ക്‌ളാസിക് തീമിലുള്ള വിവാഹ അലങ്കാരങ്ങൾ : മെഴുകുതിരികൾ, ലിനൻ നാപ്കിനുകൾ, മൺകുടങ്ങൾ, നേർത്ത വെളിച്ചങ്ങൾ അങ്ങനെ തികച്ചും ക്‌ളാസ്സിക് ലുക്കിലുള്ള അലങ്കാരങ്ങൾ വിവാഹവേദികളിലേക്ക് തിരികെ വന്ന വർഷമാണ് 2019. ഇത് നമ്മുടെ ഇന്ത്യൻ സംസ്കാരത്തോട് യോജിച്ച് പോകുന്നതും, കാലാതീതമായ ഒരു ഫീൽ പകരുന്നതുമാണ്.
വിവാഹങ്ങൾ ബന്ധുമിത്രാദികളുടെ ഒത്തുകൂടലിന്റേതാണ്. അവിടെ പാട്ടും നൃത്തവുമുണ്ടാകും. ആഘോഷങ്ങളുടെ രാവാണത്, ചിലപ്പോഴൊക്കെ ആഡംബരങ്ങളുടെയും. എല്ലാ വർഷവും പുതിയ പുതിയ ചില ട്രെൻഡുകൾ വിവാഹങ്ങളിൽ കണ്ടുവരാറുണ്ട്. ഈ ട്രെൻഡുകൾ വിവാഹങ്ങളെ വേറിട്ടതാക്കും. ചിലപ്പോഴൊക്കെ വധൂവരന്മാർക്ക് ആഘോഷങ്ങളിൽ അവരുടെ കൈമുദ്രകൾ പഠിപ്പിക്കാനുള്ള അവസരവും വിവാഹവേളകൾ നൽകും. വിവാഹ ഫാഷനിൽ തുടങ്ങി അലങ്കാരപ്പണികളിൽ വരെ 2019-ൽ വന്നിട്ടുള്ള ഏറ്റവും പുതിയ ട്രെൻഡുകൾ ഇതാ...
പുതുമയുള്ള കടുത്ത നിറങ്ങൾ: സാധാരണ വിവാഹങ്ങളിൽ വധൂവരന്മാർ ചുവപ്പോ, ക്രിംസണോ നിറത്തിലുള്ള പുടവകളും കുർത്തകളും മറ്റുമാണ് ധരിക്കാറുള്ളത്. എന്നാൽ 2019 -ൽ വിവാഹവേദികളിൽ വിവിധവർണ്ണങ്ങളുടെ നിറക്കൂട്ടാണ് ദൃശ്യമായത്. റോയൽ ബ്ലൂവും, പച്ചയും, ബർഗണ്ടിയും ഒക്കെ ധരിച്ച് വധൂവരന്മാർ വിവാഹമണ്ഡപത്തിലേറുന്നു. വസ്ത്രങ്ങളിലെ കളർ സ്‌കീം അവർ അലങ്കാരങ്ങളിലും, പൂക്കളിലും, എന്തിന് ക്ഷണക്കത്തുകളിൽ വരെ നിലനിർത്തുന്ന കാഴ്ചയും നമ്മൾ 2019-ൽ കണ്ടു. ഈ ട്രെൻഡ് ഏറെ പുതുമയുള്ളതാണെന്നു മാത്രമല്ല, ഭാവനാവിലാസത്തിന് ഏറെ സാദ്ധ്യതകൾ പകരുന്നതുമാണ്.
undefined
ഡെസ്റ്റിനേഷൻ വെഡിങ്ങുകൾ: ഏതെങ്കിലും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോയി, അവിടെവെച്ച് വിവാഹിതരാകുന്ന രീതിയാണ് ഡെസ്റ്റിനേഷൻ വെഡിങ്. 2018-ൽ നിരവധി സെലിബ്രിറ്റികൾ വിദേശരാജ്യങ്ങളിൽ പോയി വിവാഹിതരായപ്പോൾ, 2019-ൽ നിരവധി പേർ ആ ട്രെൻഡ് പിന്തുടർന്ന് വിദേശങ്ങളിലേക്ക് പോയി. ദക്ഷിണ പൂർവ ഏഷ്യയിലെയും യൂറോപ്പിലെയും സ്ഥലങ്ങളാണ് വിവാഹപ്പാർട്ടികളുടെ ഇഷ്ട ലക്ഷ്യസ്ഥാനങ്ങൾ. ഈ ഒരു ട്രെൻഡ് ഇനിയും കുറേക്കാലത്തേക്കുകൂടി ഉണ്ടാകും എന്ന് കരുതാം.
