ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാവും പകലും ജോലി ചെയ്യുന്നവരാണ് നഴ്സുമാര്‍. അത്തരത്തില്‍ കൊവിഡ് 19നെ അടുത്തു നിന്നും അകലെ നിന്നും നോക്കി കണ്ട ഒരു നഴ്സിന്‍റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാവും പകലും ജോലി ചെയ്യുന്നവരാണ് നഴ്സുമാര്‍. അത്തരത്തില്‍ കൊവിഡ് 19നെ അടുത്തു നിന്നും അകലെ നിന്നും നോക്കി കണ്ട ഒരു നഴ്സിന്‍റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇടയിൽ സ്ഥിതിചെയ്യുന്ന ജേഴ്സി എന്ന ചെറിയ ഒരു അയലൻഡിൽ 14 വർഷമായി നഴ്സായി ജോലി ചെയ്യുന്ന സ്മിത ജോയി വയലിൽ ആണ് കൊവിഡിനെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നത്.
undefined
കുറിപ്പ് വായിക്കാം...
ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇടയിൽ സ്ഥിതിചെയ്യുന്ന, ഒന്നേകാൽ ലക്ഷം ആളുകൾ താമസിക്കുന്ന ,ടൂറിസം പ്രധാന വരുമാന മേഖലയായ, എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ വന്നു പോകുന്ന ,ജേഴ്സി എന്ന ചെറിയ ഒരു അയലൻഡിൽ 14 വർഷമായി നഴ്സായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ. 210 കിടക്കകളുള്ള ഒരു ആശുപത്രി 30 കിടക്കകളുള്ള റിഹാബിലിറ്റേഷൻ സെൻറർ ഒട്ടനവധി കെയർ ഹോമുകൾ എന്നിവ ഉള്ള സ്ഥലമാണ് ഇത്. ജനസംഖ്യയിൽ നല്ലൊരു ശതമാനവും പ്രായമായവർ ആണ്. Geneal practitioner സംവിധാനം ഇവിടെ പ്രവർത്തിക്കുന്നത് സ്വകാര്യമേഖലയിലാണ്.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ലോക ദുരന്തമായി പ്രഖ്യാപിച്ച ,കോവിഡ് -19 ചൈനയിൽ ഉടലെടുത്തത് കൊണ്ടും, അമേരിക്ക ചൈന രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗം ആയി മാറിതുകൊണ്ടും, ഒരു ജൈവ ആയുധം ആയിരിക്കാം എന്ന കിംവദന്തി ലോകമെമ്പാടും പരന്നത് കൊണ്ടും, തുടക്കംമുതൽ പരിഭ്രാന്തിയും പരസ്പരം പഴിചാരലും കൊണ്ട് ലോകം നേരിട്ട ഒരു മഹാവ്യാധി യാണ്. കോവിഡ് -19 നെ കുറിച്ച് ജനങ്ങളുടെ ഇടയിൽ പരന്ന ആ പരിഭ്രാന്തി ആണ് ഈ രോഗം നേരിടുന്നതിൽ മിക്ക രാജ്യങ്ങളും നേരിട്ട ആദ്യ വെല്ലുവിളി. സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷണങ്ങളും ടോയ്ലറ്റ് റോളുകളും സോപ്പുകളും വാങ്ങിക്കൂട്ടുന്ന അവയ്ക്കുവേണ്ടി പരസ്പരം വഴക്കിടുന്ന ജനങ്ങളുടെ വീഡിയോകൾ നമ്മളിൽ പലരും കണ്ടിരിക്കും. പരിഭ്രാന്തി പടരാതിരിക്കാൻ എടുത്ത മുൻകരുതലുകൾ തന്നെയാണ് പ്രതിരോധമാർഗങ്ങളിൽ ഉണ്ടായ വീഴ്ചകൾക്കും പലപ്പോഴും കാരണമായത്.
