കരളിനെ സംബന്ധിച്ചിടത്തോളം അകത്താക്കുന്ന മദ്യത്തിലെ ABV (alcohol by volume) അതായത് ഒരു ലിറ്റർ മദ്യത്തിൽ എത്ര മില്ലി ആൽക്കഹോൾ ഉണ്ട് എന്നതിന്റെ ശതമാനക്കണക്ക് മാത്രമേ പ്രസക്തമായിട്ടുള്ളൂ.
മദ്യം(Liquor) കണക്കില്ലാതെ അകത്താക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് നമുക്കെല്ലാം അറിയാം. വർഷത്തിൽ നാലോ അഞ്ചോ വട്ടം മൂക്കറ്റം കുടിക്കുന്നതോ അതോ ആഴ്ചയിൽ ഒരിക്കൽ രണ്ടോ മൂന്നോ പെഗ്ഗ് വെച്ച് കഴിക്കുന്നതോ - എന്തായാലും ആൽക്കഹോൾ (alcohol) എന്ന സാധനം ശരീരത്തിനുള്ളിൽ കയറിക്കഴിഞ്ഞാൽ അത് അവിടെ ഇരുന്നുകൊണ്ട് എന്തൊക്കെ ചെയ്യും, അത് ഇറങ്ങിപ്പോവുന്ന വഴികൾ എന്തൊക്കെയാണ്, എത്ര ദിവസമെടുക്കും ഈ പോക്കിന് - അതുപോലെ മദ്യം എന്ന വസ്തു നമ്മുടെ ദേഹത്തിനു പകരുന്ന ദീർഘകാല ഫലങ്ങൾ എന്തൊക്കെ - ഇങ്ങനെ ചോദ്യങ്ങൾ പലതുമുണ്ടാവും എല്ലാവരുടെയും ഉള്ളിൽ.
undefined
വോഡ്ക, വിസ്കി, ബ്രാണ്ടി, റം, ടെക്കില, ജിൻ, വൈൻ, ബിയർ, ചാരായം - അകത്താക്കുന്ന മദ്യം ഏതുമാവട്ടെ, അനിയന്ത്രിതമായ അളവിൽ അകത്തുചെന്നാൽ അതുണ്ടാക്കുക മദ്യാസക്തിയും അതിനോടുള്ള അടിമത്തവും മാത്രമല്ല. പിന്നാലെ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോവുന്നത്, ഉയർന്ന രക്ത സമ്മർദ്ദം അഥവാ ബ്ലഡ് പ്രെഷർ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ചിലയിനം കാൻസറുകൾ, കരൾ വീക്കം, ഉദര രോഗങ്ങൾ, പ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ പലതുമാവും. വിഷാദം(Depression), ഉത്കണ്ഠ(Anxiety) തുടങ്ങിയ മാനസികവിഭ്രാന്തികളും മദ്യത്തിന്റെ പാർശ്വഫലങ്ങളായി ഒരാളെ ആവേശിക്കാം.
നമ്മുടെ കരളിന് മദ്യത്തിന്റെ മേല്പറഞ്ഞ വിവിധ ജാതികളെ വേർതിരിച്ചറിഞ്ഞ് പരിചരിക്കാൻ അറിയില്ല. അതിന് ആകെ പരിചയമുള്ള ഒരേയൊരു വസ്തു ആൽക്കഹോൾ മാത്രമാണ്. കരളിനെ സംബന്ധിച്ചിടത്തോളം അകത്താക്കുന്ന മദ്യത്തിലെ ABV (alcohol by volume) അതായത് ഒരു ലിറ്റർ മദ്യത്തിൽ എത്ര മില്ലി ആൽക്കഹോൾ ഉണ്ട് എന്നതിന്റെ ശതമാനക്കണക്ക് മാത്രമേ പ്രസക്തമായിട്ടുള്ളൂ. അതുകൊണ്ട് മദ്യപാനത്തിന് ശേഷം നമ്മുടെ ശരീരത്തിൽ അവശേഷിക്കുന്ന ആൽക്കഹോളിന്റെ അംശം എത്രയാണ് എന്നത് കാര്യമാത്രപ്രസക്തമായ ഒരറിവാണ്.
