡിഎസ്പിയുടേയും എസ്ഡിഎമ്മിന്റേയും നേതൃത്വത്തിൽ ഗ്രാമീണരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റോഡ് ഉപരോധം അവസാനിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഡിഎസ്പി ഗജേന്ദ്രപാൽ സിംഗ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!