പുലർച്ചെ കടൽ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 13 പാക്കറ്റുകൾ; പരിശോധിച്ചപ്പോൾ 130 കോടി രൂപ വിലവരുന്ന കൊക്കൈൻ

By Web TeamFirst Published Jun 5, 2024, 4:30 PM IST
Highlights

അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ‍ ചെയ്തിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുകയാണ്.

കച്ച്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 130 കോടി രൂപ വിലവരുന്ന 13 പാക്കറ്റ് കൊക്കൈനാണ് കടൽ തീരത്തു നിന്ന് കണ്ടെത്തിയത്. എന്നാൽ മയക്കുമരുന്ന് എത്തിച്ചവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗുജറാത്തിലെ കച്ച് ജില്ലയിൽ ഗാന്ധിധാം നഗരത്തിന് സമീപത്തുള്ള കടലിടുക്കിൽ നിന്ന് ബുധനാഴ്ച പുലർച്ചെയാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.

മയക്കുമരുന്ന് എത്തിച്ചവർ പിടിക്കപ്പെടുമെന്ന് ഭയന്ന് ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്ന് കച്ച് ഈസ്റ്റ് ഡിവിഷൻ പൊലീസ് സൂപ്രണ്ട് സാഗർ ബാഗ്മർ പറഞ്ഞു. ഇതേ സ്ഥലത്തു നിന്ന് എട്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തീവ്രവാദ വിരുദ്ധ സ്‍ക്വാഡും സ്‍പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്നാണ് 13 പാക്കറ്റുകളിൽ നിറച്ചിരുന്ന കൊക്കൈൻ കണ്ടെടുത്തതെന്ന് പൊലീസ് പറ‌ഞ്ഞു. 130 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം.

Latest Videos

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതേ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയ മയക്കുമരുന്ന് പാക്കറ്റുകൾക്ക് സമാനമായിരുന്നു ഇന്ന് കണ്ടെത്തിയതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. കണ്ടെടുത്ത 13 പാക്കറ്റുകൾക്ക് ഓരോന്നിനും ഒരു കിലോഗ്രാം വീതം തൂക്കമുണ്ടായിരുന്നു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് തീവ്രവാദ വിരുദ്ധ സ്‍ക്വാഡ് എസ്.പി സുനിൽ ജോഷി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ കച്ച് ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ ഇതേ സ്ഥലത്തു നിന്ന് 80 പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇവയിൽ ഓരോന്നിലും ഓരോ കിലോഗ്രാം കൊക്കൈനായിരുന്നു ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ 800 കോടി വിലവരുന്നതായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!