ഫരീദാബാദിലെ നീലം ചൌക്ക്. അവിടെയെത്തുമ്പോൾ റോഡിനോട് ചേർന്നുള്ള ഫുട് പാത്തിൽ മകനായുള്ള മരണാനന്തര കർമ്മങ്ങളിലായിരുന്നു ആ അച്ഛൻ. ആകെ ഉലഞ്ഞിരുന്നു. അടിമുടി തകർന്നിരുന്നു. എങ്കിലും മകന് സംഭവിച്ചതെന്തെന്ന് പറയാൻ അദ്ദേഹം തയ്യാറായി
ഫരീദാബാദ്: ഹരിയാനയിൽ പന്ത്രണ്ടാം ക്ലാസുകാരനെ ഗോരക്ഷാ സേന വെടിവെച്ചു കൊന്ന സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുടുംബം. തങ്ങൾക്കിതുവരെ നീതി കിട്ടിയിട്ടില്ലെന്നും യഥാർത്ഥ പ്രതികളെ പിടിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയ നന്ദ് മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലെന്നും നീതി ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു
ഹരിയാന ഫരീദാബാദിലെ നീലം ചൌക്ക്. അവിടെയെത്തുമ്പോൾ റോഡിനോട് ചേർന്നുള്ള ഫുട് പാത്തിൽ മകനായുള്ള മരണാനന്തര കർമ്മങ്ങളിലായിരുന്നു ആ അച്ഛൻ. ആകെ ഉലഞ്ഞിരുന്നു. അടിമുടി തകർന്നിരുന്നു. എങ്കിലും മകന് സംഭവിച്ചതെന്തെന്ന് പറയാൻ അദ്ദേഹം തയ്യാറായി- "ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്‍റെ ഉടമസ്ഥയായ സുജാത ഗുലാട്ടി ഒരു മണിയോടെയാണ് ആര്യനെ കൊണ്ടുപോയത്. പിന്നീട് അവന് വെടിയേറ്റെന്ന് പറഞ്ഞ് അവർ എന്നെ വിളിക്കുകയായിരുന്നു"
ആഗസ്ത് 23നാണ് ആര്യൻ കൊല്ലപ്പെടുന്നത്. ഒരാഴ്ചക്കകം 5 പേർ പൊലീസിന്റെ പിടിയിലായി. ഗോരക്ഷാ സേന പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ചില ചോദ്യങ്ങൾക്ക് മറുപടി തരാൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ലെന്ന് സിയാ നന്ദ് മിശ്ര പറയുന്നു
"മുഖ്യപ്രതി അനിൽ കോസിയെ ഞാൻ നേരിട്ട് കണ്ടിരുന്നു. എന്തിനാണ് രണ്ട് തവണ വെടിയുതിർത്തതെന്ന് ഞാനവനോട് ചോദിച്ചു. എന്നാൽ താൻ ഒരു തവണ മാത്രമേ വെടി വെച്ചുള്ളൂ എന്നായിരുന്നു അയാളുടെ മറുപടി. അപ്പോൾ ആരാണ് എന്റെ മകന് നേരെ വെടിയുതിർത്തത്. ആരാണ് അവനെ കൊന്നത്?"- സിയാ നന്ദ് മിശ്ര ചോദിക്കുന്നു. കുടുംബത്തിന് പിന്തുണ അറിയിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആര്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
മകന്റെ മരണത്തിന് സംസ്ഥാനത്തെ മുഖ്യമന്ത്രി ചില മറുപടികൾ തരണമെന്നാണ് പിതാവുയർത്തുന്ന പ്രധാന ആവശ്യം. അതോടൊപ്പം പശുവിന്റെ പേരിൽ മനുഷ്യ ജീവനെടുക്കാൻ ഗോ രക്ഷാ സേനക്ക് ആര് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിക്കുന്നു- "ഗോ സംരക്ഷണ സേനയ്ക്ക് ആളുകളെ വെടിവച്ച് കൊല്ലാൻ സർക്കാർ അധികാരം നൽകിയിട്ടുണ്ടോ? മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് എന്‍റെ തീരുമാനം".