പ്രമേഹമുള്ളവര്‍ക്ക് രക്തദാനം നടത്താമോ? ഡോക്ടര്‍മാര്‍ തന്നെ പറയുന്നു...

By Web Team  |  First Published Apr 5, 2021, 11:42 PM IST

പ്രമേഹമുള്ളവര്‍ക്ക് ചില നിയന്ത്രണങ്ങളും ചിട്ടകളും ആവശ്യമാണെന്നത് വസ്തുത തന്നെയാണ്. എന്നാല്‍ ഇതിനകത്ത് രക്തദാനം ഉള്‍പ്പെടുമോ? പലപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് പ്രമേഹമുള്ളവര്‍ക്ക് രക്തം ദാനം ചെയ്തുകൂട എന്നത്. യഥാര്‍ത്ഥത്തില്‍ പ്രമേഹരോഗികള്‍ രക്തം ദാനം ചെയ്യുന്നത് കൊണ്ട് അയാള്‍ക്കോ രക്തം സ്വീകരിക്കുന്നവര്‍ക്കോ എന്തെങ്കിലും ദോഷമുണ്ടോ? ഇതാ, ഡോക്ടര്‍മാര്‍ തന്നെ വിശദീകരിക്കുന്നു


പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീ രോഗമാണ്. രോഗമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പോലും അതൊരു അവസ്ഥയായിട്ടാണ് മെഡിക്കലി കൈകാര്യം ചെയ്യപ്പെടുന്നത്. രക്തത്തിലെ ഷുഗര്‍ ലെവല്‍ വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഇത് ക്രമാതീതമായി കൂടാതിരിക്കാന്‍ ഭക്ഷണത്തിലും മറ്റ് ജീവിതശൈലികളിലുമെല്ലാം നിയന്ത്രണം വേണ്ടിവരും. 

ചിലര്‍ക്ക് ഡയറ്റ്- ലൈഫ്‌സ്റ്റൈല്‍ നിയമന്ത്രണങ്ങള്‍ക്ക് പുറമെ മരുന്ന് കഴിക്കേണ്ടിവരും. മറ്റ് ചിലര്‍ക്ക് ഇന്‍സുലിന്‍ കുത്തിവക്കേണ്ടിയും വരാറുണ്ട്. എന്തായാലും പ്രമേഹമുള്ളവര്‍ക്ക് ചില നിയന്ത്രണങ്ങളും ചിട്ടകളും ആവശ്യമാണെന്നത് വസ്തുത തന്നെയാണ്. എന്നാല്‍ ഇതിനകത്ത് രക്തദാനം ഉള്‍പ്പെടുമോ? പലപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് പ്രമേഹമുള്ളവര്‍ക്ക് രക്തം ദാനം ചെയ്തുകൂട എന്നത്. 

Latest Videos

undefined

യഥാര്‍ത്ഥത്തില്‍ പ്രമേഹരോഗികള്‍ രക്തം ദാനം ചെയ്യുന്നത് കൊണ്ട് അയാള്‍ക്കോ രക്തം സ്വീകരിക്കുന്നവര്‍ക്കോ എന്തെങ്കിലും ദോഷമുണ്ടോ? ഇതാ, ഡോക്ടര്‍മാര്‍ തന്നെ വിശദീകരിക്കുന്നു. 

'പ്രമേഹമുള്ളവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അഥവാ രക്തം ദാനം ചെയ്താല്‍ ബ്ലഡ് ഷുഗര്‍ അളവ് പെട്ടെന്ന് മാറിമറിയുമെന്നെല്ലാം പറയുന്നത് കേള്‍ക്കാം. ഇതെല്ലാം കേട്ടുകേള്‍വി മാത്രമായ മിത്തുകളാണെന്നേ പറയാനാകൂ. ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല...' - ഡോ. ആനന്ദ് ദേശ്പാണ്ഡെ പറയുന്നു. 

ബ്ലഡ് ഷുഗര്‍ അളവ് 'നോര്‍മല്‍' ആയിരിക്കുകയാണെങ്കില്‍ പ്രമേഹമുള്ളവര്‍ക്കും രക്തം ദാനം ചെയ്യാമെന്നും അതില്‍ ദാതാവോ സ്വീകര്‍ത്താവോ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. 

'ഒരു സംശയവും വേണ്ട, പ്രമേഹരോഗികള്‍ക്കും രക്തം ദാനം ചെയ്യാം. ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലായിരിക്കണമെന്നേയുള്ളൂ. പ്രമേഹത്തിന് ഇന്‍സുലിന്‍ സ്വീകരിക്കുന്നവരാണെങ്കില്‍ രക്തദാനം ഒഴിവാക്കാം. എന്നാല്‍ ഓറല്‍ മരുന്ന് (വായിലൂടെ എടുക്കുന്ന മരുന്ന്) ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് രക്തം കൊടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടതില്ല...'- ഡോക്ടര്‍ വിശദമാക്കുന്നു. 

ഇതേ വിവരങ്ങളെ തന്നെ ആവര്‍ത്തിക്കുകയാണ് ഡോ. മനോജ് ഛദ്ദ. പ്രമേഹം വ്യക്തിയുടെ ശാരീരികപ്രവര്‍ത്തനങ്ങളെയാണ് സ്വാധീനിക്കുന്നതെന്നും രക്തവുമായി അതിന് മറ്റ് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. 

'ആന്തരീകപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന പ്രശ്‌നമാണ് പ്രമേഹം. അത് രോഗിയുടെ ശരീരത്തെയാണ് ബാധിക്കുന്നത്, രക്തത്തെയല്ല. പ്രമേഹം മൂലം ഹൃദ്രോഗമോ വൃക്ക രോഗമോ ഒന്നും വരാത്തിടത്തോളം കാലം പ്രമേഹമുള്ളയാള്‍ക്ക് ആശങ്ക കൂടാതെ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണഗതിയില്‍ ഒരാള്‍ രക്തദാനം നടത്തുമ്പോള്‍ പരിശോധിക്കുന്ന ഹീമോഹ്ലോബിന്‍- ബ്ലഡ് ഷുഗര്‍- ബ്ലഡ് പ്രഷര്‍ പോലുള്ള കാര്യങ്ങളെല്ലാം തന്നെ ഇവരിലും പരിശോധിക്കേണ്ടതാണ്. അതുപോലെ സമീപകാലത്ത് അണുബാധകളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കാം. മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല...' -ഡോ. മനോജ് ഛദ്ദ വിശദമാക്കുന്നു. 

പ്രമേഹരോഗികള്‍ രക്തദാനം ചെയ്യാന്‍ പോകുമ്പോള്‍ കഴിവതും ഭക്ഷണം കഴിച്ച ശേഷം പോകണമെന്നും, രക്തം ദാനം ചെയ്യുന്നതിന് മുമ്പ് സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അനാവശ്യമായ സംശയങ്ങളോ ആശങ്കകളോ ഇനി ഇക്കാര്യത്തില്‍ വേണ്ടെന്നും ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Also Read:- പ്രമേഹമുള്ളവർക്ക് കിവിപ്പഴം കഴിക്കാമോ...?...

click me!