ആൽക്കഹോൾ ദഹിക്കുന്നതെങ്ങനെ ?
ഒരാളുടെ ഉള്ളിലേക്ക് ചെല്ലുന്ന ആൽക്കഹോൾ അയാളുടെ കരൾ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒന്ന്, ശരീരത്തിന്റെ ജനിതക ഘടന. രണ്ട്, മദ്യപാന ശീലം. മൂന്ന്, മദ്യപിക്കുന്ന സ്ഥലത്തെ കാലാവസ്ഥ. ഓസ്റ്റിൻ ടെക്‌സാസിൽ ഉള്ള കെയർഹൈവ് ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ തലവനായ ഡോ. സുനീത് സിംഗ് പറയുന്നത് ഇങ്ങനെയാണ്. "ആൽക്കഹോൾ ശരീരത്തിനുള്ളിൽ കയറിയാൽ അത് ദഹിച്ചു പോവുന്ന പ്രക്രിയ തുടങ്ങുന്നത് വയറ്റിൽ ആണ്. അവിടെയാണ് വിവിധ തരം എൻസൈമുകൾ മദ്യത്തെ വിഘടിപ്പിച്ചു തുടങ്ങുക. ആൽക്കഹോൾ നേരെ ചെറുകുടൽ വരെ ഒരു മാറ്റവും കൂടാതെ കടന്നു ചെല്ലും. അവിടെ വെച്ച് അത് രക്തചംക്രമണ വ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പെടാൻ തുടങ്ങും. രക്തത്തിലൂടെയാണ്, ആൽക്കഹോൾ അതിന്റെ 90 ശതമാനം ചയാപചയങ്ങൾ നടക്കുന്ന കരൾ വരെ എത്തിച്ചേരുന്നത് രക്തക്കുഴലുകൾ വഴിയാണ്. കരളിൽ വെച്ചാണ് ആൽക്കഹോൾ അസെറ്റാൽഡിഹൈഡ്( acetaldehyde) എന്ന മദ്യത്തിന്റെ ദോഷഫലങ്ങളിൽ പലതിനും കാരണമായ വസ്തുവായി മാറ്റപ്പെടുന്നത്. മദ്യം അകത്താക്കിയ ഉടനെ ഉണ്ടാവുന്ന തലവേദന, ഓക്കാനം, നെഞ്ചിടിപ്പ് വർദ്ധനവ് തുടങ്ങിയ പലതിനും കാരണം ഇതാണ്.
ആൽക്കഹോൾ ഇറങ്ങിപ്പോവാൻ എത്ര നേരം?
സാധാരണ ഗതിക്ക് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് - അതായത് ഒരു കാൻ ( ഏതാണ്ട് 350 മില്ലി) ബിയർ, ഒരു ഗ്ലാസ് വൈൻ ( ഏതാണ്ട് 150 മില്ലി) അല്ലെങ്കിൽ 60 മില്ലി ഹോട്ട് ഡ്രിങ്ക്, അകത്താക്കി ഒരു മണിക്കൂറിനുള്ളിൽ അതുകാരണം ഉള്ള ആൽക്കഹോൾ കണ്ടന്റ് നിങ്ങളുടെ രക്തചംക്രമണവ്യവസ്ഥയിൽ പരമാവധി സാന്ദ്രതയിൽ എത്തിച്ചേരും. അത് ഇറങ്ങിപ്പോവണം പൂർണമായും എങ്കിൽ അഞ്ചു ഹാഫ് ലൈഫ് എങ്കിലും എടുക്കും എന്നാണ് കണക്ക്. ആൽക്കഹോളിന്റെ ഹാഫ് ലൈഫ് എന്നത് നാലു മുതൽ അഞ്ചു മണിക്കൂർ ആണെന്നും ഡോ. സുനീത് സിംഗ് പറയുന്നു.
