അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണെങ്കിലും, വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല.
നമ്മുടെ ജീവിതത്തിലുടനീളം എല്ലുകളുടെ അഥവാ അസ്ഥികളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. എന്നാല്‍ പ്രായത്തിനനുസരിച്ച്, അസ്ഥികളുടെ ശക്തി കുറയുന്നു, കൂടാതെ അസ്ഥികളെ ശക്തിപ്പെടുത്തുന്ന പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് കൂടുതൽ അത്യാവശ്യമായി വരുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണെങ്കിലും, വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല.
'എല്ലുകളെ ശക്തമായി നിലനിർത്താൻ കാത്സ്യം മാത്രം പോരാ, വിറ്റാമിൻ ഡി ഇല്ലാതെ ശരീരത്തിന് കാത്സ്യത്തെ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടാണ്'- ഹിന്ദുസ്ഥാന്‍ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക്സും ജോയിന്റ് റീപ്ലേസ്‌മെന്റ് സർജനുമായ ഡോ. എസ്. ഡി. അബ്രോൾ പറയുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യത്തിന്‍റെ പ്രാധാന്യം:
കാത്സ്യം ശക്തമായ അസ്ഥികളുടെ അടിത്തറയാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് സ്വന്തമായി കാത്സ്യം ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ, അത് ഭക്ഷണത്തിൽ നിന്നാണ് വരേണ്ടത്. പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ മികച്ച ഉറവിടങ്ങളാണ്. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവർക്ക്, പച്ച ഇലക്കറികൾ, ബദാം, സസ്യാധിഷ്ഠിത പാൽ, ധാന്യങ്ങൾ പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 'ശരീരത്തിന് ആവശ്യത്തിന് കാത്സ്യം ലഭിക്കാതെ വരുമ്പോൾ, അസ്ഥികളിൽ നിന്ന് അത് വലിച്ചെടുക്കാൻ തുടങ്ങുകയും കാലക്രമേണ അസ്ഥികളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു'- ഡോ. എസ്. ഡി. അബ്രോൾ പറയുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡിയുടെ പ്രാധാന്യം:
എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം മാത്രം പോരാ എന്നാണ് ഡോ. എസ്. ഡി. അബ്രോൾ പറയുന്നത്. ശരീരത്തിൽ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി ആവശ്യമാണ്. 'വിറ്റാമിൻ ഡി കാത്സ്യം അസ്ഥികളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും അവയെ ശക്തമായി നിലനിർത്തുകയും ചെയ്യുന്നു'- ഡോ. എസ്. ഡി. അബ്രോൾ കൂട്ടിച്ചേര്‍ത്തു. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും നല്ല ഉറവിടം. അതുപോലെ കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ഫോർട്ടിഫൈഡ് പാലുൽപ്പന്നങ്ങൾ, മഷ്റൂം തുടങ്ങിയ ഭക്ഷണങ്ങളിലും നിന്നും അവ ലഭിക്കും.
Also read: സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാത സാധ്യത തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