Fatty Liver Disease: അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ

പലപ്പോഴും കരള്‍ പൂര്‍ണമായും പണിമുടക്കി തുടങ്ങുമ്പോള്‍ മാത്രമാണ് ശരീരം അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക. നാം ആരോഗ്യകരമെന്ന് വിചാരിച്ച് ചെയ്യുന്ന പലതും കരളിനെ ദോഷകരമായി ബാധിക്കാറുണ്ട്. 

Alcoholic and Nonalcoholic Fatty Liver Diseases causes  symptoms and treatment

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക, വിവിധ പോഷകങ്ങളുടെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക, ധാതുക്കളും വിറ്റാമിനുകളും ശേഖരിച്ച് വയ്ക്കുക എന്നിങ്ങനെ നിരവധി ജോലികളാണ് കരള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്. പലപ്പോഴും കരള്‍ പൂര്‍ണമായും പണിമുടക്കി തുടങ്ങുമ്പോള്‍ മാത്രമാണ് ശരീരം അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക. നാം ആരോഗ്യകരമെന്ന് വിചാരിച്ച് ചെയ്യുന്ന പലതും കരളിനെ ദോഷകരമായി ബാധിക്കാറുണ്ട്. 

കരളിന്റെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ഫാറ്റി ലിവറിന് ഇടയാക്കുക. എന്നാല്‍ ജനിതക ഘടകങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളും ഫാറ്റി ലിവറിന് ഇടയാക്കാറുണ്ട്. ഫാറ്റി ലിവറിന്റെ തുടക്കം മുതല്‍ ശരീരം കാണിച്ചുതരുന്ന ലക്ഷങ്ങള്‍ നാം അവഗണിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കായിരിക്കും ഇത് ഇടയാക്കുക. 

Latest Videos


അപകടകാരിയോ ഫാറ്റി ലിവര്‍?

കരള്‍ ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ കൊഴുപ്പിന്റെ ഉപാപചയം കാര്യക്ഷമമായി നടക്കുന്നു. എന്നാല്‍ ഫാറ്റി ലിവര്‍ ബാധിച്ച അവസ്ഥയില്‍ കൊഴുപ്പിന്റെ ഉപാപചയം തടസ്സപ്പെടുകയും കോശങ്ങളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുകയും ചെയ്യും. പ്രാരംഭഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെടില്ലെങ്കിലും ക്രമേണ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ഇന്‍ഫ്‌ലമേഷന്‍, ലിവര്‍ സിറോസിസ് എന്ന് തുടങ്ങി ലിവര്‍ കാന്‍സറിലേക്ക് വരെ ഫാറ്റി ലിവര്‍ നയിച്ചേക്കാം. 

ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണുള്ളത്. 

1.  ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ( AFLD): അമിതമായ മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗമാണിത്. അമിതമായ മദ്യപാനം  കരളില്‍ സാധാരണ ഗതിയില്‍ നടക്കുന്ന കൊഴുപ്പിന്റെ ഉപാപചയം തടസപ്പെടുത്തുന്നു. ഇത് കരളിന്റെ കോശങ്ങളില്‍ ധാരാളമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു. കാലക്രമേണ ഇത് കരളിന്റെ കോശങ്ങളെ നശിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യും. വയര്‍ വേദന, വയര്‍ വീര്‍ക്കല്‍, ശരീരഭാരം കുറയുക, കാലുകളിലെ നീര്, ചര്‍മത്തിലും കണ്ണിലുമുണ്ടാകുന്ന മഞ്ഞനിറം ഇവയെല്ലാം ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വ്യായാമവും ഭക്ഷണനിയന്ത്രണവുമടക്കം ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ ഫാറ്റി ലിവറിനെ നിയന്ത്രിച്ച് നിര്‍ത്താനാകും.

2. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ( NAFLD) : മദ്യപാനം മൂലമല്ലാതെ ജീവിതശൈലി, ജനിതകമായ പ്രത്യേകതകള്‍, പൊണ്ണത്തടി തുടങ്ങി വിവിധകാരണങ്ങളും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. പ്രമേഹം, അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ അമിത ഉപയോഗം, വ്യായാമം ഇല്ലായ്മ തുടങ്ങി വിവിധ ശീലങ്ങള്‍ ഫാറ്റി ലിവറിലേക്ക് നയിക്കാം. മദ്യപാനത്തേക്കാള്‍ ഉപരിയായി അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വൈകി മാത്രം രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നതിനാല്‍ പ്രമേഹം, അമിതവണ്ണം തുടങ്ങിയ അവസ്ഥകളുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തുകയാണ് അഭികാമ്യം. ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനായാല്‍ കരളിന്റെ ആരോഗ്യത്തെ പൂര്‍ണമായും തിരിച്ചുപിടിക്കാനാകും. 

പിന്തുടരാം ആരോഗ്യകരമായ ജീവിതശൈലി

ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവയിലൂടെ ഫാറ്റിലിവറിനെ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസവും ചുരുങ്ങിയത് 40 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കി വയ്ക്കണം. അമിതവണ്ണമുള്ളവരാണെങ്കില്‍ ശരീരഭാരം ക്രമേണ കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍, ധാന്യങ്ങള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സമീകൃത ആഹാരം കഴിക്കുകയെന്നത് പ്രധാനമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തവ, മധുരപാീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുകയോ നിയന്ത്രിച്ച് നിര്‍ത്തുകയോ ചെയ്യുക. പ്രഭാതനടത്തം, സൈക്ലിംഗ്, നീന്തല്‍, യോഗ തുടങ്ങിയ വ്യായാമങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കാം. അമിതമായ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിന്റെ ആരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ശീലങ്ങളും ജീവിതശൈലിയുടെ ഭാഗമാക്കണം.

ശ്രദ്ധിക്കാം ഭക്ഷണവും 

പഴങ്ങള്‍, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, ആരോഗ്യമുള്ള കൊഴുപ്പ് തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം ശീലമാക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം  ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ചീര, കെയ്ല്‍ തുടങ്ങി പച്ചിലക്കറികള്‍ ശീലമാക്കാം. ആന്റി ഓക്‌സിഡന്റ്‌സ്, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. കരളിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ചെറുമത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വാള്‍നട്ട്, ചിയാസീഡ്, ഫ്‌ലാക്‌സീഡ്, ബദാം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

vuukle one pixel image
click me!