കൊവിഡ് 19 രോഗികളിലെ ഹൃദയസ്തംഭന സാധ്യത; ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്...

By Web Team  |  First Published Oct 2, 2020, 6:27 PM IST

യുവാക്കളിലാണെങ്കില്‍ സമയബന്ധിതമായി സിപിആര്‍ നല്‍കാനായാല്‍ ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം. അത്തരത്തിലുള്ള കേസുകളുമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ എപ്പോഴും അപകടഭീഷണി നിലനില്‍ക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്


കൊവിഡ് 19, പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുകയെന്ന് നമ്മള്‍ കണ്ടു. എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, കൊവിഡ് രോഗമുള്ള ഒരാള്‍ അനുഭവിക്കുന്നത്. അതുവരെയുള്ള അയാളുടെ ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങള്‍, രോഗബായ്ക്ക് ശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തി പല തരത്തിലാണ് രോഗി വിഷമതകള്‍ നേരിടുന്നത്. 

ഇതിനിടെ കൊവിഡ് രോഗികള്‍ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊവിഡ് 19 ഗുരുതരമായി ബാധിക്കുന്ന രോഗികളില്‍ ഹൃദയസ്തംഭന സാധ്യതയുണ്ടെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. 

Latest Videos

undefined

'യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണി'ല്‍ നിന്നുള്ള ഗവേഷകരാണ് യുഎസിലെ അയ്യായിരത്തിലധികം കൊവിഡ് രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം നടത്തിയത്. കൊവിഡ് ഗുരുതരമായി ബാധിച്ചവരില്‍ ഹൃദയസ്തംഭന സാധ്യതയുണ്ടെന്നും അതില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ കഴിയുന്നവര്‍ കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് പ്രായമായവരാണെങ്കില്‍ ഇതുമൂലമുള്ള മരണസാധ്യത വളരെ കൂടുതലാണെന്നും പഠനം പറയുന്നു. 

യുവാക്കളിലാണെങ്കില്‍ സമയബന്ധിതമായി സിപിആര്‍ നല്‍കാനായാല്‍ ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം. അത്തരത്തിലുള്ള കേസുകളുമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ എപ്പോഴും അപകടഭീഷണി നിലനില്‍ക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. രോഗം കണ്ടെത്തപ്പെട്ട്, അത് രൂക്ഷമായ അവസ്ഥയിലെത്തി, ഐസിയുവില്‍ പ്രവേശിപ്പിച്ച് പതിനാല് ദിവസത്തിനുള്ളിലാണ് മഹാഭൂരിപക്ഷം പേര്‍ക്കും ഹൃദയസ്തംഭനമുണ്ടായിരിക്കുന്നതെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. 

മറ്റ് അസുഖങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണത്രേ. അതിനാലാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍ കൂടുതലായി മരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗികള്‍ ചികിത്സയിലിരിക്കുന്ന ആശുപത്രികളിലെ പരിചരണം, സൗകര്യങ്ങള്‍ എന്നിവയെല്ലാം വളരെ പ്രധാനമാണെന്നും, രോഗിക്ക് പ്രാഥമിക മെഡിക്കല്‍ സഹായം സമയത്തിന് ലഭ്യമാക്കുന്നതില്‍ ഈ ഘടകങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ലെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- 'കൊവിഡ് 19 വായുവിലൂടെ പകരും'; തെളിവുമായി പുതിയ പഠനം...

click me!