ശരീരത്തിൽ എത്ര നേരത്തേക്ക് ആൽക്കഹോൾ കണ്ടെത്താനാവും? ഇക്കാര്യത്തിൽ ഡോക്ടർ നൽകുന്ന കണക്കുകൾ ഇങ്ങനെ. അതായത്, ഒരിക്കൽ കടന്നു കൂടിയാൽ രക്തത്തിൽ 12 മണിക്കൂർ നേരത്തേക്ക്. ശ്വാസത്തിൽ 12 മുതൽ 24 മണിക്കൂർ വരെ. മൂത്രത്തിൽ 12 മുതൽ 72 മണിക്കൂർ വരെ. ഉമിനീരിൽ 12 മുതൽ 48 മണിക്കൂർ നേരം വരെ. തലമുടിയിൽ 90 ദിവസം വരെ ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടാവും.
രക്തത്തിലെ ആൽക്കഹോൾ അംശം പ്രോസസ് ചെയ്യപ്പെടുന്നത് രണ്ട് എൻസൈമുകൾ കരളിൽ എത്രമാത്രം ഉണ്ട് എന്നതിനെ ആശ്രയിച്ചാണ്. ഒന്ന്, ആൽക്കഹോൾ ഡീഹൈഡ്രജനെസ് (Alcohol DeHydrogenase - ADH), രണ്ട്, ആൽഡിഹൈഡ് ഡീഹൈഡ്രജനെസ് ALdehyde DeHydrogenase (ALDH). സ്ത്രീകളെക്കാൾ കൂടിയ അളവിൽ ADH പുരുഷന്മാരുടെ ശരീരങ്ങളിൽ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ഥിരമായി കുടിക്കുന്നവരിൽ, വല്ലപ്പോഴും കുടിക്കുന്നവരേക്കാൾ ADH അളവ് കുറഞ്ഞിരിക്കും എന്നും പഠനങ്ങൾ പറയുന്നു. കിഴക്കൻ ഏഷ്യൻ പാരമ്പര്യം ഉള്ളവരിൽ 35-40% പേർക്കും മറ്റുള്ള വംശജരെക്കാൾ കുറഞ്ഞ അളവിലാണ് ALDH ഉള്ളത് എന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ രണ്ട് എൻസൈമിന്റെയും അളവ് എത്രകണ്ട് കരളിൽ കുറവാണോ അത്രയും കൂടുതൽ നേരം ആൽക്കഹോൾ പ്രോസസ് ഹെയ്ൻ ദേഹം എടുക്കും. അതുകൊണ്ടുതന്നെ അത്രയും കൂടുതൽ നേരം ഹാങ്ങ് ഓവർ ലക്ഷണങ്ങളും പ്രതീക്ഷിക്കേണ്ടതുണ്ട്. കൂടിയ ABV ഉള്ള മദ്യം കൂടുതൽ നേരമെടുത്തുമാത്രമേ ശരീരത്തിന് പ്രോസസ് ചെയ്യാനാവൂ.
ചുരുക്കത്തിൽ എത്ര നേരമാണ് അകത്താക്കുന്ന മദ്യത്തിലെ ആൽക്കഹോളിന്റെ അംശം പുറന്തള്ളാൻ ശരീരമെടുക്കുക എന്നത് ഓരോ വ്യക്തിക്കും ഓരോ പോലെയാണ്. അകത്തു ചെല്ലുന്ന ആൽക്കഹോൾ വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതും ഓരോരുത്തർക്കും ഓരോ പോലെ ആവും. അതുകൊണ്ട് പ്രായോഗികമായി പറഞ്ഞാൽ ഒരാൾക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാനാവുന്നത് ഒരൊറ്റ കാര്യമാണ്. മദ്യം അകത്തുചെല്ലുമ്പോൾ ഉണ്ടാവുന്ന വിപരീത ഫലങ്ങൾ കൃത്യമായി നിരീക്ഷിക്കുക. ആ മോശം ഫലങ്ങൾ പരമാവധി കുറയുന്ന രീതിയിൽ അകത്താക്കുന്ന മദ്യത്തിന്റെ അളവ് കുറച്ചു കുറച്ചു കൊണ്ടുവരിക. അമിതമായാൽ അമൃതും വിഷം - മദ്യത്തിന്റെ, ആൽക്കഹോളിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.