താരതമ്യേന ജനസംഖ്യ കുറഞ്ഞതും പരിമിതമായ ആരോഗ്യ സംവിധാനങ്ങളുമുള്ള ജഴ്സിയിൽ വളരെ ഫലപ്രദമായി തന്നെ ഈ പരിഭ്രാന്തി നേരിടാൻ സാധിച്ചു എന്ന് പറയാം. അതിന് സ്വീകരിച്ച മാർഗം രോഗത്തെയും രോഗ ലക്ഷണങ്ങളെയും മുൻകരുതലുകളേയും കുറിച്ചുള്ള മുന്നറിയിപ്പുകൾ എല്ലാ പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കുക എന്നത് തന്നെയായിരുന്നു. ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചപ്പോൾ മുതൽ അത് തുടങ്ങുകയും ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ശക്തമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. ഒരു മഹാവ്യാധി യെ നേരിടുമ്പോൾ അതിനെ നേരിടാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല നമ്മൾ എന്ത് ചെയ്യും എന്ന് ആലോചനയിൽ നിന്നാണ് അതിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മികച്ച പദ്ധതി തുടങ്ങുന്നത്.
അത് എങ്ങനെയാണ് എന്ന് കേരളത്തിന്റെ വെളിച്ചത്തിൽ നമുക്കൊന്നു നോക്കാം ഈ മഹാവ്യാധിയെ നേരിടുന്നതിന് നമ്മുടെ കയ്യിൽ ഒന്നുമില്ല എന്ന് നമ്മൾ ചിന്തിച്ച് തുടങ്ങിയാൽ ആദ്യം നമ്മൾ എന്ത് ചെയ്യും ആ മഹാവ്യാധി കേരളത്തിൽ വരാതിരിക്കാൻ നോക്കും വരാതിരിക്കാൻ നോക്കണമെങ്കിൽ നമ്മൾ എന്ത് ചെയ്യും വരുന്ന വഴി ഏതാണെന്ന് കണ്ടുപിടിക്കും. വരുന്ന വഴി ഏതാണ് എന്ന് കണ്ടു പിടിച്ചാൽ നമ്മൾ എന്ത് ചെയ്യും ആ വഴി ഒഴിവാക്കാൻ പറ്റുമോ എന്ന് നോക്കും. പൂർണ്ണമായും ആ വഴി ഒഴിവാക്കാൻ പറ്റുകയില്ല എന്ന് മനസ്സിലാക്കിയാൽ അടുത്ത നടപടി എന്തായിരിക്കും അത് വരുന്ന വഴിയും പോകുന്ന വഴികളും പരമാവധി സുരക്ഷിതമാക്കാൻ നോക്കും. ചൈനയിൽ നിന്നും കോവിഡ് -19 ബാധിതരായ വിദ്യാർഥികൾ കേരളത്തിൽ എത്തിയപ്പോൾ മുതൽ കോവിഡ് -19 വരുന്ന വഴി നമുക്ക് മനസ്സിലായി. അത് പൂർണ്ണമായും അടക്കാൻ കഴിയാത്ത വഴിയാണ് എന്നും മനസ്സിലായി. ആ വഴിയിലൂടെ വീണ്ടും വരാനുള്ള സകല സാധ്യതകളും ഉണ്ട് എന്നും മനസ്സിലായി. എന്നാൽ അന്നുമുതൽ അത് വരുന്ന വഴികളും പോകുന്ന വഴികളും സുരക്ഷിതമാക്കാനുള്ള എന്തെല്ലാം നടപടികളാണ് നമ്മൾ എടുത്തത്. എന്നാൽ കോവിഡ് -19 വീണ്ടും വന്നപ്പോഴും അത് വന്ന വഴികൾ പൂർണമായും അടയ്ക്കുവാൻ നമുക്ക് ആവില്ല എന്ന ഉറച്ച ബോധ്യം ഉണ്ടായിരുന്നപ്പോഴും ആ വഴികൾ അടച്ചു എന്ന് വരുത്തി തീർക്കാനും അതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടത്തിനും ആണ് നാം പ്രാധാന്യം കൊടുത്തത്
