കൊവിഡ് ഭേദമായ 90% പേരിലും പല ആരോഗ്യപ്രശ്‌നങ്ങള്‍; കണ്ടെത്തലുമായി ഗവേഷകസംഘം...

By Web Team  |  First Published Aug 6, 2020, 9:22 AM IST

ഏപ്രില്‍ മുതല്‍ നടന്നുവരുന്ന പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കൊവിഡ് മുക്തി നേടിയവരില്‍ 90 ശതമാനം പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുവെന്നാണ് സംഘം വിലയിരുത്തുന്നത്. പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളാണത്രേ കൂടുതലും


ലോകത്തെയൊട്ടാകെയും ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യമായി ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോയ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലായിരുന്നു. ഏതാണ്ട് 70,000ത്തോളം പേര്‍ക്കാണ് ഇവിടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,512 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 

പിന്നീട് വുഹാനില്‍ നിന്നാണ് കൊവിഡ് 19 ലോകരാജ്യങ്ങളിലേക്കൊട്ടാകെ പടര്‍ന്നുപിടിച്ചത്. ശാസ്ത്രലോകത്തിനും പുതിയ വെല്ലുവിളിയായിരുന്നു കൊറോണ ഉയര്‍ത്തിയത്. അതിനാല്‍ തന്നെ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാനായി വിവിധ തരത്തിലുള്ള പഠനങ്ങളിലാണ് ഗവേഷകരൊക്കെയും.  

Latest Videos

undefined

ഇത്തരത്തില്‍ വുഹാനില്‍ ആദ്യഘട്ടത്തില്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയ ഒരു സംഘത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് വുഹാന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള 'സോംഗ്നാന്‍' ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍. രോഗം ഭേദമായ ശേഷം ഇവരില്‍ കാണുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. 

 


ഏപ്രില്‍ മുതല്‍ നടന്നുവരുന്ന പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കൊവിഡ് മുക്തി നേടിയവരില്‍ 90 ശതമാനം പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുവെന്നാണ് സംഘം വിലയിരുത്തുന്നത്. പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളാണത്രേ കൂടുതലും. 

ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഒരാള്‍ക്ക് ആറ് മിനുറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരം പോലും ഇവര്‍ക്ക് നടന്നെത്താനാകുന്നില്ലെന്നും ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിലുള്ള മന്ദഗതി മൂലമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

പലരും ഇപ്പോഴും ശ്വാസതടസം നേരിടുന്നുണ്ടെന്നും അവരില്‍ ചിലര്‍ക്കെങ്കിലും ഓക്‌സിജന്‍ സഹായം വേണ്ടിവന്നുവെന്നും ഗവേഷര്‍ വ്യക്തമാക്കുന്നു. ഇതിനിടെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടി ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത 'ആന്റിബോഡി' അപ്രത്യക്ഷമായിരിക്കുന്നുവത്രേ.

 


അതായത്, വീണ്ടും രോഗികളാകാന്‍ സാധ്യത നിലനില്‍ക്കുന്നതിന് തുല്യം. ഇവരില്‍ അഞ്ച് ശതമാനത്തിന്റെ 'ഐജിഎം' ടെസ്റ്റ് ഫലം ഇപ്പോഴും പൊസിറ്റീവാണ്. അതിനാല്‍ ഇവരെ വീണ്ടും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണത്രേ ഇപ്പോള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ചില അവ്യക്തതകളുണ്ടെന്ന് ഗവേഷകര്‍ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. 

'രോഗം ഭേദമായ മിക്കവരുടേയും രോഗ പ്രതിരോധവ്യവസ്ഥ ദുര്‍ബലമായാണ് തുടരുന്നത്. ഇത് ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഭൂരിപക്ഷം പേരിലും ഇപ്പോഴും രോഗമുണ്ടാക്കിയ ആഘാതത്തിന്റെ അവശേഷിപ്പുണ്ട്. മാനസിക സംഘര്‍ഷം, സമ്മര്‍ദ്ദം, ഭയം, ഉത്കണ്ഠ, നിരാശ എന്നിങ്ങനെ പല രീതിയിലാണ് ഇത് പ്രതിഫലിക്കുന്നത്...'- ഗവേഷകരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Also Read:- കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്...

click me!