കൊട്ടിക്കലാശം കഴിഞ്ഞു; ഇന്ന് നിശബ്ദം, നാളെ പോളിംഗ് ബൂത്തിലേക്ക്

First Published | Apr 25, 2024, 9:25 AM IST

2024 ലെ ലോക സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കും. ഇന്നലെ വൈകീട്ട് ആവേശകരമായ കൊട്ടിക്കലാശമായിരുന്നു കേരളത്തിലെ 20 മണ്ഡലങ്ങളിലായി നടന്നത്. വിവിധ മണ്ഡലങ്ങളില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാര്‍ പകര്‍ത്തിയ പ്രചാരണത്തിന്‍റെയും കൊട്ടിക്കലാശത്തിന്‍റെയും ചിത്രങ്ങള്‍ കാണാം. 

40 ദിവസം നീണ്ട പരസ്യ പ്രചരണം ഇന്നലെ വൈകീട്ടോടെ കേരളത്തില്‍ അവസാനിച്ചു. ഇനി 24 മണിക്കൂര്‍ നീളുന്ന നിശബ്ദ പ്രചാരണം. നാളെ രാവിലെയോടെ കേരളം പുതിയ കേന്ദ്രമന്ത്രിസഭയുടെ വിധി എഴുതിത്തുടങ്ങും. 

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. 2.77 കോടി വോട്ടർ 25,231 ബൂത്തുകളിലായി കേരളത്തില്‍ വോട്ട് രേഖപ്പെടുത്തും. 

Latest Videos


കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ സ്വന്തമാക്കി യുഡിഎഫ് നേടിയ അപ്രമാതിത്വം ഇത്തവണയും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 'കനലിലെ തീപ്പൊരി ഊതി തീ'യാക്കി കൂടുതല്‍ സീറ്റ് നേടാന്‍ എല്‍ഡിഎഫും കഠിന പ്രയത്നത്തിലാണ്. 

ഇത്തവണ കേരളത്തില്‍ താമര വിരിയിക്കുമെന്ന വാശിയിലാണ് മൂന്നാം മുന്നണിയായ എൻഡിഎ. രണ്ട് അക്കം നേടുമെന്ന് കേന്ദ്ര നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരക്കം എങ്കിലും നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി.

അവസാന ദിനത്തിലെ പ്രിയങ്കാ ഗാന്ധിയുടെ വരവ് വോട്ട് ആകുമോയെന്ന് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നു. വരുന്ന മണിക്കൂറുകളില്‍ തങ്ങളുടെ സീറ്റുകള്‍ ഉറപ്പിക്കാനുള്ള തന്ത്രങ്ങളിലാണ് മുന്നണികൾ. 

തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു.  നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 

സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാനത്ത് 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചു. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സമയമുണ്ട്.  ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്ന് കൂടി പ്രവർത്തിക്കും.

രാജ്യത്ത് ഘട്ടം ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കൊടുവില്‍ ജൂൺ നാലിന് വോട്ടെണ്ണി രാജ്യത്തെ അടുത്ത ഭരണകക്ഷിയെ പ്രഖ്യാപിക്കും വരെ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും കണക്ക് കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും ദിനങ്ങള്‍. 

click me!