ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് മാരകമല്ല, മരണനിരക്ക് കുറവെന്ന് വിദഗ്ധര്‍

By Web Team  |  First Published Aug 18, 2020, 10:48 AM IST

യൂറോപ്പിലെ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം മാരകമല്ലെന്നും കുറഞ്ഞ മരണനിരക്കാണെന്നു തെളിവുകളുണ്ടെന്നും പോൾ തമ്പ്യ റോയിട്ടേഴ്സിനോട് പറഞ്ഞു.


ഭീതി പടർത്തിക്കൊണ്ട് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അതിനിടെ, ജനിതക വ്യതിയാനം (genetic mutation) സംഭവിച്ച ഒരു തരം കൊറോണ വൈറസിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ഇത് യൂറോപ്പിൽ വ്യാപകമായിട്ടുണ്ടെങ്കിൽ കൂടി, പ്രസ്തുത വൈറസ് അത്രക്ക് മാരകമല്ലെന്നും, അതുകാരണം താരതമ്യേന കുറഞ്ഞ മരണനിരക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നുമാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം, അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിങ്കപ്പൂരിലും 'ഡി614ജി' എന്ന പേരിലുള്ള മ്യൂട്ടേഷൻ സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്ന്  നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരിലെ സീനിയർ കൺസൾട്ടന്റും യുഎസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ പ്രസിഡന്റുമായ പോൾ തമ്പ്യ പറഞ്ഞു. യൂറോപ്പിൽ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം മാരകമല്ലെന്നും കുറഞ്ഞ മരണനിരക്കാണെന്നു തെളിവുകളുണ്ടെന്നും പോൾ തമ്പ്യ റോയിട്ടേഴ്സിനോട് പറഞ്ഞു.

Latest Videos

undefined

വൈറസിൽ ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്ന ഈ ജനിതകവ്യതിയാനം വാക്സിൻ ഫലപ്രാപ്തിയെ  ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാംക്രമികശേഷി കൂടുതലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവുള്ള വൈറസ് ആയതുകൊണ്ട് അപകടം കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

നിലവില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണവൈറസിനേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസം വാർത്തകളുണ്ടായിരുന്നു. മലേഷ്യയില്‍ ആരോഗ്യവകുപ്പ് മേധാവിയായ നൂര്‍ ഹിഷാം അബ്ദുള്ള നേരിട്ട് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളില്‍ നിന്നും രോഗവ്യാപനം ആരംഭിച്ച ക്ലസ്റ്ററിലാണ് കൂടുതല്‍ അപകടകാരിയായ കൊറോണവൈറസ് ഇനത്തെ കണ്ടെത്തിയത്. ലോകത്തിലെ മറ്റു ചിലയിടങ്ങളിലും ഈ ഇനത്തെ നേരത്തെ കണ്ടെത്തിയിരുന്നു. ഡി614ജി എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് മലേഷ്യയിലെ ഈ ക്ലസ്റ്ററിലെ 45 രോഗികളില്‍ മൂന്ന് പേരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്.

യൂറോപ്പിലും യുഎസിലും ഈയിനത്തിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരുന്നു. അതേസമയം, ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസ് കൂടുതല്‍ മാരകമായ രോഗത്തിന് കാരണമായതായി തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.

Also Read: പത്ത് മടങ്ങ് ശക്തി കൂടുതലുള്ള പുതിയ കൊറോണ വൈറസ് മലേഷ്യയില്‍...

click me!