കൊവിഡ് 19; പുതിയ വൈറസ് വകഭേദങ്ങള്‍ ഇന്ത്യയിലും?

By Web Team  |  First Published Sep 15, 2021, 8:32 PM IST

''മരണനിരക്കും രോഗം ഗുരുതരമാകുന്നതിന്റെ തോതും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭയപ്പെടാനില്ല. അടുത്ത ദിവസങ്ങളില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യം കേരളത്തിലായിരുന്നു...''


കൊവിഡ് 19 മഹാമാരിയുമായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. വാക്‌സിന്‍ ലഭ്യമായി തുടങ്ങിയ ശേഷം മുതിര്‍ന്നവരുടെ കാര്യത്തില്‍ അല്‍പം ആശ്വാസം ലഭിച്ചുവെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച പുതിയ വൈറസ് വകഭേദങ്ങള്‍ വീണ്ടും ആശങ്ക ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 

ഏറ്റവും ഒടുവിലായി രാജ്യം നേരിട്ടത് 'ഡെല്‍റ്റ' എന്ന വൈറസ് വകഭേദത്തിന്റെ ആക്രമണമായിരുന്നു. അതിരൂക്ഷമായ രണ്ടാം തരംഗം സൃഷ്ടിച്ചത് തന്നെ 'ഡെല്‍റ്റ'യാണെന്ന് പിന്നീട് കണ്ടെത്തപ്പെട്ടിരുന്നു. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതാണ് 'ഡെല്‍റ്റ'യുടെ ഏറ്റവും വലിയ പ്രത്യേകത.

Latest Videos

ഇപ്പോഴും രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ വലിയൊരു പങ്കും 'ഡെല്‍റ്റ' മൂലമുള്ളതാണ്. ഇന്ത്യയിലാണ് 'ഡെല്‍റ്റ' ആദ്യമായി കണ്ടെത്തപ്പെട്ടത്. പിന്നീട് യുഎസ്, യുകെ തുടങ്ങി മിക്ക വിദേശരാജ്യങ്ങളിലേക്കും 'ഡെല്‍റ്റ'യെത്തി. ഇവിടങ്ങളിലെല്ലാം തന്നെ വലിയ പ്രതിസന്ധിയാണ് 'ഡെല്‍റ്റ' സൃഷ്ടിച്ചതും. 

ഇപ്പോഴിതാ രണ്ട് പുതിയ വൈറസ് വകഭേദങ്ങളെ കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകലോകം. C1.2, Mu എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളെ കുറിച്ച് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

undefined

 


ഈ വകഭേദങ്ങള്‍ രാജ്യത്തുമെത്തിയിട്ടുണ്ടോയെന്ന് പലരും സംശയമുന്നയിച്ചിരുന്നു. എന്നാലിത് വരെ രാജ്യത്ത് ഈ വകഭേദങ്ങള്‍ കണ്ടെത്തപ്പെട്ടിട്ടില്ല. അതേസമയം ഇവ രാജ്യത്തിനകത്ത് കണ്ടെത്തപ്പെടാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണോ രാജ്യത്ത് മൂന്നാം തരംഗമുണ്ടാക്കാന്‍ പോകുന്നത് എന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെയുള്ള ചിന്തകളില്‍ കഴമ്പില്ലെന്നാണ് പക്ഷേ വിദഗ്ധരുടെ പ്രതികരണം. 

'പുതിയ ഒരു വൈറസ് വകഭേദം വന്നുവെന്ന് കരുതി അത് മൂന്നാം തരംഗമാകണമെന്നില്ല. അങ്ങനെ ചിന്തിക്കേണ്ടതില്ല. നമ്മളെ സംബന്ധിച്ച് നമുക്കേറ്റവും വലിയ വെല്ലുവിളിയാകുന്നത് ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് പ്രധാനമായും വലിയ തോതില്‍ രോഗവ്യാപനമുണ്ടാകുന്നത്...'- നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറയുന്നു. 

അടുത്ത ആറ് മാസത്തിനുള്ളില്‍ കൊവിഡ് 19 'പാന്‍ഡെമിക്' (മഹാമാരി) എന്ന നിലയില്‍ നിന്ന് 'എന്‍ഡെമിക്' എന്ന നിലയിലേക്ക് മാറുമെന്നും ഡോ. സുജീത് പറയുന്നു. ചെറിയ കാലയളവില്‍ വലിയ വിഭാഗം ആളുകളെ ബാധിക്കുന്ന രോഗമാണ് നമ്മള്‍ മഹാമാരിയായി കണക്കാക്കുന്നത്. എന്നാലിത് തന്നെ ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുമ്പോള്‍ അതിനെ 'എന്‍ഡെമിക്' എന്ന് വിളിക്കാം. 

'കൊവിഡ് മഹാമാരി നമ്മുടെ എല്ലാ പ്രവചനങ്ങളെയും തകര്‍ത്തു എന്നുവേണം പറയാന്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് പാന്‍ഡെമിക്കില്‍ നിന്ന് എന്‍ഡെമിക് എന്ന നിലയിലേക്ക് മാറും. എന്നാലിതില്‍ ഭയപ്പെടാനൊന്നുമില്ല. എന്‍ഡെമിക് എന്നാല്‍ നമുക്ക് കുറെക്കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അവസ്ഥ എന്നുകൂടി അര്‍ത്ഥമുണ്ട്. മരണനിരക്കും രോഗം ഗുരുതരമാകുന്നതിന്റെ തോതും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭയപ്പെടാനില്ല. അടുത്ത ദിവസങ്ങളില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യം കേരളത്തിലായിരുന്നു. എന്നാലിപ്പോള്‍ കേരളത്തിലെ സ്ഥിതിഗതികളും മെച്ചപ്പെട്ടുതുടങ്ങിയിട്ടുണ്ട്...'- ഡോ. സുജീത് പറയുന്നു. 

 

 

നിലവിലെ അവസ്ഥയില്‍ വാക്‌സിനേഷന്‍ തന്നെയാണ് കൊവിഡ് പ്രതിരോധത്തിനുള്ള മികച്ച മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ രാജ്യത്ത് 75 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്റെ ശക്തി 70 ശതമാനമാണെങ്കില്‍ ഇതിലെ 50 കോടി പേരും (രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ) അത്രയും പ്രതിരോധശേഷി ആര്‍ജിച്ചു എന്നുവേണം അനുമാനിക്കാന്‍. 

ഒരു ഡോസ് വാക്‌സിനെടുത്തവരില്‍ 30-31 ശതമാനം പ്രതിരോധശേഷിയാണത്രേ കണ്ടുവരുന്നത്. അങ്ങനെയെങ്കില്‍ മുപ്പത് കോടി പേര്‍ അത്രയും പ്രതിരോധശേഷി ആര്‍ജിച്ചതായും കണക്കാക്കാം. 

നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും വാക്‌സിന്‍ സ്വീകരിച്ച ശേഷവും മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, കൈകള്‍ ഇടവിട്ട് ശുചിയാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി ചെയ്യുകയും വേണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കാരണം വാക്‌സിനേഷന്‍ കഴിഞ്ഞ് 70-100 ദിവസം കഴിയുമ്പോള്‍ വാക്‌സിന്റെ ശക്തി കുറഞ്ഞുവരികയും വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നുണ്ട്.

Also Read:- 30 ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിലും കൊവിഡിന്‍റെ സാന്നിധ്യം; വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!