കുട്ടികളുടെ മാനസിക സംഘർഷങ്ങൾ എങ്ങനെ തിരിച്ചറിയാം? അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

By Web TeamFirst Published Oct 10, 2024, 9:53 AM IST
Highlights

നിങ്ങളുടെ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ എങ്ങനെ തിരിച്ചറിയാം? അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്നു. 
 

ഇന്ന് ലോകത്ത് ഏഴിൽ ഒരു കുട്ടി  മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവരിലെ പകുതിയിലധികം പ്രശ്നങ്ങളുടെയും തുടക്കം കൗമാര പ്രായത്തിലാണ്. ശാരീരികവും മാനസികവും വൈകാരികവും കുടുംബപരവും ജനിതകവുമായ പ്രശ്നങ്ങളാണ് ഒട്ടു മിക്ക കുട്ടികളിലും മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം. കുട്ടിക്കാലത്ത് അവരിൽ കാണുന്ന ഇത്തരം പ്രശ്നങ്ങൾക്ക് യഥാസമയം ചികിത്സ നൽക്കാതിരിക്കുന്നതുകൊണ്ടു വളർന്നു വരുമ്പോൾ പ്രശ്നങ്ങളും അവർക്കൊപ്പം തന്നെ  വലുതായിക്കൊണ്ടിരിക്കും. യഥാർത്ഥത്തിൽ മാനസിക ആരോഗ്യപ്രശ്നങ്ങളെയും അവയുടെ ലക്ഷണങ്ങളെയൂം കുറിച്ചു മാതാപിതാക്കൾക്ക് വ്യക്തമായ അറിവില്ലാത്തതുകൊണ്ടാണ് സ്വന്തം മക്കളുടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയാത്തത്. 

ശാരീരികമായ ഏതൊരു രോഗവും തുടക്കത്തിലെ കണ്ടെത്തി ചികിത്സ തുടങ്ങി അതിജീവിക്കുന്നതുപോലെ മാനസിക ആരോഗ്യ പ്രശ്നങ്ങളും തുടക്കത്തിലെ തിരിച്ചറിഞ്ഞ് മനശാസ്ത്രപരമായ ചികിത്സകൾ നൽകേണ്ടതുണ്ട്. എന്നാൽ മാനസിക ആരോഗ്യ വിദഗ്ധരെ കൺസൾട്ട് ചെയ്യുവാൻ നമ്മുടെ നാട്ടിൽ പലർക്കും ഇന്നും ഭയമാണ്. സമൂഹത്തിൽ ആരോഗ്യ മേഖലയെ കുറിച്ച് നിലനിൽക്കുന്ന തെറ്റായ ധാരണകളാണ് പലപ്പോഴും രക്ഷിതാക്കൾ ചികിത്സ നൽകുന്നതിൽ നിന്നും അകറ്റി നിർത്തുന്നത്. 

Latest Videos

സ്വന്തം കുട്ടി മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് 12 ലക്ഷണങ്ങൾ നിങ്ങളെ സഹായിക്കും.

1) അമിതമായ സങ്കട ഭാവം: 

വളരെയധികം സന്തോഷത്തോടെ കളിച്ചും ചിരിച്ചും നടന്ന കുട്ടികൾ ഒരു സുപ്രഭാതത്തിൽ ആരോടും സംസാരിക്കാതെ ഒറ്റയ്ക്ക് ഇരിക്കുകയോ കരയുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. അമിതമായ ടെൻഷനും വിഷമവും ഭയവും- മാനസിക പ്രശ്നങ്ങൾ കൊണ്ടാണ് പൊതുവേ കുട്ടികൾ ഇങ്ങനെ പെരുമാറുന്നത്. രണ്ടാഴ്ചയിൽ കൂടുതലായി ഇത്തരത്തിലുള്ള  മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ യാതൊരുവിധ മടിയും കൂടാതെ കുട്ടികളെ മാനസിക ആരോഗ്യ വിദഗ്ധരെ കാണിക്കേണ്ടതാണ്.

2) ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ ശ്രമിക്കുകയോ ചെയ്യുക:

ചില കുട്ടികള് കത്തിയോ ബ്ലേഡോ  എന്നിവ ഉപയോഗിച്ച് കയ്യിൽ വരയുന്നത് കാണാറുണ്ട്. സാധാരണ തമാശയായിട്ടാണ് പല വീട്ടുകാരും ഇതിനെ കാണുന്നത്. എന്നാൽ അമിതമായ ദേഷ്യമോ വാശിയോ വിഷമമോ ഉണ്ടാകുന്നത് ഉള്ളിൽ അടക്കിവെക്കാൻ പറ്റാതെ വരുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. ഇതു കൂടാതെ ചില കുട്ടികൾ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ മനസ്സിൽ മാതാപിതാക്കൾ അറിയാത്ത ബുദ്ധിമുട്ടുകൾ ഉള്ളതു കൊണ്ടാണ് ജീവിതം അവസാനിപ്പിച്ചാലോ എന്ന കടുത്ത ചിന്തയിലേക്ക് എത്തിക്കുന്നത്.

