നേതാക്കളും ജനങ്ങളും രാവിലെ മുതല്‍ ബുത്തുകളിലേക്ക്; വോട്ടെടുപ്പ് ദിന ചിത്രങ്ങള്‍ കാണാം

First Published | Apr 26, 2024, 12:37 PM IST

ഇന്ത്യയില്‍ ഇന്ന് രണ്ടാം ഘട്ട ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളം അടക്കം 13 സ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്തികളുടെ വിധി നിര്‍ണ്ണയമാണ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ വേട്ടെടുപ്പ്.  വിവിധ പ്രദേശങ്ങളില്‍ നിന്ന് പരാതികള്‍ ഉയരുന്നുണ്ടെങ്കിലും രാവിലെ ഏഴ് മണിക്ക് തന്നെ കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വിവിധ പാര്‍ട്ടികളുടെ നേതാക്കളെല്ലാവരും രാവിലെ തന്നെ അവരവരുടെ ബൂത്തുകളില്‍ വേട്ട് രേഖപ്പെടുത്തി. ഇടമലക്കുടി അടക്കമുള്ള ആദിവാസി മേഖലകളിലും രാവിലെ തന്നെ ശക്തമായ വോട്ടിഗാണ് രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് ക്യാമറാമാന്മാര്‍ വിവിധ ബൂത്തുകളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

പിണറായി ആർസി അമല ബേസിക് യു പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് അവകാശപ്പെട്ട പിണറായി വിജയന്‍ ബിജെപിക്ക് പൂജ്യമുണ്ടാകുമെന്നും മറ്റൊന്നും ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

(ഇടമലക്കുടിലെ അനിത എന്ന വോട്ടർ കൈക്കുഞ്ഞിനൊപ്പം ട്രൈബൽ യു പി സ്‌കൂളിലെ 30 ആം നമ്പർ ബൂത്തിൽ വോട്ടു ചെയ്യുന്നു. )

ജനരോഷത്തില്‍ എല്‍ഡിഎഫും ബിജെപിയും തകരുമെന്നും കേരളത്തില്‍ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് നേടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി, തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളില്‍ വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos


പോളിംഗ് പുരോഗമിക്കുമ്പോഴും പരാതികള്‍ക്ക് കുറവില്ല. കേരളത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ജഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കളക്ടർക്ക് പരാതി നൽകി. 

ഇതിനിടെ രാവിലെ തന്നെ പത്തനംതിട്ടയിലും ഇരുട്ടിയിലും കള്ളവോട്ടും ഇരട്ടവേട്ടും പിടികൂടി. പത്തനംതിട്ടയില്‍ വോട്ടിംഗ് മെഷീനില്‍ താമര ചിഹ്നത്തിന് വലുപ്പം കൂടുതലാണെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആൻറണി രംഗത്തെത്തി. താമര ചിഹ്നം വളരെ വലുതായും  മറ്റുചിഹ്നങ്ങൾ മങ്ങിയാണെന്നാണ് പരാതി. എറണാകുളത്തും ഈ പ്രശ്നമുണ്ടെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു. 

കോഴിക്കോട് പോളിംഗ് ദിവസമുയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ ഇതിനിടെ അറിയിച്ചു. നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്നതായിരുന്നു വോട്ടറുടെ പരാതി. തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായിരുന്നു. 

ഇന്ന് കേരളത്തിലടക്കം 13 സംസ്ഥനങ്ങളിലായി 88 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 1202 സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ ആര് തെഞ്ഞെടുപ്പക്കണെന്ന് തീരുമാനിക്കാനായി 1.67 ലക്ഷം പോളിംഗ് ബൂത്തുകളിലേക്ക് 15.88 കോടി വോട്ടര്‍മാരെത്തും. 

സുരക്ഷയുടെ കാര്യത്തിലും ഈ തെരഞ്ഞെടുപ്പ് മുന്നിലാണ്. ഒരു ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളില്‍ വെബ്‌കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. 251 നിരീക്ഷകരാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവരില്‍ 89 പേര്‍ ജനറല്‍ നിരീക്ഷകരും 53 പേര്‍ പൊലീസ് നിരീക്ഷകരും 109 പേര്‍ ചിലവുകള്‍ നിരീക്ഷിക്കാന്‍ വേണ്ടിയിരുള്ള നിരീക്ഷകരുമാണ്.

4,553 ഫ്ലൈയിംഗ് സ്‌ക്വാഡുകളെയും 5,371 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും 1,462 വീഡിയോ സര്‍വൈലന്‍സ് ടീമുകളെയും 877 വീഡിയോ നിരീക്ഷണ ടീമുകളെയും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് വിന്യസിച്ചു. 1,237 അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളും 263 രാജ്യാന്തര ചെക്ക് പോസ്റ്റുകളും വഴിയുള്ള നിരീക്ഷണവും ശക്തം. 

ഇതിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി.ആർ.മഹേഷ് എം എൽ എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി പി എം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. 

കാലാവസ്ഥാ വ്യതിയാനം മൂലം ശക്തമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചെന്ന് രാവിലെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനും മലപ്പുറം തിരൂരിൽ നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയുമാണ് മരിച്ചത്. ഇരുവരും വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 

click me!