ബഡ്ജറിഗര്‍ (Budgerigar) എന്ന പേരിന്‍റെ ഉത്ഭവം വ്യക്തമല്ല. എങ്കിലും 1805-ലാണ് ഇവയെ ആദ്യമായി രേഖപ്പെടുത്തിയത്. വലിപ്പം കുറഞ്ഞതും വിലക്കുറവും മനുഷ്യന്‍റെ ശബ്ദം അനുകരിക്കാനുള്ള കഴിവും കാരണം ബഡ്ജറിഗറുകൾ ലോകമെമ്പാടും ജനപ്രിയ വളർത്തുമൃഗങ്ങളാക്കി മാറ്റി. വളർത്തു നായയും പൂച്ചയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വളർത്തുമൃഗങ്ങളിൽ ഇവ മൂന്നാമതാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
19 -ാം നൂറ്റാണ്ട് മുതൽ ഇവയെ മനുഷ്യന്‍ കൂട്ടിലടച്ച് വളര്‍ത്താന്‍ തുടങ്ങി. ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വരണ്ട ഭാഗങ്ങളിൽ ഇവയെ വന്യമായി കാണപ്പെടുന്നു. ഓസ്ട്രേലിയയില്‍ ഏതാണ്ട് അഞ്ച് ദശലക്ഷം വർഷത്തിലേറെയായി ഇവ കഠിനമായ ഉൾനാടൻ അവസ്ഥകളെ അതിജീവിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വലിയൊരു കൂട്ടം ബഡ്ജറിഗറുകളെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈൽഡ് ബഡ്ജറിഗറുകൾക്ക് ശരാശരി 18 സെ.മീ നീളവും, 30-40 ഗ്രാം ഭാരവുമാണ് ഉണ്ടാവുക. ചിറകുവിരിച്ചാല്‍ ഇവയ്ക്ക് 30 സെ.മീ നീളം തോന്നും. ഇളം പച്ച നിറത്തിലുള്ളവയാണ് കൂടുതലായും കാണപ്പെടുന്നതെങ്കിലും നിറവ്യത്യാസങ്ങളുള്ള നിരവധി ബഡ്ജറിഗറുകളെ കാണാം. അവയുടെ കൊക്കുകളുടെ മുകൾ പകുതി താഴത്തെ പകുതിയേക്കാൾ അല്പം നീളം കൂടിയവയാണ്. കൊക്കുകള്‍ അടഞ്ഞിരിക്കുമ്പോൾ അടിഭാഗം പൂര്‍ണ്ണമായും മൂടുന്നു.
കൊക്കുകളുടെ ഈ പ്രത്യേകത പക്ഷികളെ സസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷിക്കാൻ സഹായിക്കുന്നു. ബഡ്ജറിഗറുകൾ പൊതുവേ നാടോടികളാണ്. പാരിസ്ഥിതിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ആട്ടിൻകൂട്ടങ്ങളെ പോലെ അവ പുതിയ പ്രദേശത്തേക്ക് ചേക്കേറുന്നു. എങ്കിലും തുറന്ന ആവാസവ്യവസ്ഥയാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം. ഓസ്‌ട്രേലിയയിലെ കുറ്റിച്ചെടികള്‍ നിറഞ്ഞ തുറസായ വനപ്രദേശങ്ങൾ, പുൽമേടുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണാന്‍ കഴിയുന്നത്.
പക്ഷികൾ സാധാരണയായി ചെറിയ ചെറിയ കൂട്ടങ്ങളായാണ് കാണപ്പെടുന്നത്. എന്നാല്‍, അനുകൂല സാഹചര്യം വന്നാല്‍ ഇവയുടെ എണ്ണം ആയിരക്കണക്കിനായി ഉയരും. ധാനമായും ഭക്ഷണം, വെള്ളം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവയുടെ സഞ്ചാരം. ഇവ പ്രധാനമായും വിത്തുകള്‍ (ഗോതമ്പ്, നെല്ല്) ചെറു പഴങ്ങള്‍, ചില സസ്യങ്ങളുടെ ഇളം തണ്ടുകള്‍, എന്നിവയാണ് പ്രധാനമായും ഭക്ഷിക്കുന്നത്.
ഓസ്ട്രേലിയയ്ക്ക് പുറത്ത് ഇത്രയും വലിയൊരു കൂട്ടം ബഡ്ജറിഗറിനെ കണ്ടെത്തിയിട്ടുള്ളത് അമേരിക്കയിലെ ഫ്ലോറിഡയിലെ സെന്‍റ് പീറ്റേഴ്‌സ്‌ബർഗിന് സമീപത്താണ്. എന്നാല്‍, യൂറോപ്യൻ നക്ഷത്രക്കുരുവികളിൽ നിന്നും വീട്ടു കുരുവികളിൽ നിന്നും മത്സരം നേരിടേണ്ടിവന്നതോടെ 1980-കളിൽ ഫ്ലോറിഡയിലെ ഇവയുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി.
ഫ്ലോറിഡയിലെ കൂടുതൽ സ്ഥിരതയുള്ളതും വർഷം മുഴുവനുമുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ അവയുടെ നാടോടി സ്വഭാവത്തെ പരിമിതപ്പെടുത്തി. പ്യൂർട്ടോ റിക്കോയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും വിവിധ സ്ഥലങ്ങളിൽ ഈ ഇനത്തെ മുമ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുരുഷ ബഡ്ജറിഗറുകൾക്കിടയിൽ സ്വവർഗ ലൈംഗിക പെരുമാറ്റത്തിന് തെളിവുകളുണ്ട്. "കോർട്ട്‌ഷിപ്പ് പ്രാക്ടീസ്" (courtship practice) എന്ന നിലയിലാണ് അവർ ഇത് ചെയ്യുന്നതെന്ന് കരുതുന്നു. മരങ്ങൾ, വേലി അല്ലെങ്കിൽ നിലത്തു കിടക്കുന്ന തടികൾ എന്നിവയിലെ ദ്വാരങ്ങളിലാണ് ഇവ പ്രധാനമായും കൂടുകൾ നിർമ്മിക്കുന്നത്. നാല് മുതൽ ആറ് വരെ മുട്ടകൾ ഇടുന്ന ഇവ 18-21 ദിവസത്തേക്ക് അടയിരിക്കുന്നു. കുഞ്ഞുങ്ങൾ വിരിഞ്ഞ് ഏകദേശം 30 ദിവസങ്ങൾക്ക് ശേഷം അവ പറന്നിറങ്ങുന്നു.
അമേരിക്കൻ കാമിൽ ജോർദാന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന പുരുഷ ബഡ്ജറിഗറായ, 1994-ൽ മരിച്ച പക്ക്, 1,728 വാക്കുകളാണ് ഉച്ചരിച്ചിരുന്നത്. ഈ പക്ഷിയാണ് ഏതൊരു പക്ഷിയും സംസാരിക്കുന്ന ഏറ്റവും വലിയ പദാവലിയുടെ ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. 2013-മുതല്‍ 2015 വരെ, ഇന്‍റർനെറ്റിൽ പ്രശസ്തനായ ബഡ്ജറിഗർ ആയിരുന്നു "ഡിസ്കോ".
2021-ലെ കണക്കനുസരിച്ച്, ഡിസ്കോയുടെ യൂറ്റൂബ് ചാനല്‍ 2,24,81,975 തവണയാണ് കണ്ടത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ മാകോംബ് കൗണ്ടിയിലെ ബ്രൂസ് ടൗൺഷിപ്പിലെ 25 ഏക്കർ ഫാമിൽ നിന്ന് 500 തത്തകളെ മോചിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.