3) സാമൂഹിക ബന്ധങ്ങളിൽ നിന്നും ഉൾവലിയുക:

വളരെ നന്നായി സംസാരിക്കുകയും സ്പോർട്സിലും ആർട്സിലും നല്ല രീതിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന കുട്ടികൾ ഒരു സുപ്രഭാതത്തിൽ എല്ലാത്തിൽ നിന്ന് അകന്നു നിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. കൗമാരപ്രായത്തിൽ കുട്ടികളിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളുടെ ഫലമായാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ് മാതാപിതാക്കൾ.  ഒരു പരിധിവരെ ഹോർമോൺ വ്യതിയാനം കൊണ്ടു സംഭവിക്കുമെങ്കിലും അതുമാത്രമല്ല കാരണം മാനസികമായ അസ്വസ്ഥതകൾ കൊണ്ടും കുട്ടികളിൽ ഇത്തരം മാറ്റങ്ങൾ സംഭവിക്കാം. 

4) അമിതമായ ദേഷ്യവും ആക്രമണ സ്വഭാവവും:

ചില കുട്ടികൾ വീടുകളിൽ അമിതമായി ദേഷ്യം പ്രകടിപ്പിക്കാറുണ്ട് ഇങ്ങനെ ദേഷ്യം വരുന്ന സമയത്ത് അവർ മോശം വാക്കുകൾ പറയുകയും പൊട്ടിത്തെറിക്കുകയും കയ്യിൽ കിട്ടിയതെല്ലാം എറിഞ്ഞു നശിപ്പിക്കുകയോ കണ്ണിൽ കാണുന്നതെല്ലാം അടിച്ചു തകർക്കുകയോ  ചെയ്യുന്നുണ്ടെങ്കിൽ ഒരു സാധാരണ വികാരപ്രകടനമായി  നിങ്ങൾ അതിനെ കാണരുത്. അവർക്ക് വികാരങ്ങളെ ഒട്ടും നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോഴാണ് ഇങ്ങനെയുള്ള അക്രമ സ്വഭാവത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് നിങ്ങളുടെ മക്കൾ ആരോടെങ്കിലും ദേഷ്യപ്പെട്ട് ഇത്തരത്തിലെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ മാനസിക ആരോഗ്യ വിദഗ്ധരെ കൺസൾട്ട് ചെയ്യുന്നത് നല്ലതാണ്.

5) ഉറക്കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ:

മനസ്സ് അസ്വസ്ഥമായിരിക്കുന്ന സമയത്ത് സാധാരണ കുട്ടികൾക്ക് ഉറക്കക്കുറവ്/ അമിതമായ ഉറക്കമോ  സംഭവിക്കാറുണ്ട്. അങ്ങനെ  നിങ്ങളുടെ മക്കളുടെ ഉറക്കത്തിൽ വ്യതിയാനങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അവരുടെ പെരുമാറ്റങ്ങളും വൃത്തികളും നിരീക്ഷിക്കുകയും അസ്വാഭാവികമായി എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ സൈക്കോളജിസ്റ്റിൻ്റെ സേവനം തേടേണ്ടതാണ്.

6) ശരീരഭാരം കുറയുക:

മനസ്സിന് ബുദ്ധിമുട്ട്  ഉണ്ടാകുമ്പോൾ വിശപ്പില്ലായ്മ പൊതുവേ എല്ലാവരിലും പ്രകടമായിരിക്കും. കുട്ടികളിലും അതുപോലെ  തന്നെയാണ്. സങ്കടം,  ടെൻഷൻ മറ്റു മാനസിക അസ്വസ്ഥതകൾ ഇവയെല്ലാം വരുമ്പോഴാണ്  വിശപ്പ് കുറഞ്ഞുവരുന്നത്. ഇത്തരം സാഹചര്യത്തിൽ സാധാരണയായി കഴിക്കുന്ന ആഹാരം പോലും കഴിക്കാതെയാകും ഇതു കാരണം രണ്ടു മുതൽ അഞ്ചു കിലോ ഭാരം കുറയുന്നുണ്ടെങ്കിൽ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.  ശാരീരിക പ്രശ്നങ്ങൾ കൊണ്ടും മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും ശരീരഭാരത്തിൽ കുറവുകൾ വരാറുണ്ട്. അതുകൊണ്ട് ഇതിൽ ഏതാണ് യഥാർത്ഥ കാരണം എന്ന് ഉറപ്പുവരുത്തി വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് അവരുടെ ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങൾ താളം തെറ്റിച്ചേക്കാം. 

7) ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ശാരീരിക വേദനകൾ:

നിങ്ങളുടെ കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് തലവേദനയോ വയറുവേദനയോ ഉണ്ടാകുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. സാധാരണ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ചൈൽഡ് സ്പെഷ്യലിസ്റ്റായ ഡോക്ടറുടെ അടുക്കൽ കൊണ്ടുപോവുകയും എല്ലാവിധ ടെസ്റ്റുകളും നടത്തും എന്നിട്ടും യാതൊരു പ്രശ്നവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ  ഡോക്ടർമാർ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുവാൻ നിർദ്ദേശിക്കും. കാരണം മനസ്സിനകത്ത് പേടിയോ ടെൻഷനോ നിരാശയോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ളപ്പോൾ കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് മാറ്റിയെടുത്തില്ലെങ്കിൽ അത് അവരുടെ പെരുമാറ്റത്തെയും പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും വരെ ബാധിക്കും. 