ഉദാഹരണത്തിന് ഇറ്റലിയിൽ നിന്ന് വന്ന വരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചത് വലിയ മാധ്യമശ്രദ്ധ കിട്ടിയ വിഷയമായിരുന്നു ആ അവസരം മുതലെടുത്ത് വന്നവഴി സുരക്ഷിതമാക്കാനുള്ള മുൻകരുതലുകൾ പ്രചരിപ്പിക്കുന്നത് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുപകരം എല്ലാം നിയന്ത്രണത്തിലാണ് എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും അതുമൂലം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനും ചിലരെങ്കിലും ശ്രമിച്ചു. ഇംഗ്ലണ്ടിലെ കോവിഡ് -19 തടയുന്നതിലെ പരാജയം ചൂണ്ടിക്കാണിച്ചു നമ്മൾ പരിഹസിക്കുമ്പോൾ അവരുടെ ആരോഗ്യവിദഗ്ധർ പറഞ്ഞ ആരും ശ്രദ്ധിക്കാത്ത ഒരു പ്രസ്താവനയുണ്ട് ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല എന്ന് കേരളത്തിലെ കോവിഡ് -19 വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഉണ്ടായ ശ്രമത്തെ സധൈര്യം എതിർത്ത പ്രതിപക്ഷനേതാവിന്റെ നിലപാടും അനാവശ്യ പത്രസമ്മേളനങ്ങളും അനാവശ്യ വിവരങ്ങൾ പുറത്തു വിടുന്നതും ഒഴിവാക്കണമെന്ന കടുത്ത നിലപാട് എടുത്ത ഇന്ത്യൻ മെഡിക്കൽ അസോസിയേന്റെ നിലപാടും ഈ അവസരത്തിൽ പ്രശംസനീയം തന്നെയാണ്.
പകർച്ചവ്യാധികൾ തടയുന്നതിന് ഒന്നാമത്തെ ഉത്തരവാദിത്വം പൗരന് തന്നെയാണ് എന്നാൽ ആ പൗരനെ വേണ്ടവിധത്തിൽ ബോധവൽക്കരിക്കുക എന്നതാണ് സർക്കാറുകളുടെ പ്രഥമ ഉത്തരവാദിത്വം. അത് കൃത്യമായി നിർവഹിച്ചതിനു ശേഷം മാത്രമേ ഒരു പൗരനെ അവൻന്റെ ഉത്തരവാദിത്വ കുറവിന് ശിക്ഷിക്കാൻ സർക്കാരുകൾക്ക് അവകാശമുള്ളൂ. അതിന് ആദ്യം വേണ്ടത് പൊതുജന ങ്ങളോട് സത്യം പറയുക എന്നതാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇറക്കിയ മുന്നറിയിപ്പുകളെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ നമ്മൾ എത്രത്തോളം പ്രയോജനപ്പെടുത്തി എന്നത് ഈ അവസരത്തിൽ ആത്മപരിശോധന നടത്തേണ്ടതാണ് . ഈ രോഗവിവരം പുറത്തുവിട്ടാൽ ചൈനീസ് ന്യൂ ഇയറിൽ ഉണ്ടാകാൻ പോകുന്ന സാമ്പത്തിക നഷ്ടവും പൊതുജനപങ്കാളിത്തം ഇല്ലാതെ തന്നെ ഈ രോഗത്തെ പിടിച്ചു കെട്ടാമെന്ന ചൈനയുടെ അമിത ആത്മവിശ്വാസവും ആണ് ഈ രോഗം ഇത്രയധികം പടരുന്നതിന് കാരണമായത് എന്നാണ് ആരോഗ്യരംഗം വിലയിരുത്തുന്നത്. നമ്മുടെ വേണ്ടപ്പെട്ടവർ ചിലപ്പോൾ മരിച്ചു പോയേക്കാം നമ്മൾ സൂക്ഷിക്കേണ്ടത് നമ്മൾ സൂക്ഷിക്കണമെന്ന് ബോറിസ് ജോൺസൺന് പരസ്യമായി പറയേണ്ടി വന്നത് ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല എന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പാണ്.
