പ്രമേഹരോഗിയായ പതിനെട്ടുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; പരാതിയുമായി മാതാപിതാക്കള്‍...

By Web Team  |  First Published Jul 12, 2020, 8:08 PM IST

പ്രമേഹരോഗികളില്‍ കൊവിഡ് 19, 12 മടങ്ങ് കൂടുതല്‍ മരണസാധ്യതയുണ്ടാക്കുന്നതായി നേരത്തെ ഒരു പഠനം വന്നിരുന്നു. പ്രമേഹമുള്ളവരില്‍ കൊവിഡിനുള്ള ചികിത്സ നടത്തുന്നതിന് പ്രയാസങ്ങളുണ്ടെന്നും അതിനാലാണ് പ്രമേഹരോഗികള്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ മരണസാധ്യത കൂടുന്നതെന്നും ആരോഗ്യ വിദഗ്ധരും പലപ്പോഴായി വിശദമാക്കിയിരുന്നു


പൂര്‍ണ്ണ ആരോഗ്യമുള്ള ആളുകളെ സംബന്ധിച്ച് കൊവിഡ് 19 വലിയ അപകടഭീഷണികള്‍ ഉയര്‍ത്തുന്നില്ല. എന്നാല്‍ ചില അസുഖങ്ങളുള്ളവരില്‍ കൊവിഡ് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇതില്‍ പ്രധാനമാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ അത് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ നിരവധി പഠനങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു. 

സമാനമായൊരു സംഭവമാണ് ഇന്ന് കൊല്‍ക്കത്തയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രമേഹരോഗിയായ പതിനെട്ടുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. സുബ്രജിത് ഛഥോപാധ്യായ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 

Latest Videos

undefined

സാധാരണഗതിയില്‍ ഇത്രയും ചെറുപ്രായത്തില്‍ പ്രമേഹം പിടിപെടാറില്ല. വളരെ അപൂര്‍വ്വമായാണ് ഇത്തരം കേസുകള്‍ കാണാറുമുള്ളൂ. മരുന്ന് കൊണ്ടും ഡയറ്റുകൊണ്ടും മറ്റ് ജീവിതരീതികള്‍ കൊണ്ടുമെല്ലാം സശ്രദ്ധം നിയന്ത്രിച്ചുപോകേണ്ടിവരും ഇവര്‍ക്ക് പ്രമേഹം. എന്തായാലും സുബ്രജിത്തിന്റെ കാര്യത്തില്‍ വളരെ പെട്ടെന്നാണ് ആരോഗ്യനില മോശമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇതിനിടെ മൂന്നിടങ്ങളില്‍ നിന്നായി ചികിത്സ നിഷേധിക്കപ്പെട്ടതാണ് മകന്‍ മരിക്കാനിടയാക്കിയതെന്ന പരാതിയുമായി സുബ്രജിത്തിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച രാവിലെയാണ് സുബ്രജിത്തിന് ശ്വാസതടസം നേരിട്ടത്. തുടര്‍ന്ന് കമര്‍ഹട്ടിയിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഐസിയു ബെഡ് ഒഴിവില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞെന്നാണ് പിതാവ് പറയുന്നത്. പിന്നീട് അടുത്തുള്ളൊരു സ്വകാര്യ നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് കൊവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് ഫലം പൊസിറ്റീവാണെന്ന് കണ്ടതോടെ അവിടെയും ബെഡില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവത്രേ. 

അത്രയും സമയം തങ്ങള്‍ മകനുമൊക്കെ ആംബുലന്‍സില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിനെല്ലാം ശേഷം സാഗര്‍ ദത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചതായും അവിടെയും പ്രവേശിപ്പിച്ചില്ലെന്നും ഒടുവില്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റിലില്‍ (കെഎംസിഎച്ച്) എത്തിച്ചപ്പോഴും സമാന അനുഭവമായതോടെ അമ്മ ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് സുബ്രജിത്തിനെ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അവര്‍ മകനെ അകത്തുള്ള ഏതോ വാര്‍ഡില്‍ കിടത്തിയെന്നും അങ്ങോട്ട് തങ്ങളെ കടത്തിവിടാന്‍ അനുവദിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇടയ്ക്കിടെ മകന്റെ ആരോഗ്യവിവരം 'എന്‍ക്വയറി'യില്‍ പോയി ചോദിക്കുന്നുണ്ടായിരുന്നു. രാത്രി 9 30 ആയപ്പോള്‍ അവിടെ വച്ചാണ് മകന്‍ മരിച്ചുവെന്ന് അറിയുന്നത്.- ഇവര്‍ പറയുന്നു. 

സമയത്തിന് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ അജോയ് ചക്രബര്‍ത്തി അറിയിച്ചിട്ടുണ്ട്. 

പ്രമേഹരോഗികളില്‍ കൊവിഡ് 19, 12 മടങ്ങ് കൂടുതല്‍ മരണസാധ്യതയുണ്ടാക്കുന്നതായി നേരത്തെ ഒരു പഠനം വന്നിരുന്നു. പ്രമേഹമുള്ളവരില്‍ കൊവിഡിനുള്ള ചികിത്സ നടത്തുന്നതിന് പ്രയാസങ്ങളുണ്ടെന്നും അതിനാലാണ് പ്രമേഹരോഗികള്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ മരണസാധ്യത കൂടുന്നതെന്നും ആരോഗ്യ വിദഗ്ധരും പലപ്പോഴായി വിശദമാക്കിയിരുന്നു. 

Also Read:- പ്രമേഹമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ സംഭവിക്കുന്നത്; പുതിയ പഠനം പറയുന്നത്...

click me!