8) ശ്രദ്ധക്കുറവ്:

രണ്ടാഴ്ചയിൽ കൂടുതലായി പഠനത്തിലോ മറ്റു കാര്യങ്ങളിലോ  നിങ്ങളുടെ മക്കൾക്ക് ശ്രദ്ധക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. പല മാനസിക അസ്വസ്ഥതകളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശ്രദ്ധക്കുറവ്. നേരത്തെ കണ്ടുപിടിച്ചില്ലെങ്കിൽ അവരുടെ തുടർ പഠനത്തെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

9) പഠനത്തിൽ താല്പര്യ കുറയുക:

വളരെ നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ പഠനത്തോട് താൽപര്യക്കുറവ് കാണിക്കുകയും പരീക്ഷകളിൽ മാർക്ക് കുറയുകയും പഠിക്കാൻ പറയുമ്പോൾ അമിതമായി ദേഷ്യപ്പെടുകയോ അസ്വസ്ഥതകൾ കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരുടെ മനസ്സ് അസ്വസ്ഥമാണെന്ന് മനസ്സിലാക്കുക. സാധാരണയായി പഠന വൈകല്യങ്ങൾ സ്വഭാവ വൈകല്യങ്ങൾ പെരുമാറ്റ വൈകല്യങ്ങൾ ഹൈപ്പർ ആക്ടിവിറ്റി ശ്രദ്ധക്കുറവ് ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വരുമ്പോഴാണ് കുട്ടികൾ പഠനത്തിൽ പുറകിലേക്ക് പോകുന്നത്.

10) ദിനചര്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ:

മാനസിക അസ്വസ്ഥതകൾ വരുമ്പോൾ കുട്ടികളുടെ ദിനചര്യയിൽ കാതലായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അതുമൂലം രാവിലെ എഴുന്നേൽക്കുവാൻ മടി പല്ലുതേക്കുന്നതിനും കുളിക്കുന്നതിനും ഒരുപാട് സമയം എടുക്കുക ഭക്ഷണം കഴിക്കുന്നതിനും വസ്ത്രം മാറ്റുന്നതിനും താല്പര്യക്കുറവ് പ്രകടിപ്പിക്കുകയും വ്യക്തി ശുചിത്വം പാലിക്കുന്നതിൽ നിന്ന് കുട്ടികൾ പുറകിലേക്ക് പോകുന്നുണ്ടെങ്കിൽ അവരെ പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കുക. 

11) പ്രായത്തിനനുസരിച്ച് പക്വത കാണിക്കാതിരിക്കുക: 

വ്യക്തിത്വ വൈകല്യങ്ങൾ സ്വഭാവ വൈകല്യങ്ങൾ പെരുമാറ്റ വൈകല്യങ്ങൾ ബുദ്ധി കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വരുമ്പോൾ കുട്ടികൾ പ്രായത്തി പെരുമാറുകയും പ്രവർത്തിക്കുക ചെയ്യാറില്ല. നിങ്ങളുടെ മക്കളുടെ സ്വഭാവത്തിൽ ഇത്തരത്തിൽ വ്യതിയാനങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ കഴിയും വേഗത്തിൽ മാനസിക ആരോഗ്യ വിദഗ്ധരെ കാണിക്കുക.

12) വിനോദസമയങ്ങളിൽ ഗെയിമുകൾ അടക്കമുള്ള കാര്യങ്ങളിൽ കാണിക്കുന്ന താൽപര്യ കുറവ്:

വളരെ നന്നായി പഠനത്തിലും മറ്റു കാര്യങ്ങളിലും മികവുപുലർത്തിരുന്ന കുട്ടികൾ പെട്ടെന്ന് എല്ലാത്തിൽ നിന്ന് അകന്നു താൽപര്യം പ്രകടിപ്പിക്കാതെ ഇരിക്കുന്നുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധിക്കുക. ജീവിതത്തിൽ ഉണ്ടാകുന്ന ചില പരാജയങ്ങൾ അവരെ മാനസികമായി ബാധിച്ചതിന്റെ എന്നതാണ് അതിനർത്ഥം.

ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ മക്കൾ കാണിക്കുന്നുണ്ടെങ്കിൽ മാനസിക ആരോഗ്യ വിദഗ്ധരെ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കുക. മക്കളുടെ നല്ല മാനസിക ആരോഗ്യമാണ് അവരുടെ ഭാവി ജീവിതത്തെ സുരക്ഷിതമാക്കുന്നതെന്ന് തിരിച്ചറിയുക അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് മാതാപിതാക്കളാണ്.

Also read: മാനസികാരോഗ്യത്തിനും സന്തോഷം അനുഭവപ്പെടാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍

youtubevideo

click me!