നിങ്ങൾ പറയൂ ഞങ്ങൾ ചെയ്യാം എന്ന് ആരോഗ്യവിദഗ്ധരോട് പറഞ്ഞ് ജേഴ്സിയിലെ രാഷ്ട്രീയക്കാർ ഒന്നര മീറ്റർ പിന്നിലേക്ക് മാറി നിന്നത് കാര്യങ്ങൾ വളരെ ശാസ്ത്രീയമായി ഇതുവരെ മുന്നോട്ടു കൊണ്ട് പോയെങ്കിലും അത് കൊടുങ്കാറ്റിനുമുന്പുള്ള ഒരു ശാന്തത മാത്രമാണ് എന്നാണ് ആരോഗ്യരംഗം വിലയിരുത്തുന്നത്. അതിനാൽ തന്നെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ ബോധവൽക്കരിക്കാൻ ഉള്ള നടപടികൾ ആണ് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നത്.
ആ വിഷയത്തിൽ നമ്മുടെ നാട്ടിൽ ഉണ്ടായ വീഴ്ചയാണ് ശ്രീചിത്രയിൽ ഉണ്ടായത് . ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ വിഷയത്തിൽ കൊടുക്കേണ്ട മുന്നറിയിപ്പുകളുടെ അഭാവവും പരിശീലനത്തിന്‍റെ കുറവുമാണ് ഇത് സൂചിപ്പിക്കുന്നത്. 46 സ്റ്റാഫ് പോയിട്ട് 4 സ്റ്റാഫ് 14 ദിവസം അവധിയിൽ പോയാൽ ജേഴ്സിയിലെ ആരോഗ്യരംഗം തകർന്നുവീഴും. അതുകൊണ്ടുതന്നെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ അതീവജാഗ്രത ഉള്ളവർ ആക്കുക എന്ന നിലപാടാണ് ആരോഗ്യ വകുപ്പ് ആദ്യം മുതൽ ഇവിടെ സ്വീകരിച്ചിരുന്നത്. ആ അതീവജാഗ്രതാ നിലപാടും ശക്തമായ മുന്നറിയിപ്പുകളും ആരോഗ്യരംഗത്തെ പ്രവർത്തകരിൽ ഉണ്ടായിരുന്നുവെങ്കിൽ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഭയത്തിൽ നിന്നും സ്പെയിനിൽ നിന്നും വന്ന ഒരു ഡോക്ടറോട് 14 ദിവസം വീട്ടിൽ ഇരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെ ടുമായിരുന്നു.
ഉടമസ്ഥൻ ഉറങ്ങാതെ ഇരുന്നത് കൊണ്ട് കള്ളനെ നേരിടാൻ സാധിക്കണമെന്നില്ല. പരിശീലനം സിദ്ധിച്ച ജാഗരൂകരായ കാവൽക്കാരുടെ പട ഒരുക്കിയാൽ ഉടമസ്ഥന് സ്വസ്ഥമായി ഉറങ്ങാൻ കഴിയും. ആരോഗ്യമേഖലയിൽ പാപികളും ദൈവങ്ങളും ഇല്ല. പാപികളെയും ദൈവങ്ങളെയും സൃഷ്ടിക്കുന്ന പ്രവണതയും ആരോഗ്യമേഖലയ്ക്ക് ചേർന്നതല്ല. ടീച്ചറമ്മ എന്ന ബിംബ വൽക്കരത്തിൽ നിന്നാണ് പ്രവാസികളും വിദേശികളും പാപികളും വെറുക്കപ്പെട്ട വരും ആയത്. ഇറ്റലിയിൽ നിന്ന് എത്തിയവരോട് ആരോഗ്യവകുപ്പ് ചെയ്തതും വിദേശത്തുനിന്ന് എത്തിയവരോട് കേരളജനത ചെയ്തതും ഈ വിഷയത്തിലെ രാഷ്ട്രീയ മുതലെടുപ്പിന്‍റെ ഏറ്റവും ഭയാനകമായ രൂപമാണ്.
ജനങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കാൻ കഴിയുന്ന സഹപ്രവർത്തകർക്ക് ചുമതലകൾ ഏൽപ്പിച്ചു കൊടുത്ത് അവരെ വിശ്വസിച്ച് പ്രോത്സാഹിപ്പിച്ച് മുന്നിൽനിർത്തി പിന്നിൽ നിന്ന് നയിക്കാൻ കഴിയുന്ന വരാണ് യഥാർത്ഥ ഭരണാധികാരികൾ. അവിടെ ബിംബങ്ങൾക്കും ആരാധകർക്കും ആരാധനയ്ക്കും സ്ഥാനമില്ല. ആരോഗ്യരംഗത്തെ കുറിച്ചുള്ള നമ്മുടെ അമിത ആത്മവിശ്വാസം വലിയ ദുരന്തങ്ങൾ വിളിച്ചുവരുത്തും .കോവിഡ് -19 സ്ഥിരീകരിച്ച ആദ്യ 5 രോഗികളുടെ പ്രൈമറി കോൺടാക്ട് മുഴുവൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കാണിച്ച അമിത ആവേശം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
വിദേശരാജ്യങ്ങളിൽ ഹോട്ടലുകൾ പോലും ഹോസ്പിറ്റലുകൾ ആയി മാറി എന്ന് വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ പൂട്ടിക്കിടക്കുന്ന ആശുപത്രികൾ പോലും ഏറ്റെടുക്കാൻ ഉള്ള നിലപാടുകളിലേക്ക് നമ്മൾ പോകുന്നു എന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുത്തതും പ്രചരിപ്പിക്കപ്പെട്ടതും ഈ രോഗത്തിന് കാഠിന്യത്തെ കുറിച്ചും വ്യാപനത്തെ കുറിച്ചും പൂർണമായ കണക്കുകൂട്ടൽ ഇല്ലാതെ തെറ്റായി പ്രചരിപ്പിക്കപ്പെട്ട സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി എടുത്ത തീരുമാനങ്ങളും പ്രചരണങ്ങളും ആണ്.
WHO പറഞ്ഞത് we are not only dealing with a pandemic but also with an infodemic എന്നാണ്. നമ്മളൊരു മഹാവ്യാധിയെ മാത്രമല്ല നേരിടുന്നത് ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളുടെ കടുത്ത വ്യാജ പ്രചാരണത്തെയും കൂടിയാണ് എന്നാണ് പറഞ്ഞത്. ഈ മഹാ വ്യാധി പകരുന്നതിനേക്കാൾ വേഗത്തിൽ ആണ് ഇതിനെ കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിച്ചത്. ഒരു ഹോട്ടൽ ഒരു ഹോസ്പിറ്റൽ ആക്കിയാൽ തന്നെ ഹോട്ടൽ ജീവനക്കാർക്ക് ഹോസ്പിറ്റൽ സ്റ്റാഫ് ആയി ജോലി ചെയ്യാൻ കഴിയില്ല എന്ന സാമാന്യ ചിന്ത എങ്കിലും ഒരാൾക്ക് ഉണ്ടായാൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയില്ല.
