എല്ലാവര്‍ക്കുമായി കൊവിഡ് വാക്‌സിനെത്താന്‍ 2021 പകുതിയെങ്കിലുമാകും: ലോകാരോഗ്യ സംഘടന

By Web Team  |  First Published Sep 4, 2020, 8:23 PM IST

വാക്‌സിനുകള്‍ കണ്ടെത്തപ്പെട്ടാല്‍ മാത്രം മതിയാകില്ലെന്നും അതിന്റെ ഫലത്തിലും ഗുണത്തിലും ഉണ്ടാകേണ്ട മൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജനീവയില്‍ നടന്ന വിശദീകരണപരിപാടിയില്‍ ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് അറിയിച്ചു


ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് കൊവിഡ് 19 മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വാക്‌സിനിലാണ് മുഴുവന്‍ പേരുടേയും പ്രതീക്ഷ. പല രാജ്യങ്ങളിലും വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും എല്ലാവരിലേക്കുമായി വാക്‌സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നാണ് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്. 

വാക്‌സിനുകള്‍ കണ്ടെത്തപ്പെട്ടാല്‍ മാത്രം മതിയാകില്ലെന്നും അതിന്റെ ഫലത്തിലും ഗുണത്തിലും ഉണ്ടാകേണ്ട മൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജനീവയില്‍ നടന്ന വിശദീകരണപരിപാടിയില്‍ ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് അറിയിച്ചു. 

Latest Videos

undefined

കൊവിഡ് വാക്‌സിന്‍ പരീക്ഷണഘട്ടം പൂര്‍ത്തിയാക്കിയെന്ന് റഷ്യയും അമേരിക്കയുമെല്ലാം അറിയിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം വന്നിരിക്കുന്നത്. 

'വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമെന്നത് അല്‍പം സമയമെടുക്കുന്ന ഘട്ടമാണ്. കാരണം, ഈ ഘട്ടത്തില്‍ മാത്രമേ വാക്‌സിന്റെ ഫലവും ഗുണവും മറ്റ് അനന്തഫലങ്ങളും കൃത്യമായി മനസിലാക്കാനാകൂ. വാക്‌സിന്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ഈ ഘട്ടം പരിപൂര്‍ണ്ണമായി കടന്നുകിട്ടേണ്ടതുണ്ട്. ഒരുപാട് പേരില്‍ വാക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം എത്രകണ്ട് വിജയമാണെന്നത് ഞങ്ങള്‍ക്ക് വ്യക്തമായിട്ടില്ല...'- മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. 

ഒരു വാക്‌സിന്റെ പേരും എടുത്തുപറയാതെയാണ് ലോകാരോഗ്യ സംഘടനാ വക്താക്കളുടെ പ്രതികരണം. ഇതുവരെ ഉത്പാദിപ്പിച്ചെടുത്തിട്ടുള്ള വാക്‌സിനുകള്‍ അതത് സ്ഥലങ്ങളില്‍ പ്രയോജനപ്പെട്ടേക്കാമെങ്കിലും എല്ലാവര്‍ക്കുമായി ഉപയോഗപ്പെടുന്ന തരത്തിലേക്ക് അവയുടെ സുരക്ഷിതത്വം ഉറപ്പാക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ് ഈ വിശദീകരണം വ്യക്തമാക്കുന്നത്.

Also Read:- ഓക്‌സ്‌ഫഡ് വാക്സിനെതിരെ ഓസ്‌ട്രേലിയയിൽ മതനേതാക്കളുടെ പ്രതിഷേധം...

click me!