നാച്വറൽ മേക്ക് അപ്പ്: ഇന്നും നല്ല കനത്തിൽ മേക്കപ്പും ഇട്ട്, തിളങ്ങുന്ന ഐ ഷാഡോ പുരട്ടി, കൃത്രിമമായ കൺപീലികൾ വരെ പിടിപ്പിച്ച് വരാൻ ഇഷ്ടപ്പെടുന്നവരുണ്ടെങ്കിലും, പലരും മിനിമലായ പ്രകൃത്യാധിഷ്ഠിത മേക്ക് അപ്പിലേക്ക് ചേക്കേറിക്കഴിഞ്ഞു. നാച്വറൽ ടോണുകൾ മതി എന്നുറപ്പിച്ച്, സ്വാഭാവിക സൗന്ദര്യത്തെ മാത്രം മുന്നോട്ടുവെച്ച്, അവർ ആത്മവിശ്വാസത്തോടെ വിവാഹിതരാകാൻ പോയിത്തുടങ്ങിയിട്ടുണ്ട് ഇക്കൊല്ലം.
ക്‌ളാസിക് തീമിലുള്ള വിവാഹ അലങ്കാരങ്ങൾ: മെഴുകുതിരികൾ, ലിനൻ നാപ്കിനുകൾ, മൺകുടങ്ങൾ, നേർത്ത വെളിച്ചങ്ങൾ അങ്ങനെ തികച്ചും ക്‌ളാസ്സിക് ലുക്കിലുള്ള അലങ്കാരങ്ങൾ വിവാഹവേദികളിലേക്ക് തിരികെ വന്ന വർഷമാണ് 2019. ഇത് നമ്മുടെ ഇന്ത്യൻ സംസ്കാരത്തോട് യോജിച്ച് പോകുന്നതും, കാലാതീതമായ ഒരു ഫീൽ പകരുന്നതുമാണ്.
ഇക്കോ ഫ്രണ്ട്ലി വെഡിങ്ങുകൾ: കഴിയുന്നത്ര പരിസ്ഥിതിസൗഹൃദമായ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതും 2019-ലെ ഒരു ട്രെൻഡാണ്. ചില വിവാഹങ്ങളിൽ ഹരിത പ്രോട്ടോക്കോൾ വരെ നടപ്പിലാക്കപ്പെട്ടു. ചില വിവാഹങ്ങളിൽ പാർട്ടികൾ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് ബാക്കിവരുന്ന ഭക്ഷണം അനാഥാലയങ്ങൾക്കും മറ്റും ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ചടങ്ങിൽ ഭക്ഷണം പാഴാക്കുന്നതിന് തടയിടാൻ അവർക്ക് കഴിഞ്ഞു. ചിലർ തങ്ങളുടെ വിവാഹങ്ങളിലെ അതിഥികളോട് സമ്മാനമായി ചാരിറ്റി സംഘടനകൾക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ മനുഷ്യത്വത്തിന്റെ പ്രകാശനവേദികളായി വിവാഹമണ്ഡപങ്ങൾ മാറി.
ഇന്റിമേറ്റ് വിവാഹങ്ങൾ: വിവാഹങ്ങൾക്ക് സാധാരണ നാട്ടിൽ എല്ലാവരെയും വിളിക്കുക പതിവാണ്. എന്നാൽ 2019-ൽ അത് ഏറ്റവും അടുത്ത ബന്ധുക്കളായ ചിലരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള വളരെ ഇന്റിമേറ്റ് ആയ ചടങ്ങായി മാറി. അത് വിവാഹത്തിന്റെ ബജറ്റിൽ കാര്യമായ കുറവുവരുത്തി. അങ്ങനെ വിവാഹധൂർത്തിലും കാര്യമായ കുറവുണ്ടായി. ഏറ്റവും അടുത്ത ബന്ധമുള്ളവരെ മാത്രം ക്ഷണിക്കുന്നതിനു പിന്നിൽ ചെലവ് ചുരുക്കുക എന്ന ചിന്തമാത്രമല്ല, വിവാഹമെന്നത് ഏറ്റവും അടുപ്പമുള്ളവരുമായി മാത്രം പങ്കുവെക്കുന്ന ഒരു സന്തോഷമായി ചുരുക്കുക എന്ന ഉദ്ദേശ്യം കൂടി അതിനുണ്ട്.