പൂട്ടിക്കിടക്കുന്ന ഹോസ്പിറ്റലുകൾ ഏറ്റെടുത്താൽ തന്നെ അവിടെ ജോലി ചെയ്യാൻ എവിടെനിന്നാണ് ആൾക്കാരെ കൊണ്ടുവരുന്നത് പ്രായോഗികമായി എത്ര വേഗത്തിൽ അതെല്ലാം നടപ്പാക്കാൻ നമുക്ക്കഴിയും ? അനാവശ്യ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നതിനുമുൻപ് രാഷ്ട്രീയക്കാർ ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങളാണ് ഇതൊക്കെ. അങ്ങനെ ചിന്തിക്കുമ്പോൾ വളരെ വേഗം നമ്മൾ തുടങ്ങിയിടത്തുതന്നെ വന്നു നിൽക്കും.ജനങ്ങളെ ബോധവൽക്കരിക്കുക അവരുടെ സഹകരണവും വിശ്വാസവും നേടിയെടുക്കുക. അവരുടെ പങ്കാളിത്തത്തോടെ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ മഹാവ്യാധിയുടെ നേരിടുക. ഉള്ള സംവിധാനങ്ങളെ തയ്യാറാക്കുക, മെച്ചപ്പെടുത്തുക ,ചലിപ്പിക്കുക.അവയെ നിരീക്ഷിക്കുക വേണ്ട മാറ്റങ്ങൾ ക്രമീകരണങ്ങളും വരുത്തുക.വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക ഉണ്ടായാൽ തന്നെ അവ വേഗത്തിൽ പരിഹരിക്കുക ഇവയൊക്കെയാണ് അടിസ്ഥാനപരമായി നമുക്ക് ചെയ്യാൻ കഴിയുന്നത്.
ജനസാന്ദ്രത കൂടിയ കേരളത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുക ഉത്തരവാദിത്വബോധമുള്ളവർ ആക്കി മാറ്റുക എന്നത് തന്നെയാണ് പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ ആദ്യനടപടി അതിൽ നിന്നും മാത്രമേ ആൾക്കൂട്ടം ഒഴിവാക്കുക എന്ന ഏറ്റവും ഫലപ്രദമായ ആദ്യനടപടി ആരംഭിക്കുകയുള്ളൂ . ആൾക്കാർ ഒരുപാട് കൂടാൻ സാധ്യതയുള്ള ഇടത്ത് ഞാൻ പോകുന്നില്ല എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം പോകേണ്ടിവന്നാൽ തന്നെ വളരെ കുറച്ച് ആളുകളുമായി മാത്രമേ ഇടപെടുകയുള്ളൂ എന്ന് തീരുമാനിക്കണം .ഇടപെട്ടാൽ തന്നെ ഒന്നര മീറ്റർ അകലത്തിൽ മാത്രമേ ഇടപെടാൻ ശ്രദ്ധിക്കൂ എന്ന് തീരുമാനിക്കണം.
കൈകൾ വൃത്തിയായി കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കുക തുടങ്ങിയ വ്യക്തി ശുചിത്വ ശീലങ്ങൾ പാലിക്കാൻ പരിശ്രമിക്കും എന്ന് തീരുമാനിക്കണം. പരിസര ശുചീകരണവും ഇതിൽ വളരെയധികം പ്രാധാന്യമുണ്ട്. ആളുകൾ നിരന്തരമായി സ്പർശിക്കാൻ ഇടയാക്കുന്ന പ്രതലങ്ങൾ വാതിലുകൾ മേശകൾ എന്നിവ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നതും ഹോട്ടൽ റൂമുകൾ ഹോംസ്റ്റേകൾ ഹോസ്പിറ്റലുകൾ എന്നിവ പൂർണ്ണമായും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നതും രോഗം പടരുന്നത് തടയുന്നതിന് സഹായിക്കും
പൊതുവിടങ്ങളിൽ മാസ്ക് ധരിച്ചുകൊണ്ട് നിൽക്കുന്നതും നടക്കുന്നതും നിങ്ങളെ ഒരുതരത്തിലും സുരക്ഷിതർ ആക്കുകയില്ല എന്നാൽ അനേകം ആൾക്കാരുമായി നിരന്തരം തുടർച്ചയായി സംസാരിക്കേണ്ടി വരുന്നവർ മാസ്ക് ധരിക്കുകയാണ് എങ്കിൽ സൂക്ഷ്മ തുള്ളികൾ മറ്റൊരാളിൽ നേരിട്ട് പതിക്കുന്നത് തടയുവാൻ സാധിക്കും. അതും രോഗം ഉണ്ടോ ഇല്ലയോ എന്ന് തീർച്ച ഇല്ലാത്ത അവസ്ഥയിൽ മാത്രം. രോഗം ഉണ്ട് എന്ന് സ്ഥിരീകരിച്ച വരും രോഗികളുമായി അടുത്ത് ഇടപഴകിയവരും വീടുകളിൽ തന്നെ കഴിയുന്നത് മാത്രമാണ് രോഗം പടരുന്നത് തടയാനുള്ള ഏക പരിഹാരം.
കോവിഡ് -19 പരിശോധന വ്യാപകമായി നടത്തുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ഫലപ്രദമായി നടത്താൻ പറ്റുന്ന മാർഗമോ അതുമൂലം രോഗവ്യാപനം തടയുന്നതിൽ എന്തെങ്കിലും കുറവ് വരുത്താൻ കഴിയുകയോ ഇല്ല എന്ന് വിദേശരാജ്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. (രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്ന വ്യാജ വാർത്തകളിൽ നിന്നും പരിഭ്രാന്തി പടരുന്നത് തടയാൻ ശ്രമിക്കുക) . കാരണം രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുന്‍പ് തന്നെ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാം രോഗം ഉള്ളവർ എല്ലാവരും എല്ലാ രോഗ ലക്ഷണങ്ങളും കാണിക്കണം എന്നുമില്ല എങ്കിലും അവരും രോഗം മറ്റുള്ളവരിലേക്ക് പകർത്തും. പരിശോധനാ ഫലം ലഭിക്കുന്നതിന് 24 മുതൽ 48 മണിക്കൂർ വരെ എടുക്കും. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സാമൂഹികപ്രതിബദ്ധതയും വ്യക്തിശുചിത്വവും നല്ല ആരോഗ്യ ശീലങ്ങളും ആണ്.
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ കൂടുതലായ മുൻകരുതലുകൾ എടുക്കുക ഈ രോഗത്തെപ്പറ്റി ഇനിയും കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു ഇത് വീണ്ടും വരുവാനുള്ള സാധ്യതകളെയും തള്ളിക്കളയാനാവില്ല എന്നുതന്നെയാണ് ആരോഗ്യരംഗം ആവർത്തിച്ചു പറയുന്നത്. അതുകൊണ്ട് തന്നെ താൽക്കാലികമായ പരിഹാരമാർഗങ്ങൾ ക്ക് ഉപരി ഓരോ പ്രതിസന്ധിയും ഓരോ പാഠങ്ങളാണ് എന്ന രീതിയിൽ സമീപിച്ച് പുതിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. എല്ലാവർഷവും പനി മരണങ്ങൾ തുടർക്കഥയാവുന്ന നമ്മുടെ കൊച്ചു കേരളത്തിൽ നമ്മൾ ഒന്നും ഒരിക്കലും പഠിക്കുന്നില്ല ചെയ്യുന്നില്ല എന്ന് നമ്മെ ഓർമപ്പെടുത്താൻ വേണ്ടി കൂടി ആണ് കോവിഡ് -19 ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും വന്നത്.
No name, No blame, No Fame പേര് ഇല്ല, കുറ്റപ്പെടുത്തൽ ഇല്ല, പ്രശസ്തി ഇല്ല , നിർദ്ദേശിക്കുക ,നിയന്ത്രിക്കുക, സഹകരിക്കുക propose, regulate and collaborate . ആരോഗ്യരംഗം ആരോഗ്യകരമായി ഇരിക്കാനുള്ള മുദ്രാവാക്യം അതാണ്.അതോടൊപ്പം വ്യക്തിബന്ധങ്ങളിലും അയൽ ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും കൊറോണ ബാധിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. പരസ്പരം ചേർന്നു നിൽക്കാതെ അകന്നു നിന്ന് കൊണ്ടും കൈകോർത്തു പിടിക്കാതെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ടും നമുക്ക് വലിയ കാര്യങ്ങൾ നേടിയെടുക്കാമെന്ന് സ്വയം ബോധ്യപ്പെടാം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാം.